തൊടുപുഴ:നേരത്തെ നൽകിയ കേസ്സിൽ മൊഴിയെടുക്കാനുണ്ടെന്നും പറഞ്ഞ് വിളിച്ചുവരുത്തി.സ്റ്റേഷനിലെത്തിയപ്പോൾ മറ്റൊരുകേസിൽ വാറണ്ടുണ്ടെന്നും പറഞ്ഞ് തടഞ്ഞുവച്ചു പിന്നാലെ പൊലീസുകാരിൽ ചിലർ ചുറ്റും നിന്ന് അസഭ്യവർഷവും കളിയാക്കലുമായി.ഇതിനിടയിൽ ഒരു കൈയിൽ വിലങ്ങണിയിച്ചു.നടക്കാൻ ബുദ്ധമുട്ടുണ്ടെന്ന് അറിയിച്ചിട്ടും റോഡിലൂടെ ഉന്തിയും തള്ളിയും വലിച്ചിഴച്ചും നാടുകാണിച്ചു.ബസ്സ്സ്റ്റാന്റിൽ എത്തിച്ച് പൊതുദർശനത്തിനും സൗകര്യമൊരുക്കി.ബസ്സിൽ കയറിയപ്പോൾ യാത്രക്കാർ കാൺകാകെ ഇരുകൈകളും ചേർത്ത് വിലങ്ങ് മുറുക്കി.തുടർന്ന് നിന്നെ രക്ഷിക്കാൻ ആരെങ്കിലും വരുമോന്ന് നോക്കട്ടെടാ..എന്ന് ഏമാന്റെ കമന്റും.

മൊഴിയെടുക്കാനെന്ന പേരിൽ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം പൊലീസ് തന്നോട് കാട്ടിയ കൊടും ക്രൂരതയെക്കുറിച്ച് അംഗപരിമിതനായ യുവാവിന്റെ വെളിപ്പെടുത്തൽ ഇങ്ങിനെ.ഏറിയാൽ 3000 രൂപ പിഴയൊടുക്കേണ്ട വാഹനാപകടകേസിലാണ് പൊലീസിന്റെ ഈ അതിഭീകര നടപടിയെന്നതാണ് ഏറെ വിചിത്രം.നേരത്തെ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് നടക്കാൻ ബുദ്ധിമുട്ടുള്ള കാളിയാർ സ്വദേശിയായ യുവാവിനെയാണ് വാഹനാപകട കേസിലെ വാറണ്ടിന്റെ പേരിൽ കാളിയാർ സ്റ്റേഷനിലെ ഏതാനും പൊലീസുകാർ ഒത്തൊരുമിച്ച് ഇത്തരത്തിൽ 'ശിക്ഷിച്ചത്.'ഇതു സംമ്പന്ധിച്ച് വീഡിയോ അഭിമുഖത്തിന് അനുമതി തേടിയപ്പോൾ യുവാവും കുടുമ്പവും ഭീതിയോടെ പിന്മാറുകയായിരുന്നു.വാർത്ത പുറത്തുവന്നാൽ പൊലീസുകാർ തന്നേയും കുടുമ്പത്തെയും ഇനിയും ഉപദ്രവിക്കുമെന്നും അതിനാൽ വിട്ടേക്കാനുമായിരുന്നു യുവാവിന്റെ മറുപിടി.അതിനാൽ ഇയാളുടെ പേര് വിവരങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തുന്നില്ല..വിവരണത്തിന്റെ ശബ്ദരേഖയും മെഡിക്കൽ റിപ്പോർട്ടും മറുനാടന് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംമ്പറിലുണ്ടായ വാഹനാപകടത്തിൽ 23 -കാരനായ യുവാവിന് സാരമായി പരിക്കേറ്റിരുന്നു.കാലിന്റെ രണ്ടിടത്ത് അസ്ഥിപൊട്ടിയതിനാൽ മാസങ്ങളോളം കിടന്ന കിടപ്പിൽ കഴിയേണ്ടി വന്നു.ഈ സംഭവത്തിൽ പൊലീസിൽ നിന്നും തനിക്ക് നീതി ലഭിച്ചില്ലന്ന് കാണിച്ച് യുവാവ് ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു.ഇത് മറുനാടൻ വാത്തയാക്കുകയും ചെയ്തു.ഇതേത്തുടർന്ന് പൊലീസ് യുവാവിന്റെ മൊഴിയെടുത്ത് ,ഇഷ്ടക്കാരനായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ പ്രതി ചേർത്ത് വീണ്ടും കോടതിക്ക് റിപ്പോർട്ട് നൽകേണ്ടിയും വന്നു.

ഈ സംഭവത്തെത്തുടർന്നുള്ള വൈരാഗ്യത്താലാണ് എഫ് ബി പോസ്റ്റിൽ പരാമർശിക്കപ്പെട്ട പൊലീസുകാരനും ശിങ്കിടികളും ചേർന്ന് ഇത്തരത്തിൽ പെരുമാറിയതെന്നാണ് യുവാവിന്റെ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാവുന്നത്.ഡ്രൈവറായി ജോലി നോക്കവേ അങ്കമാലിയിൽ വച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നുള്ള പൊലീസ് കേസിലാണ് വാറണ്ടുണ്ടെന്ന് വെളിപ്പെടുത്തി കാളിയാർ പൊലീസ് യുവാവിനെ തടഞ്ഞുവച്ചത്.വാറണ്ടുണ്ടെന്ന് വെളിപ്പെടുത്തിയതും ബസ്സിൽ കൊണ്ടുപോയാൽ മതിയെന്ന് നിർദ്ദേശിച്ചതും സി ഐ ആയിരുന്നെന്നും ഈ ഉദ്യോഗസ്ഥൻ മാന്യമായിട്ടാണ് പെരുമാറിയതെന്നും യുവാവ് വ്യക്തമാക്കി.

