റ്റൊരു പൊലീസ് കസ്റ്റഡി മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. വരാപ്പുഴയിൽ ശ്രീജിത്ത് എന്ന 26കാരനാണ് പൊലീസ് മർദ്ദനമേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. ശ്രീജിത്ത് നിരപരാധിയായിരുന്നു എന്നിടത്താണ് അതിന്റെ ഭീകരത ഇരട്ടിയാക്കുന്നത്. മറ്റൊരു ശ്രീജിത്തിന് പകരമായി പൊലീസ് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത വ്യക്തിയാണ് കൊല്ലപ്പെട്ട ശ്രീജിത്ത്. അതേസമയം ശ്രീജിത്തിന്റെ അനുജൻ ആത്മഹത്യാ പ്രേരണാ കുറ്റത്തിൽ പ്രതിയായിരുന്നു.

വെള്ളിയാഴ്ച രാത്രി പൊലീസ് വീട്ടിലെത്തി കസ്റ്റഡയിൽ എടുത്ത ശ്രീജിത്തിനെ അവശ നിലയിലായിട്ടം ഞായറാഴ്ച പുലർച്ചേ ആണ് പൊലീസ് ആശുപത്രിയിൽ എത്തിക്കുന്നത്.അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം ഒരാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണം എന്നാണ് നിയമം. കസ്റ്റഡിയിൽ എടുത്ത ആൾക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നം ഉണ്ടെങ്കിൽ ഉടനെ ആശുപത്രിയിൽ വിടണം എന്നും നിയമം ഉണ്ട്. അതുമാത്രമല്ല ഈ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്ന 24 മണിക്കൂറിനകം മെഡിക്കൽ പരിശോധനയും ബന്ധുക്കളുടേയും സ്വന്തക്കാരുടേയും ഒക്കെ കയ്യൊപ്പും അടക്കമുള്ള എല്ലാ പ്രക്രീയും പൂർത്തിയാക്കണം. ഇതൊന്നും ചെയ്യാതിരുന്ന പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവിനെ മൂന്നാം ദിവസം ഗുരുതര നിലയിൽ ആശുപത്രിയിലെത്തിക്കുന്നു.ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച യുവാവിന് പ്രാഥമിക പരിശോധനയിൽ തന്നെ കുടലിനും മറ്റും ക്ഷതമേറ്റിരിക്കുന്നതായി കണ്ടെത്തി. എന്നാൽ പതിവു പോലെ പൊലീസ് മറ്റുള്ളവരുടെ തലയിൽ ഈ കുറ്റവും കെട്ടിവെക്കാൻ ശ്രമിക്കുകയാണ്. ഇത് പൊലീസിന്റെ ഗുരുതരമായ വീഴ്ചയാണ്. പൊലീസിന്റെ കസ്റ്റഡിയിൽ കിട്ടുമ്പോൾ ഗുരതരമായി പരിക്കേറ്റിട്ടുണ്ടെങ്കിൽ ആശുപത്രിയിലാക്കേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. ഇവിടെ ആ ഉത്തരവാദിത്തം പൊലീസ് കാണിച്ചില്ല.