ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് അറസ്റ്റിലായ പാക് ഭീകരൻ മുഹമ്മദ് അഷ്റഫ് 13 വർഷമായി ഇന്ത്യയിൽ വ്യാജരേഖകൾ ഉപയോഗിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ്. ഇയാളെ പിടികൂടിയതോടെ പൂജാ - നവരാത്രി ആഘോഷകാലത്ത് നടത്താൻ പദ്ധതിയിട്ടിരുന്ന വലിയ ഭീകരാക്രമണ പദ്ധതി തകർത്തെന്നും പൊലീസ് അറിയിച്ചു.

രാജ്യത്തെ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താൻ അഷറഫ് പദ്ധതിയിട്ടിരുന്നതായും പൊലീസ് പറയുന്നു. നേരത്തെ നടന്ന ഭീകരാക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം.

പാക് പഞ്ചാബ് വംശജനായ അഷറഫ് മുസ്ലിം പുരോഹിതൻ എന്ന വ്യാജേനയാണ് രാജ്യത്ത് താമസിച്ചുപോന്നത്. നിരവധി പേരുകളിൽ വ്യാജ രേഖ നിർമ്മിച്ചിരുന്നു. കൂടുതൽ രേഖകൾ ലഭിക്കുന്നതിനായി ഗസ്സിയാബാദ് സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചു. ഉത്സവ സീസണിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനാണ് ഇവർ പദ്ധതിയിട്ടിരുന്നത് എന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഡെപ്യൂട്ടി കമ്മീഷണർ പ്രമോദ് ഖുശ്വാഹ പറഞ്ഞു.

പാക് ഐഎസിന്റെ നിർദ്ദേശപ്രകാരം ബംഗ്ലാദേശ് വഴിയാണ് മുഹമ്മദ് അഷ്റഫ് എന്ന ഭീകരൻ ഇന്ത്യയിലേക്ക് കടന്നത്. ഐഎസ് സ്ലീപ്പർ സെല്ലിന്റെ ഭാഗമായി കഴിഞ്ഞ 13 വർഷമായി വ്യാജരേഖകളുടെ സഹായത്തോടെ ഇന്ത്യയിൽ കഴിയുകയായിരുന്നു.

മുഹമ്മദ് നൂറി എന്ന പേരിലും ഏറെ നാൾ താമസിച്ചിരുന്നു. വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് ഇയാൾ തായ്ലാന്റ് സൗദി അറേബ്യ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നു എന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഐഎസ്ഐയുടെ പ്രത്യേക പരിശീലനം ലഭിച്ച അഷറഫ് ബംഗ്ലാദേശ് വഴി സിലിഗുരി അതിർത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയത്. ഐഎസ്ഐ ചാരനായ നസീർ എന്നയാളാണ് ഇയാളെ ഇന്ത്യയിലെത്തിച്ചത്. പീർ മൗലാന എന്ന പേരിൽ നസീർ ഡൽഹിയിൽ താമസിച്ചിരുന്നുവെന്നും അധികൃതർ അറിയിച്ചു. നേരത്തെ നടന്ന ആക്രമണങ്ങളിലും ഇയാൾക്ക് പങ്കുണ്ട്.

രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയാണ് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് തകർത്തത്. ഡൽഹി ലക്ഷ്മി നഗറിലെ രമേഷ് പാർക്ക് മേഖലയിൽ നിന്നാണ് പാക് ഭീകരനെ പിടികൂടിയത്. ഒരു എകെ-47 റൈഫിൾ, ഒരു ഗ്രനേഡ്, 50 റൗണ്ടിന്റെ രണ്ട് പിസ്റ്റലുകൾ എന്നിവ ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഇയാളിൽ നിന്നും പിടികൂടിയിരുന്നു. യമുനാനദിയുടെ തീരത്ത് ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു ആയുധങ്ങളെന്നും കുശ്വാഹ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള ആളാണ് മുഹമ്മദ് അഷ്റഫ്. ജമ്മു കശ്മീരിലെ തീവ്രവാദ ആക്രണമങ്ങളിലടക്കം ഇയാൾക്ക് പങ്കുണ്ടായിരുന്നു. രഹസ്യവിവരത്തെ തുടർന്നുള്ള നിരീക്ഷണത്തിൽ ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നാണ് സെപഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. വ്യാജരേഖകൾ ഉപയോഗിച്ച് ഇയാൾ ഇന്ത്യൻ പാസ്പോർട്ട് ഉൾപ്പെടെ ഉണ്ടാക്കിയിരുന്നു.