കൊച്ചി: വസ്തുതർക്കവും അതിർത്തി തർക്കവുമുൾപ്പെടെയുള്ള സിവിൽ തർക്കങ്ങളിൽ ഇടപെട്ട് പൊലീസ് തീരുമാനമെടുക്കരുതെന്ന് ഹൈക്കോടതി. ഇക്കാര്യങ്ങളിൽ സിവിൽ കോടതികളാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും തീരുമാനമെടുക്കാൻ പൊലീസിനു സാധ്യമല്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിലെ പൊലീസ് സംരക്ഷണ ഹർജികൾ സിവിൽ അന്യായത്തിനു പകരമല്ല. വസ്തുവിന്മേലുള്ള അവകാശം, ഉടമസ്ഥത, കൈവശം, താൽപര്യം എന്നീ കാര്യങ്ങളിൽ സിവിൽകോടതികളാണ് ഉചിതമായ നടപടികളിലൂടെ തീരുമാനമെടുക്കേണ്ടത്. - ജസ്റ്റിസ് കെ.ടി.ശങ്കരൻ, ജസ്റ്റിസ് എ.ഹരിപ്രസാദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

കേരള പൊലീസ് നിയമത്തിലെ വ്യവസ്ഥയനുസരിച്ച് സിവിൽ അവകാശ തർക്കങ്ങളിൽ ഇടപെട്ടു തീരുമാനമെടുക്കാൻ പൊലീസ് ഓഫിസർമാർക്ക് അധികാരമില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. എറണാകുളം ജില്ലയിലെ നടമ വില്ലേജിലെ ഭൂമി കൈവശം വച്ച് അനുഭവിക്കുന്നതിനു തടസ്സമുണ്ടാകാതിരിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അജിത് അസോഷ്യേറ്റ്‌സ് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങൾ. അതിർത്തി നിർണയിക്കാനുള്ള സിവിൽ കേസ് നടപടികളെ മറികടക്കാൻ പൊലീസ് സംരക്ഷണ ഹർജിയിലൂടെ ശ്രമിക്കുന്നതു നിയമപരമായി നിലനിൽക്കില്ലെന്നും കോടതി വ്യക്തമാക്കി.

സിവിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗമായിരിക്കെ ജസ്റ്റീസ് ആർ. നടരാജൻ മുൻപ് നിർദേശിച്ചിരുന്നു. വഴിത്തർക്കങ്ങളിൽ ഇടപെടാൻ പൊലീസിന് അധികാരമില്ലെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. വഴി അവകാശം നിഷേധിക്കപ്പെടുന്ന സന്ദർഭങ്ങളിൽ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വഴി പുനഃസ്ഥാപിക്കണം. പൊലീസ് ഇക്കാര്യത്തിൽ ആർക്കും ഒത്താശ ചെയ്തുകൊടുക്കരുത്. സിവിൽ കേസുകളിൽ പൊലീസ് ഭീഷണിപ്പെടുത്തുന്ന സംഭവങ്ങൾ ഉണ്ടായാൽ അത് സേനക്കുതന്നെ അപമാനകരമാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ സിവിൽ തർക്കങ്ങളിൽനിന്ന് പൊലീസ് മാറിനിൽക്കണം.

സ്ത്രീകളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യരുത്. ചേർത്തല സ്വദേശിയായ വീട്ടമ്മ മൈഥിലി നൽകിയ പരാതിയിലായിലായിരുന്നു ജസ്റ്റീസ് നടരാജൻ ഈ നിർദ്ദേശം നൽകിയത്. തനിക്ക് 18 സെന്റ് സ്ഥലമുണ്ടെന്നും ഇതിൽ ഒന്നര അടി വീതിയിൽ വഴിക്ക് വിട്ടുകൊടുത്തെന്നും എന്നാൽ, അയൽക്കാർ പൊലീസുകാരുടെ സഹായത്തോടെ തനിക്കെതിരെ പ്രവർത്തിക്കുകയാണെന്നും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തതായും പരാതിയിൽ പറഞ്ഞിരുന്നു. ചേർത്തല എസ്.ഐ ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതെ പ്രവർത്തിക്കണമെന്ന് ചൂണ്ടിക്കാട്ടിയ നടരാജൻ സ്ത്രീകളെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യംചെയ്യരുതെന്ന് ചേർത്തല എസ്.ഐക്ക് കർശന നിർദ്ദേശം നൽകണമെന്നും അന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു.

ഇത്തരം സംഭവങ്ങളിൽ പൊലീസ് മാദ്ധ്യസ്ഥം വഹിക്കുന്നതായും തർക്കങ്ങളിൽ വാദിഭാഗത്തുനിന്നും പ്രതിഭാഗത്തുനിന്നും പണംവാങ്ങി ഒത്തുതീർപ്പു നടത്തുന്നുവെന്നും ഏറെക്കാലമായി പരാതികളുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്നുതന്നെ ഇത്തരമൊരു പരാമർശം വരുന്നത്.