ലക്‌നൗ: വണ്ടിക്കാരിൽ നിന്നു ശേഖരിച്ച കൈക്കൂലി പങ്കു വയ്ക്കുന്നതിനെച്ചൊല്ലി പൊലീസുകാർതമ്മിൽ ഉണ്ടായ തർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിച്ചു. സംഭവം കണ്ടുനിന്ന ചിലർ ദൃശ്യങ്ങൾ പകർത്തി ഷെയർ ചെയ്തതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പട്ടാപ്പകൽ നടുറോഡിലായിരുന്നു യൂണിഫോമിൽ നിന്നുള്ള പൊലീസുകാരുടെ കൂട്ടത്തല്ല്. തുടക്കത്തിൽ രണ്ട് പൊലീസുകൾ തമ്മിലായിരുന്നു തല്ല്. ഇവരെ പിടിച്ചു മാറ്റാൻ മറ്റു രണ്ടു പൊലീസുകാർ വന്നെങ്കിലും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചില്ല. തുടർന്നു മേലുദ്യോഗസ്ഥൻ എത്തിയിട്ടും പൊരിഞ്ഞ അടി തുടർന്നു.

നിരവധി വാഹനങ്ങളും യാത്രക്കാരും കടന്നുപോകുന്ന റോഡിൽ വച്ചായിരുന്നു പൊലീസുകാർ തമ്മിൽ അടിയുണ്ടാക്കിയത്. ലഭിച്ച കൈക്കുലി പങ്കുവയ്ക്കുന്നതിനിടയിൽ ഒരാളുടെ പങ്ക് മറ്റെയാൾ എടുത്തതാണു സംഘർഷത്തിൽ കലാശിച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ കൈക്കൂലി ആരോപണം പൊലീസുകാർ നിഷേധിച്ചു.

ട്രാഫിക്ക് ജാം നിയന്ത്രിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അടിയിൽ കലാശിച്ചതെന്നാണു അവരുടെ വിശദീകരണം. സംഭവത്തിൽ വീരേന്ദ്ര യാദവ് എന്ന പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.