കണ്ണൂർ: ജില്ലകൾ മാറി ക്വട്ടേഷൻ സംഘങ്ങൾ സംസ്ഥാനത്തുടനീളം പ്രവർത്തിക്കുന്നതായി ഒടുവിൽ പൊലീസും സമ്മതിച്ചു. ഇപ്പോൾ, ദക്ഷിണ കേരളത്തിൽനിന്നുള്ള ഗുണ്ടാസംഘങ്ങളെ കോഴിക്കോട്, കാസർഗോഡ് , കണ്ണൂർ, വയനാട് ജില്ലകളിൽ ക്വട്ടേഷന് ഉപയോഗിക്കുന്നതായി കണ്ണൂർ മേഖലാ ഡി.ഐ.ജിയുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

രണ്ടായിരത്തിഒൻപതിൽ തന്നെ ഇതേക്കുറിച്ച് സൂചനകളുണ്ടായിരുന്നെങ്കിലും പൊലീസ് നടപടി കാര്യക്ഷമമല്ലാത്തതിനാൽ ഗുണ്ടാസംഘങ്ങൾ വടക്കുനിന്നു തെക്കോട്ടും തെക്കുനിന്നു വടക്കോട്ടും ക്വട്ടേഷനുകളെടുത്തിരുന്നു. ഈ സാഹചര്യത്തിന് മാറ്റം വരുത്താനാണ് പൊലീസ് നീക്കം. ഇതിന്റെ ഭാഗമായാണ് നിരീക്ഷണം ശക്തമാക്കിയത്. രണ്ടു ദിവസങ്ങളിലായി മലബാറിലെ നാലു ജില്ലകളിലായി നടന്ന പരിശോധനയിൽ നാനൂറ്റി അറുപതു പേർ പിടിയിലായിട്ടുണ്ട്. ഡിജിപി സെൻകുമാറിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്തരം പരിശോധനകൾ നടന്നത്.

ജില്ലകൾ മാറി ക്വട്ടേഷൻ സംഘം പ്രവർത്തിക്കുന്നതിന്റെ ആദ്യസൂചന 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു ദിവസം തൃശൂരിൽനിന്നും കണ്ണൂരിലെത്തിയ സംഘത്തെക്കുറിച്ചായിരുന്നു. സ്റ്റീഫൻ, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘം തെരഞ്ഞെടുപ്പു ദിവസം കണ്ണൂർ നഗരത്തിൽ കാറിൽ സഞ്ചരിക്കവെയാണ് അറസ്റ്റിലായത്. കണ്ണൂർ ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ്് സ്ഥാനാർത്ഥിയായിരുന്ന കെ.സുധാകരനു വേണ്ടിയാണ് ക്വട്ടേഷൻ സംഘമെത്തിയതെന്നായിരുന്നു ആരോപണം. തെരഞ്ഞെടുപ്പുകാലത്തും തുടർന്നും ഈ സംഭവം വിവാദങ്ങളുയർത്തുകയും ദേശീയശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

ഡി.സി.സി ഓഫീസിനുനേരെ ബോംബാക്രമണം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് തൃശൂർ ക്വട്ടേഷൻ സംഘം കണ്ണൂരിലെത്തിയത്. സുധാകരൻ സിപിഐ(എം).കാരെ ആക്രമിക്കാൻ ക്വട്ടേഷൻ സംഘത്തെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് സിപിഐ(എം) ആരോപിച്ചിരുന്നു. എന്നാൽ ആയുധങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ മുൻ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ വിട്ടയയ്ക്കുകയായിരുന്നു. കണ്ണൂരിലെ പാനൂരിൽ ബോംബ് നിർമ്മാണശാലയിലെ സ്‌ഫോടനങ്ങളെ തുടർന്ന് ഡിജിപി സെൻകുമാർ ഇടപെട്ടു. ക്രിമിനലുകളെയെല്ലാം അറസ്റ്റ് ചെയ്യാൻ നിർദ്ദേശിച്ചു. ഇതോടെ സംസ്ഥാനത്തുടനീളം രാത്രിയിൽ കർശന പരിശോധന നടന്നു. ഇതിലൂടെയാണ് ക്വട്ടേഷൻ സംഘങ്ങൾ ജില്ലകൾ മാറി പ്രവർത്തനം സജീവമാണെന്ന് വ്യക്തമായത്.

കണ്ണൂരിലും മറ്റും പിടിയിലായവരിൽ അന്യജില്ലാക്കാരുമുണ്ട്. തിരുവനന്തപുരത്തും തൃശൂരുമാണ് കൂടുതൽ ഗുണ്ടാസംഘങ്ങളുള്ളത്. എന്നാൽ മലബാറിൽ ക്വട്ടേഷൻ കൊടുക്കുന്നവരുടെ എണ്ണം കൂടിയതിനാൽ ഈ മേഖലയിലേക്ക് ആവശ്യക്കാർ ഏറെ വേണം. മലബാർ മേഖലയിലാണെങ്കിലും കേരളം മുഴുവൻ ഇവർ ക്വട്ടേഷൻ സ്വീകരിക്കുന്നുണ്ട്. പൊലീസിന്റെ കണ്ണ് വെട്ടിക്കാൻ തിരുവനന്തപുരം, തൃശൂർ ജില്ലകളിൽ നിന്നും ഗുണ്ടകളെ കൊണ്ടുവന്ന് മലബാറിൽ ക്വട്ടേഷൻ നിർവ്വഹിക്കാറുണ്ടെന്ന വിവരവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി ഗുണ്ടകളെ തടവിലാക്കാൻ പര്യാപ്തമാണ്. നല്ല നടപ്പിനു വിധിക്കപ്പെട്ടയാൾ കുറ്റം ചെയ്തില്ലെങ്കിലും ഗുണ്ടാ നിയമം (കാപ്പ) പ്രകാരം കരുതൽ നടപടിയാകാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ നടപടിച്ചട്ടത്തിലെ 107- ാം വകുപ്പനുസരിച്ച് നല്ല നടപ്പിനു വിധിച്ചാൽ പിന്നീട് കുറ്റം ചെയ്യാതെ കാപ്പ പ്രകാരം കരുതൽ തടങ്കലോ, നാടുകടത്തലോ പാടില്ലെന്നു കാണിച്ച് രണ്ടു പേർ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി.