കൊല്ലം: കൊല്ലം - തിരുവനന്തപുരം തീരദേശ പാതയിൽ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയിൽ. തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ തെന്മലയിൽ നിന്നാണ് ആശിഷിനെ പിടികൂടിയത്. തെക്കുംഭാഗം ബീച്ചിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് 44 കാരിയായ ഷംലയും 21 വയസ്സുള്ള മകൻ സാലുവും ആക്രമിക്കപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.

ഏഴുകോൺ ചീരങ്കാവ് സ്വദേശികളായ ഷംലയ്ക്കും മകൻ സാലുവിനും അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം ആശിഷിൽ നിന്ന് നേരിടേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഷംലയുടെ ചികിൽസ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. റോഡരികിൽ വാഹനം നിർത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകനെയും ക്രൂരമായി ആക്രമിച്ചത്.

യാത്രയ്ക്കിടെ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികിൽ വാഹനം നിർത്തി. ഈ സമയത്താണ് ഇയാൾ എത്തി ഇവർക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്.

രക്തം കട്ടപിടിക്കാത്ത രോഗത്തിന് 16 വർഷമായി ഷംല മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞദിവസം പരിശോധനയ്ക്ക് ഇരുവരും കാറിൽപ്പോയി മടങ്ങിവരുമ്പോഴാണ് ആക്രമണമുണ്ടായത്. ഊണുവാങ്ങി കാറിൽവെച്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് ഒരു യുവാവ് ഇവരുടെ അടുത്തേക്കെത്തിയത്. അസഭ്യം പറഞ്ഞ് സാലുവിനെ കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. ഇതു തടയാൻ ശ്രമിച്ച ഷംലയുടെ കഴുത്തിൽ പിടിച്ചുതള്ളുകയും നിലത്തിട്ടുചവിട്ടുകയും കമ്പിവടികൊണ്ട് അടിക്കുകയും ചെയ്തു.

അമ്മയും മകനുമാണെന്ന് പറഞ്ഞപ്പോൾ അതിന് തെളിവ് ആവശ്യപ്പെട്ടു. തുടർന്ന് ആശിഷ് ഇരുവരെയും കമ്പിവടി കൊണ്ട് അടിക്കുകയും വാളുകൊണ്ട് വെട്ടുകയും ചെയ്തു.നാട്ടുകാർ ഏറെപേർ അക്രമം കണ്ടുനിന്നെങ്കിലും ആരും ഇടപെട്ടില്ല. പ്രാണരക്ഷാർത്ഥം പരവൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു ഇരുവരും.

ഷംലയും സാലുവും പരവൂർ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചശേഷം നെടുങ്ങോലം താലൂക്കാശുപത്രിയിലും പിന്നീട് പെരുമ്പുഴ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. ചൊവ്വാഴ്ച രാവിലെ പരവൂർ എ.സി.പി.യെ ഫോണിൽ ബന്ധപ്പെട്ടതോടെയാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ആശിഷ് അമ്മയ്ക്കും മകനുമെതിരെ കള്ളക്കേസ് നൽകാനും ശ്രമിച്ചു. ഇരുവരും സഞ്ചരിച്ച വണ്ടിയിടിച്ച് ആട് ചത്തെന്ന പരാതിയുമായി ആശിഷിന്റെ സഹോദരി പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും കള്ളപ്പരാതിയാണിതെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. പ്രതി തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമം നടത്തുന്നുവെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആശിഷിനെ പിടികൂടിയത്.

പ്രദേശത്ത് എത്തുന്നവർക്ക് നേരെ സദാചാര ആക്രമണം നടത്തുന്നത് ആശിഷിന്റെ സ്ഥിരംപരിപാടിയാണെന്നും ബീച്ചിൽ എത്തുന്ന വിദ്യാർത്ഥിനികളെ ഭീഷണിപ്പെടുത്തി പണവും സ്വർണം കൈവശപ്പെടുത്തുന്നതും ഇയാളാണെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.