കൊല്ലം: പരാതിക്കാരിയെ മൊബൈൽ ഫോണിൽ വിളിച്ച് ചുംബനം ചോദിക്കുകയും അശ്ലീലം പറയുകയും ചെയ്ത കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിജു ജോണിനെതിരെ കേസെടുത്തു. ഇയാളെ ഇന്ന് സസ്പെന്റ് ചെയ്തേക്കും. കലയപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

വീടിന് മുന്നിൽവച്ച് സ്ഥിരമായി മ്ദ്യപിച്ച് ബഹളം വെക്കുന്നവർക്കെതിരെ നാല് ദിവസം മുൻപ് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് എതിർ കക്ഷികളെ വിളിപ്പിച്ച് താക്കീത് നൽകി വിട്ടയച്ചു. ഇതിന് ശേഷമാണ് പരാതിക്കാരിയുടെ മൊബൈലിൽ ബിജു ജോൺ വിളി തുടങ്ങിയത്. ചുംബനം ചോദിച്ചതടക്കമുള്ള അശ്ളീല സംഭാഷണങ്ങൾ വിവരിച്ച് ഇയാൾക്കെതിരെ യുവതി കൊട്ടാരക്കര ഡിവൈഎസ്‌പിക്ക് പരാതി നൽകി.

തുടർന്ന് അന്വേഷണം നടത്തി ബിജു ജോണിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അച്ചടക്ക നടപടിക്കായി റൂറൽ എസ്‌പി കെ.ബി.രവിക്ക് റിപ്പോർട്ടു നൽകി. ഇതിന്റെ അടിസ്ഥാനത്തിലാകും സസ്പെൻഷൻ ഉണ്ടാവുക. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഈ സ്റ്റേഷനിൽ വനിതാ എസ്ഐമാർ തമ്മിൽ തല്ലിയത്.