മൂന്നാർ: അശ്ലീലപരാമർശം നടത്തിയ മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ടു സമരം നടത്തുന്ന പെമ്പിളൈ ഒരുമൈ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി, കൗസല്യ എന്നിവരുടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് പൊലീസ് ബലംപ്രയോഗിച്ച് നീക്കിയത്. തുടർന്ന് ഇവരെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി വ്യക്തമാക്കി.

ആശുപത്രിയിലെത്തിച്ചു ഡ്രിപ്പ് നൽകാനുള്ള ശ്രമത്തെ ഇവർ തടഞ്ഞു. മൂന്നാറിലേക്കു തിരികെ കൊണ്ടു പോകണമെന്നാണ് സമരക്കാരുടെ ആവശ്യം.ഗോമതിക്കും കൗസല്യയ്ക്കും പകരം മറ്റൊരു നേതാവായ വിജയ സത്യാഗ്രഹം ആരംഭിച്ചു. അഞ്ചു ദിവസം മുമ്പാണ് പെമ്പിളൈ ഒരുമൈ നേതാക്കൾ നിരാഹാര സമരം ആരംഭിച്ചത്. നിരാഹാര സമരം നടത്തിയിരുന്ന രാജേശ്വരിയെ രാവിലെ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

ഗോമതിയെയും കൗസല്യയെയും പൊലീസ് നീക്കംചെയ്യാൻ എത്തിയപ്പോൾ നാടകീയരംഗങ്ങളാണ് സമരവേദിയിൽ അരങ്ങേറിയത്. പൊലീസ് നിർബന്ധിച്ച് വലിച്ചിഴച്ചാണ് ഇരുവരെയും വാഹനത്തിൽ കയറ്റിയത്. ആശുപത്രിയിലേക്കു നീക്കുക വഴി സമരം പൊളിക്കാനാണ് സർക്കാർ ശ്രമമെന്ന് പെമ്പിളൈ ഒരുമൈ പ്രവർത്തകർ ആരോപിച്ചു. ആശുപത്രിയിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെ ഗോമതി ആംബുലൻസിൽ നിന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.

സമരക്കാർക്കു പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിലുണ്ടായിരുന്ന കോൺഗ്രസ്, ആം ആദ്മി നേതാക്കളുടെ എതിർപ്പിനെ മറികടന്നായിരുന്നു പൊലീസ് നടപടി. ഇവിടെ കനത്ത പൊലീസ് കാവൽ തുടരുകയാണ്. വേണ്ടത്ര നടപടി ക്രമങ്ങൾ പാലിക്കാതെയാണ് പെമ്പിളൈ ഒരുമ സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. അറസ്റ്റ് ചെയ്യാൻ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

രാവിലെ രാജേശ്വരിയെ ആശുപത്രിയിലേക്കു നീക്കംചെയ്തതിരുന്നു. രാജേശ്വരിക്കു പകരം പെമ്പിളൈ ഒരുമൈ പ്രതിനിധി ശ്രീലതാ ചന്ദ്രൻ നിരാഹാരം തുടങ്ങി. ഗോമതിയെയും കൗസല്യയെയും രാവിലെ തന്നെ അറസ്റ്റ് ചെയ്തു മാറ്റാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. സമരം തുടരുമെന്ന തീരുമാനത്തിൽ ഇവർ ഉറച്ചു നിന്നു. ഉച്ചകഴിഞ്ഞ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുകയായിരുന്നു. സമരം അഞ്ചാം ദിവസത്തിലേക്കു സമരക്കാരുടെ ആരോഗ്യനില വഷളായതായി ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു.

പെമ്പിളൈ ഒരുമൈ പ്രവർത്തകരെ കൂടാതെ ആം ആദ്മി പാർട്ടിയും സമരരംഗത്തുണ്ട്. യുഡിഎഫും ബിജെപിയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകളും പിന്തുണയറിയിച്ചിട്ടുണ്ട്. സമരത്തിനു പിന്തുണയേറിയതോടെ ഒത്തുതീർപ്പു നീക്കങ്ങളുമായി സിപിഎമ്മും സജീവമാണ്.