- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിലുറപ്പ് കൂലി വാങ്ങാൻ നിന്നയാൾക്ക് പിഴ; മീൻ വിൽപ്പനക്കാരിയുടെ മീൻ പിടിച്ചെടുത്തു നശിപ്പിച്ചും കണ്ണിൽ ചോരയില്ലായ്മ; ഏറ്റവും ഒടുവിൽ പശുവിന് പുല്ലരിയാൻ പോയ നാരായണേട്ടന് 2000രൂപ പിഴയും ഏമാന്മാർ വക! കോവിഡിന്റെ പേരിൽ പൊലീസിന്റെ കണ്ണില്ലാ ക്രൂരതകൾ തുടരുന്നു
കാസർകോട്: തൊഴിലുറപ്പ് കൂലി വാങ്ങാൻ ബാങ്കിൽ ക്യൂ നിന്നതിന്റെ പേരിലാണ് ചടയമംഗലതതെ ഷിഹാബുദ്ദീന് പൊലീസ് പിഴ ചുമത്തിയത്. ഇതിനെ ചോദ്യം ചെയ്ത ഗൗരി നന്ദക്കെതിരെ കേസുമെടുത്തു ഇവർ. ഈ കേസ് വിവാദമായതിന് പിന്നാലെ പൊലീസിന്റെ അടുത്ത നടപടിയും എത്തി. ഇത്തവണ പണി കിട്ടിയത് കരുനാഗപ്പള്ളിയിലെ മീൻ വിൽപ്പനക്കാരിക്കായിരുന്നു. ഇവിടെ ഒരു സാധുവായ യുവതിയുടെ മീൻ പിടിച്ചെടുത്തു നശിപ്പിച്ച പൊലീസ് ക്രൂരതക്കെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ഏറ്റവും ഒടുവിലായി കോവിഡിന്റെ മറവിലെ പൊലീസ് ക്രൂരതക്ക് ഇരയായത് സാധുവായ ഒരു ക്ഷീരകർഷകനാണ്.
പശുവിന് പുല്ലരിയാൻ വിജനമായ പറമ്പിലേക്ക് ഇറങ്ങിയ കുറ്റത്തിന് ക്ഷീര കർഷകന് 2000രൂപയാണ് പിഴയിട്ടത്. മൂന്ന് പൊലീസുകാർ വീട്ടിലെത്തിയാണ് പിഴയടക്കാൻ നോട്ടീസ് നൽകിയത്. പിഴ നൽകിയില്ലെങ്കിൽ കേസ് കോടതിയിലെത്തിച്ച് വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്റെ മുന്നറിയിപ്പ്. കാസർകോട് അമ്പലത്തറ പൊലീസാണ് പാവപ്പെട്ട കർഷകന്റെ അന്നംമുട്ടിച്ചത്.
കോടോം-ബെളൂർ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണനോടാണ് പൊലീസിന്റെ കണ്ണിൽ ചോരയില്ലാത്ത നടപടി. ഭാര്യ ഷൈലജ കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അരലക്ഷം രൂപ വായ്പയെടുത്താണ് ഇദ്ദേഹം പശുവിനെ വാങ്ങിയത്. എട്ട് ലിറ്റർ പാൽ കിട്ടുന്നത് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്.
പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ് ഭാര്യക്ക് കോവിഡ് വന്നത്. ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ജോലിക്ക് ശ്രമിക്കുന്നതിനാൽ കോവിഡില്ലാ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് പരിശോധന നടത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ പാൽ വാങ്ങാൻ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാൽ പശുവിന് പല അസ്വസ്ഥതകളും അനുഭവപ്പെട്ടു.
