ചേർപ്പ്: വീട്ടിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ ചേട്ടനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കുഴിച്ചു മൂടിയ ശേഷം ഭാവവ്യത്യാസവുമില്ലാതെ സാബു ചേട്ടനെ 'തിരഞ്ഞുനടന്നത്' ഒമ്പതുദിവസം. മൃതദേഹം കണ്ടെത്തിയതറിഞ്ഞ് സാബു പൊലീസിനും ജനക്കൂട്ടത്തിനുമിടയിൽ കാത്തുനിൽക്കുമ്പോഴും ആളുകൾ വിവരം തേടിയപ്പോഴും പതറിയില്ല. എന്നാൽ, പൊലീസിന്റെ സംശയങ്ങൾക്ക് മുന്നിൽ അധികനേരം പിടിച്ചുനിൽക്കാൻ സാബുവിന് കഴിഞ്ഞില്ല.

ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് കൊട്ടേക്കാട്ട്പറമ്പിൽ പരേതനായ ജോയിയുടെ മകൻ ബാബു (27) ആണ് കൊല്ലപ്പെട്ടത്. ഒമ്പതാം നാൾ മൃതദേഹം കണ്ടെത്തിയ ഉടൻ അനുജൻ സാബു (25)വിനെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിൽ അമ്മ പത്മാവതിക്ക് പങ്കുണ്ടെങ്കിലും രക്തസമ്മർദത്തെത്തുടർന്ന് ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ ആയതിനാൽ അറസ്റ്റ് പിന്നീട് ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

വീതി കുറഞ്ഞ കുഴി ഉണ്ടാക്കി മൃതദേഹം ചെരിച്ചുകിടത്തി അതിനു മുകളിൽ കുമ്മായം, ബ്ലീച്ചിങ് പൗഡർ എന്നിവ വിതറിയിരുന്നു. വീതി കുറവായതിനാൽ മൃതദേഹം ചെരിച്ചാണ് കിടത്തിയിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽനിന്ന് ഇവരുടെ അമ്മ പത്മാവതി നുണകൾ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ശേഷം രക്തസമ്മർദത്തെത്തുടർന്ന് പത്മാവതിയെ ആശുപത്രിയിലാക്കി.

'ബാബുവിനെ കാണാതായി നാല് ദിവസത്തിനുശേഷമാണ് സാബു വിവരം പറയുന്നത്. പരാതി കൊടുക്കാൻ പറഞ്ഞപ്പോൾ ഉടൻ സ്റ്റേഷനിൽ വന്ന് പരാതി നൽകുകയും ചെയ്തു. ഇടയ്ക്കിടെ ചേട്ടനെക്കുറിച്ച് വിവരങ്ങൾ തേടി. നാലു തവണകൂടെ പൊലീസ് സ്റ്റേഷനിൽ പോയി. സംസാരത്തിൽ ഒരു സംശയവും തോന്നിയില്ല'- മുൻ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. വിനോദ് പറഞ്ഞു.

നാട്ടുകാരുടെ സംശയത്തെത്തുടർന്ന് ജൂബിലി പടവ് പ്രസിഡന്റ് മജീദ് മുത്തുള്ളിയാലിന്റെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ അവിടെ തിരച്ചിൽ നടത്തുമ്പോൾ സാബു വീട്ടിലുണ്ടായിരുന്നു. പൊലീസ് ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ ഇല്ലെന്നാണ് സാബു പറഞ്ഞത്.

വീട്ടിലെ ടി.വി. തകർന്ന നിലയിൽ കണ്ടതും സംശയത്തിനിടയാക്കി. നാല് കൊല്ലംമുമ്പ് അച്ഛൻ മരിച്ചതിനെത്തുടർന്ന് സ്റ്റീൽ ഫാബ്രിക്കേഷൻ ജോലിക്ക് പോയിരുന്ന ഈ രണ്ടു മക്കളായിരുന്നു കുടുംബത്തിന്റെ തണൽ. പിന്നീട് ലഹരിക്കടിപ്പെട്ട ബാബു ജോലിക്ക് പോകാതായി. മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് ചേട്ടനെ സാബു കൊലപ്പെടുത്തിയത്.

വീടിന് സമീപമുള്ള കടയാറ്റി പാടത്തെ ബണ്ടിൽ കുഴിച്ചിട്ട ഒമ്പതുദിവസം പഴക്കമുള്ള മൃതദേഹം പൊലീസ് പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിന് മാറ്റിയിരുന്നു. മാർച്ച് 15 മുതൽ ചേട്ടനെ കാണാനില്ലെന്നുകാണിച്ച് 19-ന് സാബു ചേർപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. 22-ന് പശുവിനെ തീറ്റാൻപോയ നാട്ടുകാരനായ സുധാകരൻ ബണ്ടിലെ മണ്ണ് ഇളകിക്കിടക്കുന്നതും ഒരു ഭാഗം തെരുവുനായ്ക്കൾ ചേർന്ന് കുഴിക്കുന്നതും കണ്ടിരുന്നു.

വ്യാഴാഴ്ച രാവിലെ അതേസ്ഥലത്ത് സുധാകരൻ എത്തിയപ്പോൾ മണ്ണ് പൂർവസ്ഥിതിയിൽ കിടക്കുന്നതുകണ്ട് സംശയം തോന്നി നാട്ടുകാരെ വിവരം അറിയിച്ചു. കൈക്കോട്ട് ഉപയോഗിച്ച് കുഴിച്ചുനോക്കിയപ്പോൾ സിമന്റ്കട്ട നിരത്തിവെച്ച നിലയിൽ കണ്ടു. ദുർഗന്ധവും വന്നതോടെ ചേർപ്പ് പൊലീസിൽ വിവരം അറിയിച്ചു. ചേർപ്പ് എസ്‌ഐ. ജെ. ജെയ്സൻ സ്ഥലത്തെത്തി പരിശോധന നടത്തിയതിൽ മൃതദേഹത്തിന്റെ കൈയുടെ ഭാഗം കണ്ടു. ബാബുവിന്റെ കൈയിൽ പച്ചകുത്തിയിരുന്നു.

ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോങ്രേ, ഡിവൈ.എസ്‌പി.മാരുടെ നേതൃത്വത്തിലുള്ള പൊലീസ്, ഫോറൻസിക് സർജൻ, ഡോഗ് സ്‌ക്വാഡ്, തഹസിൽദാർ എന്നിവരും സ്ഥലത്തെത്തി. ഉച്ചതിരിഞ്ഞ് നാലരയോടെയാണ് മൃതദേഹം പുറത്തെടുത്തത്.

മാർച്ച് 15-ന് രാത്രിയാണ് കൊലപാതകം നടന്നത്. മദ്യപിച്ച് ലക്കുകെട്ട നിലയിൽ വീട്ടിലെത്തിയ ബാബുവിനെ സാബു മർദിക്കുകയും കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 300 മീറ്റർ അകലെയാണ് മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹം കൊണ്ടുപോകാനും കുഴിച്ചിടാനും സഹായി ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു.