തിരുവനന്തപുരം: കാപ്പ കേസ് പ്രതിയെ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ രക്ഷകനായി എത്തിയത് പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ തന്നെ. നേരത്തെ ഗുണ്ടാ ആക്ട് പ്രകാരം തടവിൽ കഴിഞ്ഞിരുന്ന കാരയ്ക്കാമണ്ഡപം സ്വദേശി തൗഫീറിനെയാണ് അസിസ്റ്റന്റ് കമ്മിഷണർ മോചിപ്പിച്ചത്.

കരമന സ്റ്റേഷനിലെ എഎസ്ഐ. രാജേന്ദ്രൻ തൗഫീറിനെയും മറ്റൊരളേയും കരമന ജങ്ഷനിൽനിന്നാണ് പിടികൂടിയത്. ഇയാളെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ സുധാകരൻപിള്ള കരമന പൊലീസ് സ്റ്റേഷനിൽനിന്ന് മോചിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 11.30നാണ് ഇയാളെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച തൗഫീറിനെ മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ഇയാൾ മദ്യപിച്ചതായി കണ്ടെത്തി.

ഇതിനകംതന്നെ തൗഫീറിനെ വിട്ടയയ്ക്കണമെന്ന് പലയിടത്തുനിന്നും വിളിവന്നു. എന്നാൽ വൈദ്യപരിശോധന കഴിഞ്ഞതിനാൽ വിട്ടയക്കില്ലെന്ന് ഉറപ്പിച്ച് കരമന പൊലീസും നിന്നു. സമ്മർദ്ദ തന്ത്രങ്ങൾ ഫലിക്കാതെ വന്നതോടെ ഒടുവിൽ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ സുധാകരൻപിള്ള നേരിട്ട് അർധരാത്രിയോടെ സ്റ്റേഷനിലെത്തുകയായിരുന്നു. പൊലീസുകാരെ വിരട്ടി കമ്മിഷണർ ഇയാൾക്കെതിരെ കേസെടുക്കാൻ അനുവദിക്കാതെ മോചിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.

കാപ്പ നിയമപ്രകാരം 2013ൽ നേമം പൊലീസ് പിടികൂടിയയാളാണ് തൗഫീർ. തൗഫീറിനെ പിടികൂടിയ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ജനറൽ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നു. പിടികൂടിയ പ്രതിയെ അസിസ്റ്റന്റ് കമ്മിഷണർ മോചിപ്പിച്ചുകൊണ്ടുപോയതായും ജി.ഡി.യിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തൗഫീറിനൊപ്പം പിടിയിലായിരുന്ന അലി ഇപ്പോഴും കരുതൽ തടങ്കലിൽ കഴിയുകയാണ്.

തൗഫീറിനെ വിട്ടയച്ച സംഭവത്തെക്കുറിച്ച് സ്‌പെഷ്യൽബ്രാഞ്ച് അന്വേഷണം നടത്തി. അന്വേഷണത്തിൽ സമ്മർദ്ദത്തിന് വഴങ്ങി തൗഫീറിനെ വിട്ടയച്ചതായി കണ്ടെത്തിയിട്ടുണ്ട്. തൗഫീറിനെ വിട്ടയയ്ക്കാൻ വൈകിയതിൽ അസിസ്റ്റന്റ് കമ്മിഷണർ പൊലീസുകാരോട് അപമര്യാദയായി പെരുമാറിയതായും അന്വേഷണ ഉദ്യോഗസ്ഥർക്ക് പൊലീസുകാർ മൊഴി നൽകിയിട്ടുണ്ട്.