മലപ്പുറം: പൊലീസ് എന്ന് കേട്ടാലേ മലയാളിക്ക് പേടിയാണ്. കണ്ണിൽ ചോരയില്ലാത്ത ക്രൂരന്മാർ എന്നാണ് വയ്പ്. എന്നാൽ, പൊലീസ് അങ്ങനെയൊന്നും അല്ലെന്ന് പറയുകയാണ് മലപ്പുറത്തെ ഈ സംഭവം. ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും തണലായ പൊലീസുകാരുടേയും ഓട്ടോ ഡ്രൈവറുടേയും കഥ.

പൊലീസുകാരുടെ ക്രൂരതകൾ മാത്രം വലിയ ചർച്ചയാകുമ്പോഴാണ് ഇടപെടൽ ചെറുതാണെങ്കിലും ഒരു കുടുംബത്തിന് വലിയ ആശ്വാസമായി പെരിന്തൽമണ്ണ പൊലീസ് മാറിയത്. കഴിഞ്ഞ ഞായറാഴ്ച നിയന്ത്രണങ്ങൾക്കിടെ ആശുപത്രിയിൽ നിന്നും വീട്ടിൽ പോകാൻ കഴിയാതെ വന്ന ഉമ്മയ്ക്കും മക്കൾക്കും വീട്ടിലെത്താൻ പൊലീസിന്റെ ഇടപെടലുണ്ടായത്. 'സാറേ... അലനല്ലൂരിലേക്ക് പോകാൻ എന്താ ചെയ്യാ എന്ന് ചോദിച്ച് ഒരു മാതാവ് പൊലീസുകാർക്കരികിലേക്ക് എത്തി. രണ്ട് ആൺമക്കളാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. അലനല്ലൂരിലേക്ക് പോകാൻ ഓട്ടോയല്ലാതെ മറ്റു മാർഗങ്ങളില്ല. ഉമ്മയുടെ കയ്യിലാണേൽ ആകെയുള്ളത് 20 രൂപയും. മൂത്തവന് സുഖമില്ലാത്തതിനാൽ നട്ടെല്ലിന് സൂചി വെച്ച് അമൃത ആശുപത്രിയിൽ നിന്നും തിരിച്ചുവരുന്ന വഴിയാണ്. ഓട്ടോയ്ക്ക് ചാർജ് ചോദിച്ചപ്പോൾ 700 രൂപയെങ്കിലും വേണമെന്നാ ഓട്ടോക്കാരൻ പറഞ്ഞതെന്ന് ഉമ്മ പറഞ്ഞു.

ഇതെല്ലാം കേട്ട പൊലീസുകാർ തൊട്ടടുത്ത കടയുടെ തിണ്ണയിൽ ഇരിക്കാൻ ഉമ്മയോടു പറഞ്ഞു. പിന്നാലെ ഈ ഉമ്മയ്ക്കും മക്കൾക്കും പോകാനുള്ള വാഹനം പൊലീസ് തെരയാൻ തുടങ്ങി. ആദ്യം എത്തിയ ഓട്ടോക്കാരൻ വാഹനത്തിന്റെ ടയർ മോശമാണെന്ന് പറഞ്ഞ് കൈമലർത്തി. പിന്നാലെ എത്തിയ ഓട്ടോക്കാരൻ വെറും 300 രൂപയ്ക്ക് ഇവരെ എത്തിക്കാമെന്ന് പറഞ്ഞു. ഉമ്മയുടെ കൈയിൽ അത്രയും പണമില്ലെന്നു മനസിലാക്കിയ പൊലീസുകാർ ചേർന്ന് പണം പിരിച്ചെടുത്തു.

ആ തുക ഓട്ടോ ഡ്രൈവർക്ക് നൽകിയാണ് ഉമ്മയെയും മക്കളെയും പെരിന്തൽമണ്ണ സ്റ്റേഷനിലെ പൊലീസുകാർ യാത്രയാക്കിയത്. ഇവർ പറയുന്ന സ്ഥലത്ത് വണ്ടി നിർത്തി കൊടുക്കണം എന്നും ഓട്ടോ ഡ്രൈവറോട് പൊലീസുകാർ അഭ്യർത്ഥിക്കുകയും ചെയ്തു. നിറകണ്ണുകളോടെ പൊലീസുകാർക്ക് നന്ദി പറഞ്ഞാണ് ഉമ്മയും മക്കളും വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ ഓട്ടോക്ക് പകുതി കാശുപോലും വാങ്ങിക്കാതെ എത്തിച്ച ഓട്ടോ ഡ്രൈവറാണ് പൊലീസുകാരേക്കാൾ വലിയ മാതൃക കാണിച്ചത്.

പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെ എസ്ഐമാരായ അബ്ദുൽ അസീസ്, അബ്ദുൽ ഗഫൂർ, എഎസ്ഐ രാമചന്ദ്രൻ, സീനിയർ സിപിഒ മൊയ്തീൻ, സുരേന്ദ്ര ബാബു, സുരേഷ് എന്നിവരായിരുന്നു കാക്കിക്കുള്ളിലെ നന്മ മരങ്ങൾ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു നിരവധി ആളുകളാണ് രംഗത്തെത്തിയത്.