- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസംഗത്തിൽ അനുപമയുടെ പേര് പറഞ്ഞിട്ടില്ല; ദത്ത് വിവാദത്തിൽ മന്ത്രിക്കെതിരെ കേസെടുക്കേണ്ടെന്ന് നിയമോപദേശം; പരാതിക്കാരിക്ക് കോടതിയിൽ മാനനഷ്ടഹർജി നൽകാം; ദത്ത് വിവാദത്തിൽ അനുപമയുടെ തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മീഷൻ നിർദ്ദേശം
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ ആക്ഷേപത്തിൽ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കില്ല. വിവാദ പ്രസംഗം നടത്തിയ മന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ട എന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം.
പ്രസംഗത്തിൽ ആരുടേയും പേര് പരാമർശിക്കാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ സി എസ് ഹരി പറഞ്ഞു. പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് പൊലീസ് നിയമോപദേശം തേടിയത്. അനുപമയ്ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാമെന്നാണ് പൊലീസിന്റെ നിലപാട്.
അനുവാദമില്ലാതെ കുട്ടിയെ ദത്ത് നൽകിയെന്ന് പരാതിപ്പെട്ട അനുപമയെയും പങ്കാളി അജിത്തിനെയും ആക്ഷേപിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പബ്ലിക് പ്രോസിക്യൂട്ടറോട് നിയമപദേശം തേടിയെന്നാണ് ശ്രീകാര്യം പൊലീസ് പറയുന്നത്. പ്രസംഗത്തിൽ അനുപമയുടെയോ അജിത്തിന്റെയോ മറ്റാരുടെയെങ്കിലുമോ പേരുകൾ മന്ത്രി പരാമർശിക്കുന്നില്ല.
അതിനാൽ വ്യക്തിപരമായി ആക്ഷേപിച്ചെന്ന പരാതിയിൽ പൊലീസിന് കേസെടുക്കാനാവില്ലെന്നാണ് നിയമോപദേശം. കേസെടുക്കണമെങ്കിൽ പരാതിക്കാർ കോടതിയിൽ മാനനഷ്ടഹർജി നൽകുകയാണ് വേണ്ടതെന്നും നിയമോപദേശത്തിൽ പറയുന്നു. പ്രസംഗം വിവാദമായതിന് പിന്നാലെ ഇതേകാര്യം വിശദീകരിച്ചായിരുന്നു മന്ത്രി ഒഴിഞ്ഞുമാറിയതും.
ദത്ത് വിവാദവുമായി ബന്ധപ്പെട്ട് അനുപമയെയും അജിത്തിനെയും ആക്ഷേപിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇതിനെതിരെ അനുപമ പേരൂർക്കട പൊലീസിൽ പരാതി നൽകിയിരുന്നു. കാര്യവട്ടം ക്യാമ്പസിൽ നടത്തിയ പ്രസംഗമായതിനാൽ പരാതി പേരൂർക്കട പൊലീസ് ശ്രീകാര്യം പൊലീസിന് കൈമാറി. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചതിന് ശേഷമാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ സംഭവത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണ്ടതില്ല എന്ന് പൊലീസിന് നിയമോപദേശം നൽകിയത്.
അതേ സമയം ദത്ത് കേസിൽ പരാതിക്കാരിയായ അനുപമയുടെ വിദ്യാഭ്യാസ, തിരിച്ചറിയൽ രേഖകൾ ഹാജരാക്കാൻ വനിതാ കമ്മീഷൻ എതിർകക്ഷികൾക്ക് നിർദ്ദേശം നൽകി. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി രേഖകൾ കമ്മീഷൻ ആസ്ഥാനത്ത് ഹാജരാക്കണമെന്നാണ് എതിർകക്ഷിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രന് നൽകിയ നിർദ്ദേശം.
കേസിൽ റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും ശിശുക്ഷേമ സമിതിയോടും വനിതാ ശിശു വികസന വകുപ്പിനോടും കമ്മീഷൻ വീണ്ടും ആവശ്യപ്പെട്ടു. കേസ് പരിഗണിച്ച ഇന്ന് റിപ്പോർട്ട് ഹാജാരാക്കത്തത് കണക്കിലെടുത്താണ് വീണ്ടും റിപ്പോർട്ട് തേടിയത്. കേസിൽ അനുപമയുടെ മൊഴി രേഖപ്പെടുത്തി. കോടതിയിൽ പരിഗണനയിലുള്ള വിഷയമായതിനാൽ ഹാജരാകാനാകില്ലെന്ന് എതിർകക്ഷികൾ രേഖാമൂലം വനിതാ കമ്മീഷനെ അറിയിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