കൊച്ചി: തൽക്കാലം രക്ഷപെട്ടു. വാദത്തിനിടെ പിടിമുറുക്കും. സത്യം വെളിച്ചത്തുകൊണ്ടുവരും. രാജ്യത്തെ ഞെട്ടിച്ച ജിഷകൊലക്കേസിലെ യഥാർത്ഥ പ്രതിയെ പൊലീസ് തല്ലിക്കൊന്നെന്ന ആരോപണത്തിൽ വിചാരണ നേരിട്ട ക്രൈംബ്രാഞ്ച് എസ് പി ഉണ്ണിരാജ 'പരിക്കേൽക്കാതെ'രക്ഷപെട്ടത് സംബന്ധിച്ച് പ്രതിഭാഗം അഭിഭാകൻ അഡ്വ.ആളൂരിന്റെ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വിചാരണ കോടതിയിൽ ഉണ്ണിരാജയെ 'വരുതിയിലാക്കാൻ' ആളൂർ കിണഞ്ഞ് ശ്രമിച്ചെങ്കെലും ഉരുളക്ക് ഉപ്പേരിയെന്ന പോലെ മറുപിടിയുമായി ഉണ്ണിരാജ കത്തിനിന്നു. ഉണ്ണിരാജ ആലൂവ റുറൽ എസ്‌പി യായിരിക്കെയാണ് ജിഷ ആതിക്രൂരമായി കൊല്ലപ്പെട്ടത്. ആളൂർ ഇത് സംബന്ധിച്ച്് കഴിഞ്ഞ ദിവസം പുറത്തുവിട്ട വെളിപ്പെടുത്തൽ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

നിലവിൽ കേസിൽ റിമാന്റിലുള്ള പ്രധാന പ്രതി അമിറുൾ ഇസ്‌ളാമിന് ഒപ്പം ഉണ്ണിരാജയുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത അനാറുൾ ഇസ്ലാം പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ മർദ്ധനമേറ്റ് മരണപ്പെടുകയായിരുന്നെന്നായിരുന്നു അഡ്വ.ആളൂർ പുറത്ത് വിട്ട വിവരം. ഇത് സംബന്ധിച്ച്് അമിറുൾ ഇസ്ലാം കഴിഞ്ഞ ദിവസം വിചാരണ കോടതിക്ക് വിവരങ്ങൾ കൈമാറിയിരുന്നു.തന്നെയും മറ്റ് രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെന്നും ഇവരിൽ ഒരാൾ രക്ഷപെട്ടെന്നും ഭീകര മർദ്ധനത്തിനിടെ ഒപ്പമുണ്ടായിരുന്ന അനാറുൾ കൊല്ലപ്പെട്ടതോടെ ഭീതിയിൽ താൻ കുറ്റം ഏറ്റെടുക്കുകയായിരുന്നെന്നുമായിരുന്നു അമിറുളിന്റെ കോടതിയിയെ ധരിപ്പിച്ചത്.

തുടർന്ന് കേസിൽ പ്രൊസിക്യൂഷൻ സാക്ഷികളായ ഉണ്ണിരാജ,ജിഷയുടെ മാതാവ് രാജേശ്വരി,സഹോദരി ദീപ തുടങ്ങിയവരും പി പി തങ്കച്ചൻ സാജുപോൾ തുടങ്ങിയ രാഷ്ട്രീയ നേതാക്കളുമടക്കം 30 പേരെ പുനർവിചാരണ ചെയ്യണമെന്ന ആവശ്യവുമായി ആളൂർ വിചാരണകോടതിയെ സമീപിച്ചു.എന്നാൽ കോടതി ഈ ആവശ്യം തള്ളി. വിചാരണകോടതി ഈ ആവശ്യം നിരാകരിച്ചതോടെ ആളൂർ ഹൈക്കോടതിയെ സമീപിക്കുകയും ലിസ്റ്റിലുൾപ്പെടുത്തിയിരുന്ന കഴിഞ്ഞ ദിവസം മരണപ്പെട്ട ജിഷയുടെ പിതാവ് പാപ്പു ഉൾപ്പെടെ 7 പേരെ പുനർ വിചാരണചെയ്യാൻ കോടതി അനുമതി നൽകുകുകയും ചെയ്തിരുന്നു.

ഇവരിൽ ഉണ്ണിരാജ,ജിഷയുടെ സഹോദരി ദീപ,ആലുവ സി ഐ വിശാൽ ജോൺസൺ, കുറുപ്പംപടി എസ് ഐ സുനിൽ തോമസ്, സി പി ഒ ഹബീബ് എന്നിവരെ ഇന്നെ ആളുർ വിസ്തരിച്ചു. പൊലീസ് മർദ്ധനത്തെക്കുറിച്ചും തുടർന്നുള്ള മരണത്തെക്കുറിച്ചും ആളൂർ ചോദിച്ചപ്പോൾ അങ്ങിനൊന്ന് നടന്നിട്ടില്ലന്നും അജ്ഞാത മൃതദ്ദേഹം കണ്ടെത്തിയത് സംബന്ധിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നുമായിരുന്നു ഉണ്ണിരാജ മറുപിടി നൽകിയതെന്നാണ് ലഭ്യമായ വിവരം. അധികാര പരിധിയിലെ തെളിയിക്കപ്പെടാത്ത കൊലപാതങ്ങളുടെ എണ്ണത്തെക്കുറിച്ചാരഞ്ഞപ്പോഴും ഓർമ്മക്കുറവ് ചൂണ്ടിക്കാട്ടിയാണെത്രേ ഉണ്ണരാജ രക്ഷപെട്ടത്.

വിചാരണ പൂർത്തിയായി കേസ് വാദത്തിലേക്ക് നീങ്ങിയിരുന്ന ഘട്ടത്തിൽ പ്രതിഭഗം ഉയർത്തിയ പൊലീസ് മർദ്ധനവും തുടർന്നുള്ള കൊലയും മറ്റും കേസിൽ നിർണ്ണായ വഴിത്തിരിവകുമെന്നായിരുന്നു സൂചന. ഈ വാദം ക്ലച്ച് പിടിക്കാതെ പോയതൊന്നും ആളൂർ വിഷയമാക്കുന്നില്ല. 21-ന് തുടങ്ങുന്ന വാദത്തിനിടെ തന്റെ കക്ഷിയെ രക്ഷിക്കുന്നതിനുള്ള വക വീണുകിട്ടുമെന്ന് തന്നെയാണ് തന്റെ പ്രതീക്ഷയെന്ന് ആളൂർ അറിയിച്ചു. ഇനിയും പുറത്ത് വരാത്ത നിരവധി വസ്തുതകൾ കേസിന്റെ പിന്നാമ്പുറത്തുണ്ടെന്നും ഇത് പുറത്ത് ചാടിക്കുന്നതിന് കഴിഞ്ഞാൽ വിജയം തന്റെ പക്ഷത്തായിരിക്കുമെന്നും ആളൂർ കൂട്ടിച്ചേർത്തു.