സിംഗപ്പൂർ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരേയും മോഷ്ടാക്കളേയും മറ്റു സാമൂഹിക വിരുദ്ധരേയും പിടികൂടാൻ സഹായിക്കുന്ന തെളിവുകൾ ഇനി പൊലീസിന് എളുപ്പത്തിൽ ശേഖരിക്കാം. എച്ച്ഡിബി ബ്ലോക്കുകളിലും ബഹുനില കാർ പാർക്കുകളിലുമായി 62,000 പൊലീസ് ക്യാമറകളാണ് സ്ഥാപിച്ചു കഴിഞ്ഞു.

2012 ഏപ്രിലിൽ ആരംഭിച്ച പൊലീസ് ക്യാമറ സ്ഥാപിക്കൽ ഇതോടെ പൂർത്തിയായിരിക്കുകയാണ്. 10,000 എച്ച്ഡിബി ബ്ലോക്കുകൾ ഇനി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. 2016 മെയ്‌ മാസത്തോടെ 1,100 ലധികം കേസുകൾക്ക് പ്രയോജനപ്പെടുന്ന വിവരങ്ങൾ 2,300 വീഡിയോ ദൃശ്യങ്ങളിലൂടെ നേടാൻ സാധിച്ചതായി പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിനും സാമൂഹിക വിരുദ്ധരുടെ ശല്യം നിയന്ത്രിക്കുന്നതിനും മറ്റുമാണ് പൊലീസ് ക്യാമറകൾ ഘടിപ്പിക്കുന്നത്.

പ്രാഥമിക ഘട്ടമെന്ന നിലയിൽ PolCam 1.0 initiative വിന്റെ കീഴിൽ ക്യാമറ ഘടിപ്പിക്കുന്നത് അവസാനിച്ചുവെന്നും രണ്ടാം ഘട്ടത്തിൽ PolCam 2.0 ഉടൻ തന്നെ നടപ്പാക്കാൻ തുടങ്ങുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. ടൗൺ സെന്ററുകൾ, ലിങ്ക് വേ കൾ, ബസ് ഇൻർചേഞ്ചുകൾ, എംആർടി സ്റ്റേഷനുകൾ തുടങ്ങിയ ട്രാൻസ്‌പോർട്ട് സ്‌റ്റേഷനുകളിലും അടുത്ത ഘട്ടത്തിൽ പൊലീസ് ക്യാമറ ഘടിപ്പിക്കും. 2020 ഡിസംബറോടു കൂടി Polcam 2.0 പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.