- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈസൻസില്ല; ഹെൽമറ്റും മാസ്‌കും ഉടുപ്പുമില്ല; രൂപമാറ്റം വരുത്തിയ ബൈക്കിൽ നിയമങ്ങൾ ലംഘിച്ച് യുവാവിന്റെ യാത്ര; സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യൻ കസ്റ്റഡിയിൽ
കൊച്ചി: സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാൻ വീഡിയോയ്ക്ക് 'വ്യത്യസ്തത' തേടിയ യുവാവ് ഒടുവിൽ പൊലീസ് കസ്റ്റഡിയിൽ. ലൈസൻസില്ലാതെയും ഹെൽമറ്റും മാസ്‌കും ഉടുപ്പും ധരിക്കാതെയും നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയ ബൈക്കിൽ യാത്ര ചെയ്തതിനാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെയാണ് ബൈക്ക് യാത്രക്കാരനായ ചെറായി സ്വദേശി റിച്ചൽ സെബാസ്റ്റ്യനെ പൊലീസ് പിടികൂടിയത്. വിഡിയോ പരിശോധിച്ച സൈബർ പൊലീസ് എറണാകുളം മുനമ്പത്തു നിന്നുള്ളതാണ് വിഡിയോ എന്നു കണ്ടെത്തി.
മാസ്‌ക് ധരിക്കാത്തതിനും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു യാത്ര ചെയ്തതിനും ലൈസൻസില്ലാതെയും ഹെൽറ്റില്ലാതെയും വാഹനമോടിച്ചതിനും യുവാവിനെതിരെ പൊലീസ് കേസെടുത്തു. അനുമതിയില്ലാതെ ബൈക്കിൽ രൂപമാറ്റം വരുത്തിയതിനും കേസുണ്ട്.
ഇയാളുടെ സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ യാത്ര ചെയ്ത് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. അറസ്റ്റിലായ യുവാവിന്റെ സുഹൃത്തിന്റേതാണ് ബൈക്ക്. റിച്ചലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെങ്കിലും ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് കോടതിയിൽ ഹാജരാക്കുമെന്നു മുനമ്പം എസ്‌ഐ പറഞ്ഞു. ബൈക്ക് രൂപമാറ്റം വരുത്തിയതിന് ഇയാളുടെ സുഹൃത്തിനെതിരെയും നടപടിയുണ്ടാകും.
മോട്ടർ വെഹിക്കിൾ ഡിപാർട്‌മെന്റിനു വിവരം കൈമാറുമെന്നും പൊലീസ് പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ വേണ്ടിയാണ് ഉടുപ്പില്ലാതെ ബൈക്കിൽ കറങ്ങിയതെന്നു യുവാവ് പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. മോട്ടർ വാഹന വകുപ്പ് നിയമം, കോവിഡ് പ്രോട്ടോക്കോൾ ലംഘനം എന്നിവയുൾപ്പെടെ ആറ് വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ന്യൂസ് ഡെസ്ക്