കാസർഗോഡ്: പൊലീസ് കള്ളക്കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മകൻ ആത്മഹത്യക്ക് ശ്രമിച്ചുവെന്ന പരാതിയുമായി കുടുംബം രംഗത്ത്. കാസർഗോഡ് സിഐ ഇ.ക രാജേഷും മുസ്ലിം ലീഗ് നേതാവ് നാസറും ചേർന്ന് രാഹുൽ എന്ന യുവാവിനെ വേട്ടയാടുകയാണെന്നാണ് കുടുംബം പറയുന്നത്. ഇവരുടെ ക്രൂരമായ മാനസിക പീഡനം താങ്ങാനാവതെ ആത്മഹത്യക്ക് ശ്രമിച്ച് കാസർഗോഡ് കെയർവെൽ ഹോസ്പിറ്റലിൽ ചികിൽസയിലാണ്. സിഐക്കെതിരെയും മണൽമാഫിയക്ക് ഒത്താശ ചെയ്യുന്ന മുസ്ലീലീഗ് നേതാവിനെതിരെയും നടപടിവേണമെന്ന് ആവശ്യപ്പെട്ട് രാജേഷിന്റെ പിതാവ് ചാലക്കുന്ന് കൃഷ്ണ മന്ദിറിലെ രാജുകൃഷ്ണ മുഖ്യമന്ത്രിക്കും ഡിജിപിക്കും കാസർകോട് എസ്‌പിക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്.

രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത് ഇങ്ങനെയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കാസർകോട്ടെ ഒരു വീട്ടിൽ മോഷണം നടന്നിരുന്നു. ഏകദേശം 16 പവൻ വരുന്ന സ്വർണ്ണമായിരുന്നു മോഷണം പോയത്. ഇത് ചെയ്തത് 14കാരിയായ ഒരു പെൺകുട്ടിയായിരുന്നു. ആ പെൺകുട്ടിയെ ഇതിന് പ്രേരിപ്പിച്ചത് പെൺകുട്ടിയുടെ കാമുകനായ സിൻസാർ (20) എന്ന യുവാവ് ആയിരുന്നു. മോഷണം നടത്തിയ സ്വർണം പെൺകുട്ടി സിൻസാറിനെ ഏൽപ്പിക്കുകയും അയാൾ അത് പലവഴിയിൽ ചിലവഴിക്കുകയും ചെയ്തു. അവിടുന്ന് രണ്ടാഴ്ചക്ക് ശേഷം ഈ കളവ് പിടിക്കപ്പെടുകയും 14കാരിയായ പെൺകുട്ടിയും കൂടി ഉൾപ്പെട്ടതിനാൽ ഈ കേസ് ഒത്തുതീർപ്പിലേക്ക് പോവുകയും ചെയ്തു. എന്നാൽ കാമുകനും കേസിലെ പ്രതിയുമായ സിൻസാസറിനെ 14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കുറ്റവും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി അറസ്റ്റ് ചെയ്തു. കോടതി ഇയാളെ റിമാൻഡ് ചെയ്തിരിക്കയാണ്.

എന്നാൽ സിൻസാർ ഈ സ്വർണം വിറ്റ പണം ഉപയോഗിച്ച് കാർ വാങ്ങിയെന്നും വാങ്ങിയ കാർ രാഹുലിന് വിറ്റും എന്നും നാസറും ഇ.ക രാജേഷും ആരോപിക്കയാണ്. ആരോപിക്കപ്പെടുന്ന കാർ (കെ.എൽ.14 എഫ് 3861) രാഹുലിന്റെ കയ്യിൽ നിന്നും ലീഗ് നേതാവായ നാസറും ഇ ക രാജേഷും ചേർന്ന് പിടിച്ചെടുത്ത് മറ്റെരാൾക്ക് വിൽക്കുകയും ചെയ്തു. അവർ ആരോപിക്കപ്പെടുന്ന പോലെയാണെങ്കിൽ ഈ കാർ തൊണ്ടി മുതലാകുമായിരുന്നു. അത് എങ്ങനെയാണ് വിൽക്കാൻ കഴിയുക എന്നാണ് രാഹുൽ ചോദിക്കുന്നത്.

എന്നാൽ ആർസി ഉടമ രാഹുൽ ആയതിനാൽ ലീഗ് നേതാവായ നാസറും സിഐ ഇ ക രാജേഷും ഈ യുവാവിനെ വേട്ടായാടൽ തുടർന്നു. ഈ ആർ.സി പേര് മാറ്റുന്നതിനുവേണ്ടി യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തി. കുറച്ച് ദിവസം മുന്പ് രാഹുലിനെ ആക്സിഡന്റ് കേസിൽ ഉൾപ്പെടുത്തി അകത്തിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. പിന്നീട് പ്രതിയായ സിൻസാറിന്റെ പെങ്ങളെ സ്റ്റേഷനിൽ നിന്ന് വിളിച്ച് ആർ.സി ഓണറായ രാഹുലിനെതിരെ കള്ള സാക്ഷി പറയണം എന്ന് പറഞ്ഞു. ആർസി ബുക്ക് സിൻസാറിന്റെ വീട്ടിൽ കയറി രാഹുൽ എടുത്തുകൊണ്ട് പോയി എന്ന് പറയണം എന്നായിരുന്നു ഭീഷണി. പക്ഷേ ഈ പെൺകുട്ടി ഇതിന് തയ്യാറായില്ല.

പിന്നീട് സ്റ്റേഷനിലേക്ക് രാഹുലിനെയും രാഹുലിന്റെ അച്ഛനെയും വിളിപ്പിച്ചു ഭീഷണിപ്പെടുത്തി. ആർസി ബുക്കിലെ പേര് മാറ്റാത്തപക്ഷം പ്രതിയായ സിൻസാറിന്റെ പെങ്ങളെ പീഡിപ്പിച്ചു എന്ന് പറഞ്ഞ് പോക്സോ കേസ് ചുമത്തി അകത്തിടുമെന്ന് പറഞ്ഞ് ഭീഷണപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നാണ് രാഹുലിന്റെ പിതാവ് പറയുന്നത്. സ്റ്റേഷനിൽ വെച്ച് അച്ഛനെയും രാഹുലിനെയും പൊലീസ് കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതിൽ മനം നൊന്ത രാഹുൽ ആത്മഹത്യ ശ്രമം നടത്തിയതെന്നാണ് പിതാവ് പരാതിയിൽ പറയുന്നത്.

തനിക്ക് സംഭവിച്ചകാര്യങ്ങൾ രാജേഷ് മറുനാടൻ മലയാളി പ്രതിനിധിയോട് പ്രതികരിച്ചു.' സിഐ തന്നെ തല്ലുമെന്നും പോസ്‌ക്കോ കേസിൽ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തി. ആർസിക്കുവേണ്ടി എന്നെ നിരന്തരം പീഡിപ്പിക്കയായിരുന്നു. എസ്‌പിക്കു പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ നിന്റെ അതേ വർഗമല്ലേ എന്ന് പറഞ്ഞ് പരിഹസിക്കയായിരുന്നു. '- രാഹുൽ പ്രതികരിച്ചു. യുവാവിന്റെ ദുരവസ്ഥ സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്. രാഹുലിന് നീതികിട്ടണമെന്ന് പറഞ്ഞും നിരവധിപേർ പ്രതികരിക്കുന്നുണ്ട്.