ആലപ്പുഴ : ഈ മാസം 30ന് സംസ്ഥാനത്തെ മുഴുവൻ തീയറ്ററുകളിലും റിലീസാകാനിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ കട്ടൗട്ടിനെ ചൊല്ലി ആലപ്പുഴയിൽ ഫാൻസ് അസോസിയേഷനും ജില്ലാ പൊലീസും തമ്മിൽ കൊമ്പുകോർക്കുന്നു. ചിത്രം റെയ്ബാൻ സിനി ഹൗസിലും മറ്റു രണ്ടു തീയറ്ററുകളിലും പ്രദർശിപ്പിക്കാനാണ് ആലോചന.

ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ സ്റ്റാറിന്റെ പൂർണകായ ചിത്രം പതിച്ച കട്ടൗട്ട് പ്രധാന പ്രദർശനനഗരിയായ റെയ്ബാൻ സിനി ഹൗസിനു മുന്നിൽ സ്ഥാപിച്ചത്. തീയറ്ററിന് മുന്നിൽ വരാനിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന് സ്വാഗതമോതിയാണ് ഫാൻസ് സംഘം കട്ടൗട്ട് സ്ഥാപിച്ചത്. ഇത് പൊലീസ് നീക്കാൻ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

സൂര്യയുടെ സിങ്കം ത്രിയും വിജയുടെ ഭൈരവനും തീയറ്ററുകളിൽ നിറഞ്ഞാടുന്നതിനിടെ നായകന്മാരുടെ പടകൂറ്റൻ കൗട്ട് ഔട്ടുകൾ സ്ഥാപിച്ചപ്പോൾ പൊലീസിന് അനക്കമില്ലായിരുന്നുവെന്നും ഇപ്പോൾ മമ്മുട്ടി ചിത്രത്തിന്റെ പ്രചരണാർത്ഥം കട്ടൗട്ട് സ്ഥാപിച്ചത് പൊലീസ് ചോദ്യം ചെയ്യുന്നത് എന്തിനെന്നുമാണ് ഫാൻസ് അസോസിയേഷന്റെ ചോദ്യം. മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഇന്റർനാഷണൽ ആണ് ആലപ്പുഴ റെയ്ബാൻ സിനി ഹൗസിനു മുന്നിൽ സ്ഥാപിച്ച പടകൂറ്റൻ കട്ടൗട്ട് ഉയർത്തിയത്. നേരത്തെ സൂര്യയും വിജയും നിൽക്കുന്ന കട്ടൗട്ടുകൾ തീയറ്ററിന് മുന്നിൽ സ്ഥാപിച്ചിരുന്നു. അതേസ്ഥലത്തു തന്നെയാണ് മമ്മൂട്ടിയുടെ കട്ടൗട്ടും ഫാൻസുകാർ സ്ഥാപിച്ചത്.

ഇതിനെതിരെയാണ് തീയറ്ററിന് എതിർവശത്ത് വാടകയ്ക്ക് താമസിക്കുന്ന മുൻ പൊലീസ് ചീഫ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. റോഡിൽ അപകടങ്ങൾ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് കാട്ടിയാണ് പരാതി നൽകിയിട്ടുള്ളത്. നേരത്തെ ആലപ്പുഴയിലും പിന്നീട് വിവിധ ജില്ലകളിലും പൊലീസ് ചീഫായി പ്രവർത്തിച്ചിട്ടുള്ള കെഎൻ ബാൽ ഐപിഎസ് ആണ് പരാതിക്കാരൻ.

മുൻ പൊലീസ് മേധാവി ഇക്കാര്യത്തിൽ പൊലീസിന്റെയടുത്ത് നടപടിക്കു ശിപാർശയും ചെയ്തിട്ടുണ്ടെന്നും അതുകൊണ്ടാണ് കട്ടൗട്ട് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്ത് എത്തിയതെന്നുമാണ് ആക്ഷേപം. ഇദ്ദേഹത്തിന്റെ ഇടപെടലാണ് പൊലീസിനെ കട്ടൗട്ട് നീക്കം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

മമ്മൂട്ടിയെന്ന മഹാനടനെ അപമാനിക്കാനുള്ള പൊലീസിന്റെ ഏതു നീക്കവും നേരിടുമെന്ന് ഭാരവാഹികൾ പറയുന്നു. 50 അടി ഉയരത്തിൽ അരലക്ഷം രൂപ മുടക്കിയാണ് ഫാൻസ് കൂട്ടം ഈ കട്ടൗട്ട് സ്ഥാപിച്ചിട്ടുള്ളത്. പൊലീസും അസോസിയേഷനും തമ്മിൽ വാഗ്വാദം മുറുകുന്നതിനിടയിൽ ഡി വൈ എഫ് ഐ കട്ടൗട്ടിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുത്തു. ഇന്ന് രാവിലെ ഡി വൈ എഫ് ഐ പ്രവർത്തകർ മമ്മൂട്ടിക്ക് അഭിവാദ്യം അർപ്പിച്ച് മറ്റൊരു ബോർഡും സ്ഥാപിച്ചു കഴിഞ്ഞു.

നായകന്മാരുടെ കട്ടൗട്ടുകൾ പതിവായി സ്ഥാപിക്കുന്ന സ്ഥലത്ത് മമ്മൂട്ടിയുടെ ചിത്രം സ്ഥാപിച്ചപ്പോൾ അത് നീക്കം ചെയ്യാൻ ശ്രമിക്കുന്ന പൊലീസിന്റെയും മുൻ പൊലീസ് മേധാവിയുടെയും നീക്കത്തിൽ ദുരൂഹതയുണ്ടെന്നും ഫാൻസുകാർ ആരോപിക്കുന്നു. കട്ടൗട്ട് എന്തു വിലനൽകിയും സംരക്ഷിക്കുമെന്ന നിലപാടിലാണ് ഫാൻസ് കൂട്ടം. ഡിവൈഎഫ്‌ഐയും അതേ നിലപാടുമായി രംഗത്തെത്തിയതോടെ പൊലീസും ആശയക്കുഴപ്പത്തിലാണ്.