പെരുമ്പാവൂർ: വ്യാജപ്പരാതി നൽകിയും തെറ്റായ വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചും തന്നിൽ നിന്നും വൻതുക കൈക്കലാക്കാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും ഇതിനുപിന്നിൽ ക്രിമിനൽ സംഘമാണെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.

രണ്ട് മാസം മുൻപ് പെരുമ്പാവൂർ പെരുമാനിയിൽ തന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പി എ എം പ്ലൈവുഡ് കമ്പനിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ സ്ത്രീയുടെ കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ തന്നിൽ നിന്നും വൻതുക കൈക്കലാക്കാൻ ഒരു കൂട്ടർ ശ്രമം ആരംഭിച്ചിരിക്കുന്നതെന്നും കുട്ടിയുടെ മാതാവിനെ പലതും പറഞ്ഞ് പ്രലോഭിപ്പിച്ച് തനിക്കെതിരെ രംഗത്തിറക്കിയാണ് ഇവർ ലക്ഷ്യം നേടാൻ ശ്രമിക്കുന്നതെന്നുമാണ് ബഷീർ പെരുമ്പാവൂർ പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിട്ടുള്ളത്.

ജോലി ചെയ്തുകൊണ്ടിരിക്കുന്ന അവസരത്തിൽ പോലും മാതാവിനെക്കാണാനും കളിക്കാനും മറ്റുമായി കൂട്ടി ജോലിക്കാരിയുടെ അടുത്തെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഒരു ദിവസം കുട്ടി കമ്പനിയിലെത്തിയ അവസരത്തിൽ കൈ മോട്ടറിന്റെ ഇടയിൽപ്പെട്ട് പരിക്കേറ്റിരുന്നു. ഉടൻ പെരുമ്പാവാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകി.

പിന്നീട് തുടർച്ചികത്സയ്ക്കായി ഒരു ലക്ഷത്തിലേറെ രൂപ മുടക്കായി. പുറമെ ആവശ്യമായ മറ്റ് സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച രേഖകളെല്ലാം സൂക്ഷിച്ചിട്ടുണ്ട്. തട്ടിപ്പ് സംഘമായി അടുക്കുന്നതിന് മുമ്പ് ഒരിടത്തും കുട്ടിയുടെ മാതാവോ ബന്ധുക്കളോ ഒരു പരാതി ഉന്നയിച്ചതായി അറിയില്ല- ബഷീർ മറുനാടനോട് വ്യക്തമാക്കി.

ഇപ്പോൾ കുട്ടിയെയും മാതാവിനെയും മുന്നിൽ നിർത്തി പണം തട്ടുന്നതിനാണ് നീക്കം ശക്തിപ്പെട്ടിട്ടുള്ളത്. പ്ലെവുഡ് കമ്പനി ഉടമകളെയും പാറമട നടത്തിപ്പുകാരെയും ഭീഷണിപ്പെടുത്തി പണം പിടുങ്ങുന്ന സംഘമാണ് ഈ നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. മുമ്പ് പലരിൽ നിന്നും ഇവർ ഇത്തരത്തിൽ പണം തട്ടിയെടുത്തതായിട്ടുള്ള വിവരങ്ങൾ പരക്കെ പ്രചരിച്ചിട്ടുണ്ട്. ഇവരിൽ ചിലർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നുള്ള വിവരവും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൂടി വ്യക്തമാക്കിയാണ് പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. ബഷീർ വ്യക്തമാക്കി.

കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിരന്തരമെന്നവണ്ണം ഈ സംഘം വ്യാജ പ്രചരണവുമായി രംഗത്ത് എത്തിയിരുന്നു. ഈയവസരത്തിലും പൊലീസിൽ പരാതി നൽകിയിരുന്നു. ഭീഷിണിപ്പെടുത്തി പണം തട്ടുന്നതിനുള്ള നീക്കത്തെ ഒരു കാരാണവാശാലും അംഗീകരിക്കാവില്ല. ഇത്തരക്കാർക്കെതിരെ നിയമനടപടിയുമായി ഏതറ്റം വരെ പോകാനും മടിക്കില്ല. വ്യാജ പ്രചരണം പൊതുസമൂഹം തള്ളിക്കളയുമെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ബഷീർ കൂട്ടിച്ചേർത്തു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.