25 സെന്റ് പുരയിടത്തിൽ പുല്ലൊന്നുമില്ല. അതിനാൽ തൊട്ടടുത്തെ പറമ്പിൽ മാസ്കിട്ടശേഷം 46കാരനായ നാരായണൻ പുല്ലരിയാൻ പോകുകയായിരുന്നു. പൂർണമായും വിജനമായ സ്ഥലം. കന്നുകാലികളെ നിങ്ങൾ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓർമപ്പെടുത്തലായിരുന്നു ഇദ്ദേഹത്തിന്റെ മനസ്സിൽ. ''പശുവിന് പുല്ലരിഞ്ഞാൽ കോവിഡ് പരക്കുന്നത് എങ്ങനെയാണ്. ക്വാറന്റീനിൽ കഴിയേണ്ട നിങ്ങൾ വേറെ ആരെ കൊണ്ടെങ്കിലും പുല്ല് അരിയാൻ പറയണം എന്നാണ് പൊലീസുകാർ നിർദേശിച്ചത്. ആരാണ് എന്റെ പശുവിന് പുല്ലെരിയാൻ വരിക. എന്ത് മണ്ടത്തരമാണ് പൊലീസ് പറയുന്നത്''- നാരായണൻ പറയുന്നു.
മക്കൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ കടമെടുത്ത ഇയാൾ എങ്ങനെ രണ്ടായിരം രൂപ ഫൈൻ അടക്കുമെന്ന ചിന്തയിലാണ്. ഉപജീവന മാർഗവും വഴിമുട്ടിയിരിക്കയാണ് ഇപ്പോൾ. ഒടുവിൽ അടുത്ത ബന്ധു പിഴ അടക്കുകയായിരുന്നു. ഭാര്യക്ക് കോവിഡ് വന്നിട്ട് 10ദിവസമായെങ്കിലും പശുവിനെ ആര് പരിപാലിക്കുമെന്നാണ് ഇയാളുടെ ചോദ്യം.
സൈബർ ലോകത്തും ഈ സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നുണ്ട്. ഇതേക്കുറിച്ച റോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
പശുവിന് പുല്ലുവെട്ടിയാൽ കൊറോണ പടരുമെന്ന് കേരള പൊലീസിന്റെ കണ്ടുപിടിത്തം. മാസ്ക് വെച്ച് പുല്ല രിയാൻ പോയ നാരായണൻ എന്ന കർഷകൻ കോവിഡ് പരത്താൻ ശ്രമിച്ചു എന്നാരോപിച്ച് 2000 രൂപ പിഴ വിധിച്ച് കേരളാ പൊലീസ് മാതൃകയായി- കോവിഡിനെ പിടിച്ചു കെട്ടുന്ന ഉത്തമമായ കേരള മോഡൽ!
കാസർകോട് ജില്ലയിലെ കോടോം- ബേലൂർ പഞ്ചായത്തിലാണ് സംഭവം.
പട്ടിണി കിടക്കുന്ന പശുവിന് പുല്ലരിഞ്ഞു കൊടുക്കുന്നതുകൊറോണ പരത്താനിടയാകുമെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് ആ സാധു കർഷകൻ പറയുന്നു. ജനങ്ങൾ കൂട്ടം കൂടിയാൽ കൊറോണ പടരുമെന്ന് തനിക്കറിയാം, പക്ഷേ, പുല്ല് പറിക്കാൻ ഒറ്റയ്ക്ക് പോയാൽ കൊറോണ പടരുമെന്ന കാര്യം ആദ്യമായാണ് അറിഞ്ഞതെന്ന് നാരായണൻ പരിഹാസത്തോടെ പറഞ്ഞു.
50000 രൂപ ബാങ്ക് വായ്പ എടുത്ത് പശുവിനെ പോറ്റാൻ പാടുപെടുന്ന കർഷകന്റെ നടു തല്ലി ഒടിക്കുന്ന പരിപാടിയാണിത്. സെക്രട്ടറിയേറ്റ് നടയിൽ ദിവസവും ആയിരങ്ങൾ പങ്കെടുക്കുന്ന സമര കോലാഹങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. രാഷ്ടീയക്കാർക്കും മത - സാമുദായിക നേതാക്കൾക്കും കൂട്ടം കൂടി എന്ത് ആഭാസവും കാണിക്കാം - പുല്ലു പറിക്കാൻ ഒറ്റയ്ക്ക് പോകുന്നവൻ കൊറോണ പടർത്തി എന്ന് പറഞ്ഞ് പെറ്റി അടിക്കുന്ന തന്തയ്ക്ക് പിറക്കാഴിക്കെതിരെ മിണ്ടാനും പ്രതിഷേധിക്കാനും ആരുമില്ല.