അപകടത്തെതുടർന്നുള്ള പരിക്ക് മൂലം ഇയാളുടെ കാലുകളിലൊന്നിന്റെ സ്വാധീനം പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു.തെറാപ്പിയും മറ്റും നടത്തി ഇപ്പോൾ കഷ്ടി ഏതാനും അടി വയ്ക്കാമെന്ന അവസ്ഥയിലായി.ഒറ്റയടിക്ക് കൂടുതൽ ദൂരം നടന്നാൽ അസഹ്യമായ വേദനയും ശാരരീക വിഷമങ്ങളും അനുഭപ്പെടുന്നതാണ് നിലവിലെ ശാരീരിക അവസ്ഥ.സ്റ്റേഷനിൽ നിന്നും ഇറക്ക പ്രദേശത്തുകൂടി നടത്തി റോഡിലെത്തിച്ചു.ഇവിടെ കുറച്ചുനേരം നിർത്തിയ ശേഷം 300 മീറ്ററോളം മാറി ബസ്റ്റാന്റിലേക്ക് കൊണ്ടുപോയി.ബസ്സ സ്റ്റാന്റിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്നവരിൽ ഒരു പൊലീസുകാരൻ തന്ത്രപൂർവ്വം സ്ഥലത്തുനിന്നും പിൻവലിഞ്ഞു.ഏറെ നേരം കഴിഞ്ഞാണ് ഈ പൊലീസുകാരൻ മടങ്ങി വന്നതെന്നും ഈസമയമത്രയും ഒരു കാഴ്ച വസ്തു എന്ന പോലെ പൊലീസുകാരൻ തന്റെ കൈയിൽ അണിയിച്ചിരുന്ന വലങ്ങിൽ പിടിച്ച് നിർത്തിയിരിക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു.

സ്റ്റേഷൻ പരിധി പിന്നിട്ട് പൈങ്ങോട്ടൂർ എത്താറായതോടെയാണ് പൊലീസുകാരൻ കൈയിലെ വിലങ്ങഴിച്ചതെന്നും താൻ സഞ്ചരിക്കുന്ന ബസ്സിൽ മാതാവും വരുന്നുണ്ടൈന്നറിയിച്ച അവസരത്തിലായിരുന്നു പൊലീസുകാരന്റെ ഈ നടപടിയെന്നും യുവാവ് കൂട്ടിച്ചേർത്തു.2500 രുപ പിഴയടക്കാനായിരുന്നു ഈ കേസ്സിൽ കോടതി ശിക്ഷ വിധിച്ചത്.തുക അടച്ച് യുവാവ് കേസിൽ നിന്നും ഒഴിവാകുകയും ചെയ്തു.നാട്ടുകാരിൽ നിന്നും വിവരമറിഞ്ഞാണ് ഈ ലേഖകൻ യുവാവിനെ മൊബൈലിൽ ബന്ധപ്പെട്ടത്.ഏറെ ഭീതിയോടെയാണ് യുവാവ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്.പിതാവ് നേരത്തെ മരണമടഞ്ഞു.എന്നേയും സഹോദരനെയും ഏറെ പാടുപെട്ടാണ് അമ്മ വളർത്തിയത്.ഇപ്പോഴും അമ്മ ജോലിക്ക് പോകുന്നുണ്ട്.എനിക്കാണെങ്കിൽ ഒരു പണിക്കും പോകാനും പറ്റാത്ത അവസ്ഥ.കണ്ഠം ഇടറിയതോടെ യുവാവിന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു.

സംഭവം ചർച്ചയായതോടെ സഹപ്രവർത്തകരിൽ ചിലർതന്നേ യുവാവിനോട് ക്രൂരത കാണിച്ച പൊലീസുകാരന്റെ നടപടിയെ ചോദ്യം ചെയ്തെന്നാണ് അറിയുന്നത്.പ്രതിയെ വിലങ്ങണിയിക്കാൻ അവകാശമുള്ളതുകൊണ്ടാണ് താൻ ഇത്തരത്തിൽ പെരുമാറിയതെന്നും ഇക്കര്യത്തിൽ ആരും തന്നെ ഒരു ചുക്കും ചെയ്യില്ലെന്ന് ഈ പൊലീസുകാരൻ വീമ്പിളക്കിയെന്നുമാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.
32 ശതമാനം അംഗപരിമിതനെന്ന് മെഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തിയ യുവാവിനോട് മുൻവൈരാഗ്യത്തിന്റെ പേരിൽ പൊലീസുകാരൻ കാണിച്ച ക്രൂരത ഉന്നത അധികൃതർ ഇനിയും അറിഞ്ഞിട്ടില്ലന്നാണ് സൂചന.