- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി ശശീന്ദ്രൻ സംസാരിക്കുന്നതിനിടെ മാധ്യമപ്രവർത്തകരെ തള്ളിമാറ്റി പൊലീസ്; പൊലീസ് കയ്യേറ്റം മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ; പ്രതിഷേധമറിയിച്ച് മാധ്യമപ്രവർത്തകർ
തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യൂക്കിന്റെ ഭാഷയുമായി പൊലീസ്. മന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോടു സംസാരിച്ചു കൊണ്ടിരിക്കെ മാധ്യമപ്രവർത്തകരെ തള്ളിമാറ്റിമായി പൊലീസ് തന്റെ അധികാരം പ്രകടിപ്പിച്ചത്. ഫോൺവിളി വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണത്തിന് കാത്തുനിന്നിരുന്ന മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ മന്ത്രി വാഹനം നിർത്തി സംസാരിക്കുകയായിരുന്നു. ഇതിനിടെയാണ് പൊലീസിന്റെ കയ്യേറ്റശ്രമമുണ്ടായത്. മാധ്യമ പ്രവർത്തകർ സംഭവത്തുസ്ഥലത്തു വച്ചുതന്നെ പൊലീസിനെ പ്രതിഷേധമറിയിച്ചു.
അതേസമയം, ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവയ്ക്കേണ്ടെന്നു സിപിഎം നേതൃത്വം നിലപാടെടുത്തു. എൻസിപി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നതിനാൽ കമ്മീഷന്റെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കാമെന്നാണ് സിപിഎം സെക്രട്ടറിയേറ്റിലെ പൊതുവികാരം. തൽക്കാലം ശശീന്ദ്രനെ കൈവിടേണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും തീരുമാനം. പാർട്ടി തർക്കത്തിൽ ഇടപെട്ടെന്ന ശശീന്ദ്രന്റെ വിശദീകരണത്തിൽ മുഖ്യമന്ത്രി തൃപ്തനാണെന്നാണ് സൂചന. പറയാനുള്ളതെല്ലാം മുഖ്യമന്ത്രിയോടു പറഞ്ഞുവെന്നു ശശീന്ദ്രൻ പ്രതികരിച്ചിരുന്നു.
ഫോൺവിളിയിൽ ശശീന്ദ്രൻ കുറ്റക്കാരനല്ലെന്നും ജാഗ്രതക്കുറവുണ്ടായെന്നുമാണ് എൻസിപിയുടെ നിലപാട്. എന്നാൽ ശശീന്ദ്രനെ അനുകൂലിച്ച് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോ രംഗത്തെത്തിയിരുന്നു. കുണ്ടറയിൽ ഒരു ബ്ലോക്ക് പ്രസിഡന്റിനെ വെക്കുന്നത് സംബന്ധിച്ചാണ് പ്രശ്നങ്ങളെല്ലാം ഉടലെടുക്കുന്നതെന്നും ചാക്കോ വാർത്താസമ്മേളനത്തിൽ പറഞ്ഞു
'ഞാൻ അദ്ധ്യക്ഷനാകുന്നതു മുൻപാണിത്. രത്നാകരൻ ഒരാളുടെ പേര് പറഞ്ഞു. അന്നത്തെ എൻ.സി.പി പ്രസിഡന്റ് വേറൊരാളെ വെച്ചു. അവർ രണ്ടു പേരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് അവിടെയുള്ള സംഘടനാ പ്രശ്നം. അവർ പരസ്പരം പോരടിക്കുകയും എല്ലാക്കാര്യങ്ങളിലും രണ്ടു പക്ഷം പിടിക്കുകയും ചെയ്തു. അവിടെത്തന്നെയുള്ള രണ്ടാളുകളാണ് ശശീന്ദ്രനോട് പ്രസ്തുത പ്രശ്നങ്ങളിൽ ഇടപെടണമെന്ന് പറയുന്നത്. കേസ് പിൻവലിക്കണമെന്നുള്ള സംസാരം ശശീന്ദ്രന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. കേസ് എന്നൊരു വാക്ക് പറഞ്ഞിട്ടില്ല. അത് ശശീന്ദ്രൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഇതൊരു വലിയ പ്രശ്നമാക്കി മാറ്റിയാൽ നന്നായിരിക്കും എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്. അവർ ഒരുപക്ഷേ നിയമസഭയിലും ഇത് ഉന്നയിച്ചേക്കാം.
ഇത്തരം സംഭവങ്ങളിൽ പരാതി ലഭിച്ചാൽ പൊലീസ് കേസെടുത്തു അന്വേഷിക്കണം. കഴമ്പുണ്ടെങ്കിൽ എഫ്ഐആർ ഇടണം, അമ്പേഷണം മുന്നോട്ട് കൊണ്ടുപോകണം. കേരളത്തിലെ മുൻ മുഖ്യമന്ത്രിയ്ക്കെതിരെ ഒന്നിലേറെ സ്ത്രീകളാണ് പരസ്യമായ നിലപാടുകളെടുത്ത് മുന്നോട്ട് വന്നത്. അന്നിവിടെയാരും രാജിവെച്ചില്ല. പ്രതിപക്ഷനേതാവടക്കം രാജിക്കായി മുറവിളി കൂട്ടുന്ന ആളുകൾ വസ്തുതകൾ മനസ്സിലാക്കുന്നില്ല. യത്ഥാർഥത്തിൽ അവിടെയെന്താണ് സംഭവിച്ചത്, അവിടുത്തെ പ്രശ്നമെന്താണ്, ശശീന്ദ്രൻ എന്താണ് പറഞ്ഞത്, എൻ.സി.പിയിലെ തർക്കമെന്താണ് ഇതൊന്നും അറിയാതെയാണ് അദ്ദേഹം ഒരു ബലാത്സംഗക്കേസിൽ ഇടപെട്ടു എന്ന് പറയുന്നത്.
ബ്ലോക്ക് പ്രസിഡന്റിന്റെ മകൾ അവിടെ ബിജെപിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചു. ബിജെപിയുടെ സ്ഥാനാർത്ഥിയായി കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റ് മത്സരിച്ചപ്പോൾ ആ പെൺകുട്ടിയുടെ അന്നത്തെ പോസ്റ്ററെടുത്ത് ഫേസ്ബുക്കിലിട്ടു എന്നതാണ് തർക്കം. പക്ഷേ അതിൽ ആ പെൺകുട്ടിയെപ്പറ്റി മോശമായിട്ടൊന്നും പറയുന്നില്ല. പാർട്ടിയിലുണ്ടായ പ്രശ്നത്തിന്റെ തുടർച്ചയല്ല ഇപ്പോളുണ്ടായിട്ടുള്ള ഈ പീഡനപരാതിയെന്നും' പി.സി ചാക്കോ പറഞ്ഞു. യുവതി പൊലീസിൽ നൽകിയ പരാതിയിൽ പാർട്ടി ഇടപെടില്ലെന്നും ചാക്കോ വ്യക്തമാക്കിയിരുന്നു.
കേസ് പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്ന മൊഴി പെൺകുട്ടി പൊലീസിനു നൽകിയാൽ, ശശീന്ദ്രൻ പ്രതിയാവുകയും മന്ത്രിസഭയിൽനിന്നു പുറത്തു പോകേണ്ടി വരുമെന്നുമുള്ള കാര്യം എൻസിപിയെ അറിയിച്ചതായി സിപിഎം വൃത്തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