ആലപ്പുഴ: യുവാവിനെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച പൊലീസ് നടപടിയിൽ നഷ്ടപരിഹാരമായി 27 ലക്ഷം രൂപ നൽകാൻ സംസ്ഥാന പൊലീസ് കംപ്ലയന്റ്സ് അഥോറിറ്റി ഉത്തരവിട്ടു. മല്ലപ്പള്ളി ചാലാപ്പള്ളി എൻ.എസ്.എസ് ഹൈസ്‌കൂളിലെ ജീവനക്കാരനായ കുടശ്ശനാട് കക്കാട്ട് വീട്ടിൽ അരവിന്ദാക്ഷൻ(37) നൽകിയ പരാതിയിലാണ്ഉത്തരവ്.

മുൻനൂറനാട് എസ്.ഐയും ആറോളം പൊലീസുകാരും ചേർന്ന് മർദ്ദിച്ചതാണ് പരാതിക്ക് കാരണം. നൂറനാട് പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ ആയിരുന്ന അജയനെയും മറ്റ് ചില പൊലീസുകാരെയും 2014 മാർച്ച് എട്ടിന് പടനിലം കാരിമുക്കം ക്ഷേത്രത്തിന് സമീപത്തുവച്ച് പതിനഞ്ചോളം പേർ ചേർന്ന് ഉപദ്രവിച്ചെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ഏഴാം പ്രതിയായിരുന്നു അരവിന്ദാക്ഷൻ.

എന്നാൽ ഉൽസവ പറമ്പിലെ മുച്ചീട്ട് കളിക്കാരെ പിടിക്കാനെത്തിയ പൊലീസിനെ നാട്ടുകാർ തടഞ്ഞതാണ് അടിപിടിയിൽ കലാശിച്ചത്. പൊലീസും നാട്ടുകാരും ഏറ്റുമുട്ടിയപ്പോൾ പൂരം കാണാനെത്തിയ അരവിന്ദാക്ഷൻ പ്രതിപട്ടികയിൽ കടന്നുകൂടുകയായിരുന്നു. ഇതേത്തുടർന്ന് സി.പി.എം അനുഭാവിയായ അരവിന്ദാക്ഷനെ മാർച്ച് 12-ന് നൂറനാട് എസ്.ഐയും സംഘവും ജോലി സ്ഥലത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് പൊലീസ് വാഹനത്തിലും സ്റ്റേഷനിലും വച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായി. കൈവിലങ്ങിട്ടും ബൂട്ടുകൊണ്ടും ചൂരലുകൊണ്ടും ആയിരുന്നു മർദ്ദനം.

അപകടത്തെത്തുടർന്ന് കമ്പിയിട്ടിരുന്ന അരവിന്ദാക്ഷന്റെ കാലിൽ കയറി നിന്നുകൊണ്ടായിരുന്നു മർദ്ദനം. രണ്ടുദിവസം കസ്റ്റഡിയിൽ സൂക്ഷിച്ചശേഷമാണ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്റെ മുമ്പിൽ പൊലീസുകാർ മർദ്ദിച്ചുവെന്ന് അരവിന്ദാക്ഷൻ പരാതിപ്പെട്ടിരുന്നു. തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. പൊലീസുകാരെ മർദ്ദിച്ച സംഭവത്തിന് യഥാർത്ഥ പ്രതികളെമാറ്റി അരവിന്ദാക്ഷനെ മാത്രം പ്രതിചേർക്കുകയായിരുന്നു. ഇത് അന്നത്തെ അഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ നിർദ്ദേശ പ്രതകാരമായിരുന്നെന്നാണ് അരവിന്ദാക്ഷൻ ആരോപിക്കുന്നത്.

16 ദിവസമാണ് അരവിന്ദാക്ഷൻ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞത്. ഇക്കാലയളവിൽ അരവിന്ദാക്ഷന്റെ പുറത്തും ചുണ്ടിനും കഴുത്തിനും മുറിവേറ്റിരുന്നതായും കംപ്ലെയിന്റ് അഥോറിറ്റി കണ്ടെത്തി. ഇതേത്തുടർന്ന് കസ്റ്റഡി മർദ്ദനമേറ്റ അരവിന്ദാക്ഷന് അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാർ അടിയന്തിര ധനസഹായം നൽകണമെന്നും കൂടാതെ 22 ലക്ഷം രൂപ സംസ്ഥാന സർക്കാറും നൂറനാട് എസസ്.ഐ ആയിരുന്ന ആർ. ഫയാസ്, സിവിൽ പൊലീസ് ഓഫീസറന്മാരായിരുന്ന കിഷോർ, സുരേഷ്, അനീഷ് കുമാർ, ലത്തീഫ്, സിറാജുദ്ദീൻ എന്നിവർ ചേർന്ന് 6 ആഴ്ചയ്ക്കകം നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.

കൂടാതെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ആലപ്പുഴ ജില്ലാ പൊലീസ് ചീഫിനും എറണാകുളം റെയ്ഞ്ച് ഐ.ജിക്കും അഥോറിറ്റി നിർദ്ദേശം നൽകി.