കൊച്ചി: വിദ്യാർത്ഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിൽ അന്വേഷണം തുടരുന്നു. പിടിയിലായ ഇടനിലക്കാരൻ പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സലിന്റെ വീട്ടിൽ പരിശോധന നടത്തി. സർട്ടിഫിക്കറ്റ് കൈമാറിയ ഹൈദരാബാദ് സ്വദേശിയെ കണ്ടെത്താനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ടു പോകുകയാണ്.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നഫ്‌സലിനെ കഴിഞ്ഞ ദിവസം പിടികൂടിയത്. 90,000 രൂപ വീതം വാങ്ങി രണ്ടു വിദ്യാർത്ഥികൾക്ക് മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും മഹാരാഷ്ട്രയിൽനിന്നുള്ള പ്ലസ് ടു സർട്ടിഫിക്കറ്റും നൽകിയതിനാണ് നഫ്സലിനെ അറസ്റ്റ് ചെയ്തത്.

ലണ്ടനിൽ ഹോസ്റ്റൽ മെസ്സിൽ കുറച്ചു കാലം ജോലി ചെയതിരുന്നു. അവിടെ വച്ച് പരിചയപ്പെട്ട ഹൈദരാബാദ് സ്വദേശിയിൽ നിന്നുമാണ് വ്യാജ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹൈദരാബാദിൽ നിന്നും ഇയാൾക്ക് കൊറിയർ വഴി വന്ന സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് നേരിട്ട് കൈമാറുകയായിരുന്നു. 60,000 രൂപ ഹൈദരാബാദ് സ്വദേശിക്കും 30,000 രൂപ ഇയാൾക്കുമായിരുന്നു.

വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വേണമെന്ന് ഒരു സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പട്ടാമ്പി സ്വദേശികളായ മുഹമ്മദ് ഹാഷിർ (22), ഷഹിൻ (22), വാഴക്കുളം സ്വദേശി ഡിനോ (19), അത്താണിക്കൽ സ്വദേശിനി രഹന ബീഗം (24) എന്നിവരാണ് വ്യാജ സർട്ടിഫിക്കറ്റുമായി കഴിഞ്ഞ ദിവസം യു.കെ.യിലേക്ക് പഠന വിസയിൽ പോകാനെത്തിയത്. സംശയം തോന്നിയ ഇവരെ എമിഗ്രേഷൻ വിഭാഗം തടഞ്ഞ് പൊലീസിന് കൈമാറുകയായിരുന്നു. ഹാഷിറിന്റെ കൈവശം പ്ലസ്ടുവിന്റെയും ബി.കോമിന്റെയും വ്യാജ സർട്ടിഫിക്കറ്റുകളാണ് ഉണ്ടായിരുന്നത്.

90,000 രൂപയ്ക്കാണ് ഇവ സംഘടിപ്പിച്ചത്. ഷഹിന്റെ കൈവശമുണ്ടായിരുന്നതും വ്യാജ പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റുകളാണ്. ഇതും 50,000 രൂപ മുടക്കി വാങ്ങിയതാണ്. പ്ലസ്ടു പാസാവാത്ത ഡിനോ പ്ലസ് ടു സർട്ടിഫിക്കറ്റിന് നൽകിയത് 30,000 രൂപ. ബി.ബി.എ സർട്ടിഫിക്കറ്റിന് രഹനാ ബീഗം നൽകിയത് 40,000 രൂപ. കേരളത്തിനു പുറത്തെ യൂണിവേഴ്സിറ്റികളുടെ പേരിലുള്ളതായിരുന്നു ഡിഗ്രി സർട്ടിഫിക്കറ്റുകൾ. പ്ലസ്ടു സർട്ടിഫിക്കറ്റുകളും ഇതര സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്തിയിരുന്നു.

യു.കെ.യിലെ കിങ്സ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.എസ്സി. ഇന്റർനാഷണൽ ബിസിനസ് മാനേജ്മെന്റ് സ്റ്റഡീസിന് ചേരുന്നതിനാണ് ഇയാൾ വ്യാജ സർട്ടിഫിക്കറ്റ് നൽകിയത്.

വ്യാജ രേഖ ചമച്ച് ഫ്രാൻസിലേക്ക് കടക്കാൻ ശ്രമിച്ച യുവാവിനെതിരെയും നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. തൃശൂർ ചുവന്നമണ്ണ് കാരോത്ത് മംഗലത്ത് വീട്ടിൽ റിജോ വർഗിസിന് എതിരെയാണ് കേസെടുത്തത്. ബുധനാഴ്ച പുലർച്ചെ എത്തിഹാദ് വിമാനത്തിൽ പോകാനെത്തിയപ്പോഴാണ് പിടിയിലായത്.

രേഖകൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയ എമിഗ്രേഷൻ വിഭാഗം ഓഫ് ലോഡ് ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഹാജരാക്കിയ ഓഫറിങ് ലെറ്റർ വ്യാജമാണെന്ന് തെളിഞ്ഞത്.

പത്താം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള റിജോ ബൂസ്റ്റൺ കൺസൽട്ടിങ് ഗ്രൂപ്പ് എന്ന കമ്പനിയുടെ ലെറ്റർ വ്യാജമായി ഉണ്ടാക്കിയാണ് ടൂറിസ്റ്റ് വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചത്.
വ്യാജരേഖകൾ ഉപയോഗിച്ച് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും , ഇവരെ സഹായിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് എസ് പി കാർത്തിക് പറഞ്ഞു.

തുടർച്ചയായ ദിവസങ്ങളിൽ യു.കെ യിലേക്ക് പോകാനെത്തിയ ഏഴു വിദ്യാർത്ഥികളെയാണ് വ്യാജ സർട്ടിഫിക്കറ്റുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും എസ്‌പി. കെ. കാർത്തിക് പറഞ്ഞു.

നെടുമ്പാശ്ശേരി ഇൻസ്‌പെക്ടർ പി.എം. ബൈജു, സബ് ഇൻസ്‌പെക്ടർ അനീഷ് കെ. ദാസ്, എസ്.സി.പി.ഒ. മാരായ നവീൻ ദാസ്, ജിസ്മോൻ, കുഞ്ഞുമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.