ഓക്ക്‌ലാൻഡ്: അമിതവണ്ണം സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിന് ന്യായീകരണമല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസും ട്രാൻസ്‌പോർട്ട് അധികൃതരും രംഗത്തെത്തി. അമിത വണ്ണമുള്ളവർക്ക് വിമാനത്തിലും മറ്റും നൽകുന്ന സീറ്റ് ബെൽറ്റ് എക്‌സ്റ്റൻഡറുകൾ പോലെയുള്ള വസ്തുക്കൾ പകരം ഉപയോഗിക്കണമെന്നും റോഡ് സുരക്ഷ ഉറപ്പാക്കേണ്ടത് ഡ്രൈവറുടെ കടമയാണെന്നും അധികൃതർ വ്യക്തമാക്കി.

അടുത്ത ദിവസങ്ങളിൽ ഫേസ് ബുക്കിൽ ഒരു വീഡിയോ വൈറൽ ആയതിനെ തുടർന്നാണ് സീറ്റ് ബെൽറ്റ് വിഷയത്തിൽ പൊലീസ് വിശദീകരണവുമായി രംഗത്തെത്തിയത്. അമിത വണ്ണമുള്ള ഓക്ക്‌ലാൻഡ് സ്വദേശിനി സീറ്റ് ബെൽറ്റ് ഇട്ട് വാഹനമോടിക്കാൻ വിമുഖത കാട്ടുന്നതും തനിക്ക് ഈ സീറ്റ് ബെൽറ്റ് യോജിക്കുന്നില്ല എന്നു പറയുന്നതുമാണ് വീഡിയോയിൽ. യുവതിയുടെ തന്നെ സഹോദരിയാണ് വീഡിയോ ഷൂട്ട് ചെയ്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.

സീറ്റ് ബെൽറ്റ് ധരിക്കാൻ സാധിക്കില്ല എന്നു വിശദമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമേ 150 ഡോളർ പിഴയിൽ നിന്നു രക്ഷപ്പെടാൻ സാധിക്കുകയുള്ളൂവെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് സേഫ്റ്റി മാനേജർ ബ്രെന്റ് ജോൺസ്റ്റണും വ്യക്തമാക്കി. നിലവിലുള്ള സ്റ്റാൻഡാർഡ് സീറ്റ് ബെൽറ്റ് യോജിക്കാത്തവർ എക്‌സ്റ്റൻഡർ ബെൽറ്റ് വാങ്ങി ഉപയോഗിക്കണം. സീറ്റ് ബെൽറ്റ് ധരിക്കുകയെന്നത് ഓപ്ഷണലായ കാര്യമല്ലെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും റോഡ് പൊലീസിങ് ഓപ്പറേഷൻസ് മാനേജർ, ഇൻസ്‌പെക്ടർ പീറ്റർ മക്കെന്നി പറയുന്നു.

കഴിഞ്ഞ വർഷം ന്യൂസിലാൻഡിൽ റോഡപകടത്തിൽ 327 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 90 പേരും സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലായിരുന്നു. അപകടങ്ങളുണ്ടാകുമ്പോൾ മരണം, ഗുരുതരമായ പരിക്ക് എന്നിവയിൽ നിന്നും രക്ഷ നൽകുന്നതാണ് സീറ്റ് ബെൽറ്റ്.