- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക് ഡൗൺ കാലത്ത് ബിനീഷ് കോടിയേരി പങ്കെടുത്ത നിശാ പാർട്ടി നടന്ന റിസോർട്ട് തേടി പൊലീസ്; കുമരകത്ത് അന്വേഷണം നടത്തുന്നത് രണ്ട് സംഘങ്ങളായി; വിവിധ റിസോർട്ടുകളിൽ പരിശോധന നടത്തിയിട്ടും ഇതുവരെയും തെളിവുകൾ ലഭിച്ചില്ലെന്നും സൂചന; അന്വേഷണം മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസിന്റെ ആരോപണത്തെ തുടർന്ന്
കോട്ടയം: ബിനീഷ് കോടിയേരി ലോക് ഡൗൺ കാലത്ത് പങ്കെടുത്ത നിശാ പാർട്ടി സംബന്ധിച്ച അന്വേഷണവുമായി പൊലീസ്. കുമരകത്തെ റിസോർട്ടിൽ ജൂണിൽ ബിനീഷ് കോടിയേരി പങ്കെടുത്ത നിശാ പാർട്ടിയും വിരുന്നും നടന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര, കുമരകം എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സംഘങ്ങൾ കുമരകത്തെ വിവിധ റിസോർട്ടുകളിൽ പരിശോധന നടത്തി. പലരെയും ചോദ്യം ചെയ്തെങ്കിലും തെളിവുകളോ വിവരങ്ങളോ ലഭിച്ചിട്ടില്ല.
ലഹരിമരുന്നു കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനൊപ്പം ബിനീഷ് കോടിയേരിയും ജൂൺ 19ന് കുമരകത്തു നടന്ന നൈറ്റ് പാർട്ടിയിൽ പങ്കെടുത്തുവെന്നു മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പരിശോധന. ബെംഗളൂരുവിൽ പിടിയിലായ ലഹരി സംഘവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്തെത്തിയത്.
അനൂപ് മുഹമ്മദിന് ബിനീഷുമായി അടുത്ത ബന്ധമാണുള്ളതെന്ന് പി കെ ഫിറോസ് വ്യക്തമാക്കിയിരുന്നു. അനൂപ് മുഹമ്മദ് കുമരകത്ത് ലഹരി നിശാ പാർട്ടി നടത്തിയെന്നും ഇക്കാര്യത്തിൽ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ഫിറോസ് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണിനിടെ ജൂൺ 19നായിരുന്നു നിശാ പാർട്ടി. ഈ സംഘത്തിന് സിനിമ മേഖലയുമായും അടുത്ത ബന്ധമുണ്ട്. ഈ പാർട്ടിയിൽ ബിനീഷ് കോടിയേരി പങ്കെടുത്തുവെന്നും ഫിറോസ് ആരോപിച്ചു. ജൂലൈ 10നു നിരവധി തവണ ബിനീഷ് അനൂപിനെ വിളിച്ചു. അന്നാണ് സ്വപ്ന ബെംഗളൂരുവിൽ അറസ്റ്റിലായത്. 26 തവണയാണ് ബിനീഷ് അനൂപിനെ വിളിച്ചിട്ടുള്ളത്.
ബിനീഷ് ചതിക്കപ്പെട്ടു എങ്കിൽ അത് അദ്ദേഹം പറയണമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ലഹരി കടത്തുകേസിൽ അറസ്റ്റിലായ പ്രതികളിൽ പലർക്കും സ്വർണ്ണകടത്തു പ്രതികളുമായി ബന്ധമുണ്ട്. ഫോൺ രേഖകൾ പിന്നീട് പുറത്തുവിടുമെന്നും ഈ കേസിന്റെ അന്വേഷണം കേരളത്തിലേക്ക് എത്തിരിക്കാൻ ശ്രമം നടക്കുന്നുവെന്നും ഫിറോസ് പറഞ്ഞു. പ്രതിയായ അനൂപ് മുഹമ്മദിന് വേണ്ടി പണം മുടക്കുന്നത് ബിനീഷാണെന്നും ഫിറോസ് ആരോപിച്ചു.അനൂപ് മുഹമ്മദ് നർകോട്ടിക് ബ്യൂറോയ്ക്ക് നൽകിയ മൊഴിയും പി കെ ഫിറോസ് പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച ബെംഗളൂരുവിൽ ലഹരിമരുന്ന് സംഘം പിടിയിലായത്.
മറുനാടന് ഡെസ്ക്