ഇടുക്കി: ഇടുക്കി ജില്ലയിലെ പൊലീസ് ക്യാന്റീൻ നടത്തിപ്പിന്റെ മറവിൽ മുൻ എസ്‌പി അടക്കമുള്ളവർ മാസപ്പടി പറ്റിയെന്ന് ആരോപണം. ഇതിന് ചുക്കാൻ പിടിച്ചിരുന്നത് ഭരണപക്ഷ പൊലീസ് സംഘടനകളെന്നാണ് ആരോപണം. ക്യാന്റീൻ നടത്തിപ്പിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നാണ് മുൻ എസ് പി ഉൾപ്പടെയുള്ള ചിലർ മാസപ്പടി കൈപ്പറ്റിയതെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി ആർ കറുപ്പുസ്വാമി നടത്തിയ പരിശോധനയിലാണ് ക്യാന്റീനുകളുടെ നടത്തിപ്പിൽ ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് ജില്ലയിൽ 6 സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ക്യാന്റീനുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ എസ് പി നിർദ്ദേശിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഇക്കാര്യത്തിൽ ഉന്നതതലത്തിൽ അന്വേഷണം തുടരുകയാണ്. ബന്ധപ്പെട്ട തദ്ദേശ -സ്വയം ഭരണസ്ഥാപനങ്ങളുടെ ലൈസൻസോ ആരോഗ്യ-ഭക്ഷ്യസുരക്ഷ വകുപ്പുകളുടെ അനുമതിയോ ഇല്ലാതെയാണ് മൂന്ന് വർഷത്തോളമായി പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ ക്യാന്റീനുകൾ പ്രവർത്തിച്ചുവന്നിരുന്നതെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം.

പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് നൽകിയിരുന്ന വൈദ്യുത കണക്ഷനും വാട്ടർ കണക്ഷനുമാണ് ക്യാന്റീൻ നടത്തിപ്പിനായി ചുമതലപ്പെട്ട പൊലീസുകാർ പ്രയോജനപ്പെടുത്തിയിരുന്നത്. സൗകര്യപ്രദമായ കെട്ടിടം ഇല്ലാത്തയിടങ്ങളിൽ ഷെഡ്ഡുകൾ പണിതുയർത്തിയാണ് ക്യാന്റീൻ രൂപപ്പെടുത്തിയിരുന്നത്. ഇക്കാര്യത്തിലും നിലവിലുള്ള സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. വാടകയും വൈദ്യുതി -വാട്ടർ ചാർജ്ജുകളും നൽകാതെ പ്രവർത്തിച്ചിരുന്നതിനാൽ പുറത്ത് ഹോട്ടലുകളിലുള്ളതിനേക്കാൾ 20 ശതമാനം വരെ വിലകുറച്ചായിരുന്നു മിക്കയിടങ്ങളിലും ഭക്ഷണം നൽകിയിരുന്നത്.

പൊലീസ് വെൽഫെയർ ക്യാന്റീൻ എന്നാണ് അറിയപ്പെടുന്നതെങ്കിലും പുറമെ നിന്നത്തെത്തുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടായിരുന്നു ഇവിടങ്ങളിൽ കച്ചവടം പൊടിപൊടിച്ചിരുന്നത്. പലസ്ഥലങ്ങളിലും ലോണെടുത്തും പിരിവെടുത്തുമൊക്കെയാണ് ക്യാന്റീനുകളുടെ പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ലാഭവിഹിതം വീതം വയ്ക്കുമ്പോൾ മുന്തിയ പങ്ക് ഇതിന് മുന്നിട്ടിറങ്ങിയവരുടെ പോക്കറ്റിലേയ്ക്കാണ് എത്തിയിരുന്നത്. പൊലീസ് സ്റ്റേഷന്റെ പ്രവർത്തനത്തിനായി ഏർപ്പെടുത്തിയിട്ടുള്ള സർക്കാർ സംവിധാനങ്ങൾ പരക്കെ ക്യാന്റിന്റെ പ്രവർത്തനത്തിനായും വിനിയോഗിച്ചു എന്നാണ് കണ്ടെത്തൽ.

ലാഭകരമായി നടന്നിരുന്ന ക്യാന്റീന്റെ ചുമതലക്കാരാണ് മേലുദ്യോഗസ്ഥരിൽ ചിലരെ കണ്ടുകാഴ്ചകൾ സമർപ്പിച്ചിരുന്നതെന്നാണ് സംശയം ഉയർന്നിട്ടുള്ളത്. സ്റ്റേഷനിലെ കാര്യങ്ങൾ നേരാംവണ്ണം നടത്താൻ അംഗബലമില്ലാത്ത സ്റ്റേഷനുകളിൽപ്പോലും ക്യാന്റീൻ നടത്തിപ്പിനായി സേനാംഗങ്ങൾ രംഗത്തുണ്ടായിരുന്നു എന്നാണ് തെളിവെടുപ്പിൽ വ്യക്തമായിരിക്കുന്നത്.

പുറത്തുള്ള വിലനിലവാരത്തിൽ നിന്നും കാര്യമായ കുറവുണ്ടായിരുന്നതിനാൽ ചില ക്യാന്റീനുകളിൽ മിക്കവാറും സമയങ്ങളിൽ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ക്യാന്റീനുകളുടെ നടത്തിപ്പ് സംബന്ധിച്ച് വ്യക്തമായ കണക്കുവിവരങ്ങൾ ഉത്തരവാദിത്തപ്പെട്ടവരുടെ കൈവശമില്ലെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതലയിലാണ് ക്യാന്റീനുകൾ പ്രവർത്തിച്ചുവരുന്നതെന്നാണ് എസ് പി യുടെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളിലെല്ലാം വ്യക്തത വരുത്താൻ എസ് പി ഇവരിൽ നിന്നും വിവരങ്ങൾ തേടുമെന്നാണ് അറിയുന്നത്.