ബ്രസൽസ്: സർക്കാരിന്റെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിക്കാൻ തടിച്ചുകൂടിയ പ്രകടനക്കാരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത് വൻകലാപത്തിലേക്കു നയിച്ചു. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധപ്രകടനമാണ് അവസാനം കലാപത്തിൽ കലാശിച്ചത്. കലാപം നിയന്ത്രണവിധേയമാക്കാൻ പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചതോടെ തെരുവ് യുദ്ധക്കളമായി മാറുകയായിരുന്നു.

പുതുതായി അധികാരത്തിലേറിയ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നയങ്ങളിൽ പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു ഒരുലക്ഷത്തിലധികം വരുന്ന പ്രതിഷേധക്കാർ മാർച്ച് നടത്തിയത്. പെൻഷൻ പ്രായം വർധിപ്പിക്കുക, നേരത്തെ നടപ്പിലാക്കിയ ശമ്പള വർധന റദ്ദാക്കുക, വെൽഫെയർ ബെനിഫിറ്റുകൾ ചുരുക്കുക തുടങ്ങിയ കർശന നിലപാടാണ് കഴിഞ്ഞ മാസം അധികാരത്തിലേറിയ സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ പിൻബലത്തോടെ പ്രാബല്യത്തിലാക്കാൻ ഉദ്ദേശിക്കുന്ന ഇത്തരം ചെലവുചുരുക്കൻ പദ്ധതികൾക്കെതിരേ ജനരോഷം ആളിക്കത്തുകയായിരുന്നു.

രണ്ടു മണിക്കൂറോളം നീണ്ട പ്രകടനം സമാധാനപരമായിട്ടാണ് നടന്നത്. എന്നാൽ പ്രകടനത്തിനു ശേഷം പ്രതിഷേധക്കാരെ തെരുവിൽ നിന്നും മാറ്റുന്നതിനായി പൊലീസ് ടിയർ ഗ്യാസും ജലപീരങ്കിയും ഉപയോഗിക്കുകയായിരുന്നു. എന്നാൽ ഇതോടെ സ്ഥിതി വഷളാകാൻ തുടങ്ങിയെന്നാണ് റിപ്പോർട്ട്. പൊലീസിന്റെ മെറ്റൽ ബാരിയർ തകർത്ത് മുന്നേറിയ പ്രകടനക്കാർ പൊലീസിനു നേരെ കല്ലെറിയുകയും തെരുവിലെ വാഹനങ്ങൾ കത്തിക്കുകയും സ്ഥാപനങ്ങൾ നശിപ്പിക്കുകയുമായിരുന്നു. പിന്നീട് അരങ്ങേറിയത് പൊലീസും പ്രകടനക്കാരും തമ്മിലുള്ള യുദ്ധമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

മണിക്കൂറുകൾ നീണ്ട തെരുവു കലാപങ്ങൾക്കൊടുവിൽ കാണാൻ കഴിഞ്ഞത് കാറുകളും മറ്റു വാഹനങ്ങളും റോഡിൽ കിടന്നു കത്തുന്നതാണ്. ഒട്ടേറെ സ്ഥാപനങ്ങൾ നശിക്കുകയും പ്രോപ്പർട്ടികൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കലാപം രൂക്ഷമായതോടെ പ്രതിഷേധക്കാർ റോഡിൽ കണ്ടവയെല്ലാം നശിപ്പിക്കുകയായിരുന്നു. ഒരു ലക്ഷത്തിലധികമുള്ള സമരക്കാരെ നേരിടാൻ പൊലീസ് ഏറെ പണിപ്പെടുകയും ചെയ്തു. സമരാനുകൂലികളിൽ നിന്നുള്ള കല്ലേറ് കൊണ്ട് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ കലാപത്തിനിടയിൽ ആർക്കും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടില്ല.

വൻകിട കച്ചവടക്കാരെ നികുതിയിൽ നിന്നും ഒഴിവാക്കി പാവപ്പെട്ട സാധാരണക്കാരെ പിഴിഞ്ഞ് സർക്കാർ ഖജനാവ് പച്ചപിടിപ്പിക്കാനുള്ള സർക്കാരിന്റെ നയങ്ങൾക്കെതിരേയാണ് പ്രതിഷേധം ആഞ്ഞടിച്ചത്. ശമ്പള വർധന റദ്ദാക്കിയും സോഷ്യൽ ബെനിഫിറ്റുകൾ വെട്ടിച്ചുരുക്കിയും സർക്കാരിന് പത്തു മില്യൺ യൂറോയോളം മിച്ചംപിടിക്കാമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതേസമയം തൊഴിലില്ലാത്തവരേയും ജോലി ചെയ്യുന്നവരേയും തകർക്കുന്ന ഇത്തരം നയങ്ങൾക്കെതിരേയാണ് ട്രേഡ് യൂണിയൻ രംഗത്തിറങ്ങിയെന്ന് സമരാനുകൂലികൾ വ്യക്തമാക്കി. ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ട കാമ്പയിന് ഒടുവിലാണ് ലക്ഷത്തിലധികം പേർ പങ്കെടുത്ത പ്രതിഷേധ റാലി അരങ്ങേറിയത്. തുടർന്ന് ഡിസംബർ 15ന് ദേശീയ പണിമുടക്ക് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.