ചെന്നൈ: കൂവത്തൂരിലെ ഗോൾഡൻ ബേ റിസോർട്ടിൽ തമ്പടിച്ചിരിക്കുന്ന അണ്ണാ ഡിഎംകെ എംഎൽഎമാരെ ഒഴിപ്പിക്കാൻ തമിഴ്‌നാട് പൊലീസ് ശ്രമം തുടങ്ങി. റിസോർട്ട് ഒഴിയാനുള്ള പൊലീസിന്റെ ആവശ്യം മന്ത്രിമാരും എംഎൽഎമാരും തള്ളിയതിനെ തുടർന്ന് ഇവരെ ബലമായി ഒഴിപ്പിക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായി റിസോർട്ടിലേക്കുള്ള വൈദ്യുത ബന്ധം പൊലീസ് വിച്ഛേദിച്ചു. 'ടൈംസ് ഓഫ് ഇന്ത്യ'യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

എംഎൽഎമാർ റിസോർട്ടിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ശശികലയുമായും എംഎൽഎമാരുമായും റിസോർട്ടിൽ പൊലീസ് ചർച്ച നടത്തി. എന്നാൽ ചർച്ച ഫലവത്താകാതെ വന്നതോടെ പൊലീസ് വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു.

ഇരുപതോളം എംഎൽഎമാരും ഏതാനും മന്ത്രിമാരുമാണ് റിസോർട്ടിന് പുറത്തുപോകാൻ വിസമ്മതിച്ചത് എന്നാണ് റിപ്പോർട്ടുകൾ. തങ്ങളെ ബലംപ്രയോഗിച്ച് പുറത്തിറക്കാൻ അനുവദിക്കില്ലെന്നും അതിന് ശ്രമിച്ചാൽ റിസോർട്ടിന് പുറത്ത് ധർണ ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.

അണ്ണാ ഡിഎംകെയുടെ ശശികലയെ പിന്തുണയ്ക്കുന്ന നൂറോളം എംഎൽഎമാർ ദിവസങ്ങളായി ഇവിടെയാണ് താമസിക്കുന്നത്. രാവിലെ ശശികലയ്ക്ക് എതിരായ കോടതി വിധി വന്നയുടനെ പൊലീസ് റിസോർട്ടിന്റെയും പരിസരത്തെയും നിയന്ത്രണം ഏറ്റെടുത്തിരുന്നു. കൂവത്തൂരിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.

റിസോർട്ടിൽ രാത്രി ഒമ്പതുവരെ ഉണ്ടായിരുന്ന ശശികല പിന്നീട് ചെന്നൈയിലെ പോയസ് ഗാർഡനിലേക്കു പോയി. മുതിർന്ന നേതാവ് സെങ്കോട്ടയ്യൻ മാത്രമാണ് അവരെ അനുഗമിച്ചത്.

അതിനിടെ സംസ്ഥാന പൊലീസ് മേധാവി ടി.കെ. രാജേന്ദ്രൻ, ചെന്നൈ പൊലീസ് കമ്മിഷണർ എസ്. ജോർജ് എന്നിവരുമായി ഗവർണർ സി. വിദ്യാസാഗർ റാവു കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു കൂടിക്കാഴ്ച. നേരത്തെ, കൂവത്തൂർ റിസോർട്ടിൽനിന്ന് അഞ്ചു ഗുണ്ടകളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു. സുരക്ഷാ ജീവനക്കാരെന്ന വ്യജേന നിലയുറപ്പിച്ചവരെയാണ് അറസ്റ്റു ചെയ്തത്.

അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശശികലയ്ക്കെതിരായ വിചാരണക്കോടതി വിധി സുപ്രീം കോടതി ശരിവച്ചതിനു പിന്നാലെ എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിനു ചുറ്റും പൊലീസ് കനത്ത സുരക്ഷാ വലയം തീർത്തിരുന്നു. സംസ്ഥാന ഗതാഗത വകുപ്പിന്റെ നാലു ബസ്സുകളും റിസോർട്ടിനുള്ളിലെത്തിച്ചു. എംഎൽഎമാരെ ഇവിടെനിന്നു നീക്കാനായിരുന്നു ഇത്. എന്നാൽ, റിസോർട്ട് ഒഴിയാൻ എംഎൽഎമാർ ഇനിയും കൂട്ടാക്കിയിട്ടില്ല.

റിസോർട്ടിനുചുറ്റും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും കമാൻഡോകളെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടിലും കർണാടക അതിർത്തിയിലും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.