തിരുവനന്തപുരം: പൊലീസ് സേനയ്ക്കു ചേരാത്ത ഒരു പ്രവൃത്തിക്കും സർക്കാർ സംരക്ഷണമുണ്ടാകില്ലെന്നും അത്തരം പ്രവർത്തനം വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് സ്റ്റേഷനുകൾ അധികാര കേന്ദ്രങ്ങളല്ല, സേവന കേന്ദ്രങ്ങളാണെന്നും ആ തിരിച്ചറിവോടെ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. അനാവശ്യ സ്വാധീനങ്ങൾക്കു വഴങ്ങാതെ ജനങ്ങളോടു മാന്യമായി പെരുമാറണം. സംഘടനയും അംഗങ്ങളും പുതിയ സംസ്‌കാരം ഉൾക്കൊള്ളണം. നീതിയുടെ ഭാഗത്തായിരിക്കണം മുൻതൂക്കം നൽകേണ്ടത്.

ഡ്രോൺ ആക്രമണങ്ങൾ വർധിച്ചതിനാലാണു ഗവേഷണ ലാബ് സജ്ജമാക്കിയത്. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഡ്രോൺ നിർമ്മിക്കുന്ന ആദ്യ പൊലീസ് സേനയായിരിക്കും കേരള പൊലീസ്. ഉന്നത വിദ്യാഭ്യാസമുള്ളവരാണു സേനയിൽ വരുന്നത്. അവർക്ക് കേസന്വേഷണത്തിൽ മികവു ലഭിക്കാനാണു കൊച്ചി സർവകലാശാലയുമായി ചേർന്നു പദ്ധതി തയാറാക്കുന്നത്.

പഴയകാലത്തു തങ്ങൾക്കു ലഭിച്ച ചിലതു നഷ്ടപ്പെട്ടതായി തോന്നുന്ന ചെറിയ വിഭാഗം സേനയിലുണ്ട്. അവർ പഴയ ശീലം തുടരുന്നു. ഒരു പൊലീസുകാരൻ ചെയ്യുന്ന കാര്യം സേനയെ ആകെ ബാധിക്കും. അതു തിരിച്ചറിഞ്ഞു സംഘടന ബോധവൽക്കരണം നടത്തണം. എല്ലാ നന്മയും സർക്കാർ പ്രോത്സാഹിപ്പിക്കും. എന്നാൽ ഇത്തരം കാര്യം അനുവദിക്കില്ല.

നാടിനെ ഇകഴ്‌ത്തിക്കാട്ടാൻ ശ്രമിക്കുന്ന ഒരു കൂട്ടരുണ്ട്. പൊലീസിനെ പ്രകോപിപ്പിക്കാനും പ്രശ്‌നം സൃഷ്ടിച്ചു മറ്റൊരു അന്തരീക്ഷം ഉണ്ടെന്നു വരുത്താനും ശ്രമം നടക്കുന്നു. ഉയർന്ന ഉദ്യോഗസ്ഥരെ ആക്രമിക്കുന്ന സംഭവമുണ്ടായി. അവിടെയെല്ലാം സംയമനം പാലിക്കാൻ പൊലീസിനു കഴിഞ്ഞു. ക്രമസമാധാനം തകർന്നെന്നു വരുത്താനാണു ശ്രമം. നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളോടു ശക്തമായ നിലപാടു സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മികച്ച പൊലീസ് സഹകരണ സംഘങ്ങൾക്കുള്ള അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.പ്രവീൺ, ഒ.എസ്.അംബിക എംഎൽഎ, ജി.എസ്.കൃഷ്ണലാൽ എന്നിവർ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.