കൊച്ചി: നടിയെ ആക്രമിച്ചകേസിൽ ദിലീപിനെതിരേ സാക്ഷിയായി പ്രോസിക്യൂഷൻ അവതരിപ്പിച്ചത് കാവ്യയുടെ ഡ്രൈവറെ തന്നെ. ദിലീപിന്റെ ക്വട്ടേഷൻ സംബന്ധിച്ചും പുതിയ സാക്ഷികളുടെ മൊഴികളും അടങ്ങുന്ന തെളിവുകൾ മുദ്രവച്ച കവറിലാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ജാമ്യഹർജിയിൽ രണ്ടു ദിവസം വാദം പൂർത്തിയായി. വിധി പറയാൻ മാറ്റിവച്ചിരിക്കുകയാണ്.

ദിലീപിനായി ഹാജരായ അഡ്വ. ബി രാമൻപിള്ളയുടെ വാദമുഖങ്ങളെ ഭേദിച്ചാണ് ഭാര്യയുടെ ഡ്രൈവറെ തന്നെ പ്രോസിക്യൂഷൻ ഹാജരാക്കിയിരിക്കുന്നത്. ഇതു കൂടാതെ കൂടുതൽ തെളിവുകളും പൊലീസ് ഹാജരാക്കി. കാക്കനാട് ജയിലിലെ പൊലീസുകാരൻ, തൃശൂർ രാമവർമ്മ ക്ലബ്ബിലെ ഗൂഢാലോചനയെപ്പറ്റി മൊഴി നൽകിയ വാസുദേവൻ എന്നിവരേയും സാക്ഷികളാക്കിയാണ് ജാമ്യവാദത്തെ എതിർത്തത്. കാരവാനിലെ ഗൂഢാലോചന ദിലീപിന്റെ താരപരിവേഷത്തിൽ അസാദ്ധ്യമാണെന്ന് പ്രതിഭാഗം വക്കീൽ വാദമുയർത്തിയിരുന്നു. പൊലീസ് ക്ലബ്ബിൽ വച്ച് ഒരു പൊലീസുകാരന്റെ ഫോണിൽനിന്നാണ് ലക്ഷ്യയിൽ വിളിച്ച് സുനി പണം ആവശ്യപ്പെട്ടത്. അതും റെക്കോഡ് ചെയ്തിരുന്നു. ഫോൺ സംഭാഷണം എഡിറ്റ് ചെയ്താണ് ഡിജിപിക്ക് നൽകിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഗൂഢാലോചന തെറ്റാണെന്ന വാദത്തിൽ മുളച്ച ജാമ്യ പ്രതീക്ഷ പുതിയ തെളിവുകളോടെ നഷ്ടമായിരിക്കുകയാണ്.

പൊലീസ് വ്യാജ സാക്ഷികളെയാണ് നിരത്തിയതെന്നാണ് പ്രതിഭാഗം ഇന്ന് വാദിച്ചത്. ദിലീപിന്റ കയ്യിൽ നിന്ന് പണം തട്ടാനാണ് സുനി ശ്രമിച്ചത്. അതിന്റെ തെളിവാണ് തവണകളായി പണം ആവശ്യപ്പെട്ടത്. ഒരു ക്രിമിനലിന്റെ കത്ത് മുഖ്യ തെളിവായി എടുക്കരുതെന്നും അങ്ങനെ ചെയ്താൽ ആരെയും കുടുക്കാൻ സാധിക്കുമെന്നും പ്രതിഭാഗം വാദിച്ചു. ഒരു നടന്റെ മുറിയിൽ ഡ്രൈവറെത്തി ഗുഡാലോചന നടത്തിയെന്നു പറയുന്നത് സാമാന്യബുദ്ധിക്ക് നിരക്കാത്തതാണെന്ന് രാമൻപിള്ള ചൂണ്ടിക്കാട്ടി. അന്ന് എല്ലാ താരങ്ങളും അബാദ് പ്ലാസ എന്ന ഹോട്ടലിൽ ഉണ്ടായിരുന്നു. രണ്ടു പേരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ഒന്നായിരുന്നു എന്നതൊഴിച്ചാൽ ദിലീപിന് എതിരെ മറ്റൊരു തെളിവും അന്വേഷണസംഘത്തിന്റെ പക്കലില്ല. തൃശൂരിലെ ജോയ് പാലസ് ഹോട്ടലിന്റെ പാർക്കിങ് ഗ്രൗണ്ടിൽവച്ച് ഗൂഢാലോചന നടത്തിയെന്നതാണ് മറ്റൊരു കണ്ടെത്തൽ. ഇതെല്ലാം കെട്ടിച്ചമച്ച തെളിവുകളാണെന്നും അഡ്വക്കേറ്റ് രാമൻപിള്ള വാദിച്ചു.

അപ്പുണ്ണിയെ വിളിച്ച് സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ ഡിജിപിയെ വിവരമറിയിച്ചിരുന്നു. ഒന്നരക്കോടി രൂപ പ്രതിഫലം ലഭിക്കുമായിരുന്നെങ്കിൽ പ്രതി അപ്പോൾ തന്നെ കൃത്യം നിർവഹിക്കുമായിരുന്നില്ലേ? നാലു വർഷം വൈകിപ്പിക്കുമായിരുന്നോ?- എന്ന സംശയവും പ്രതിഭാഗം ഉന്നയിച്ചു.സുനി ജയിലിൽ വച്ച് എഴുതിയെന്നു പറയുന്ന കത്തിന്റെ ആധികാരികതയെയും പ്രതിഭാഗം ചോദ്യം ചെയ്തു. നേരത്തെ പൊലീസ് തന്നെ മർദ്ദിച്ചെന്നു കാട്ടി അയച്ച കത്തിന്റെ ഭാഷയും ഘടനയുമല്ല ദിലീപിന് അയച്ച കത്തിലുള്ളത്. ഗുഢാലോചനയുടെ ഭാഗമായി പുറത്തുനിന്ന് തയാറാക്കിയ കത്താണ് ദിലീപിന് അയച്ചത്.

കള്ളന്മാർ ഉണ്ടാക്കിയ തിരക്കഥയ്ക്കു പിന്നാലെയാണ് പൊലീസ് പോകുന്നത്. എറണാകുളത്ത് സ്വന്തമായി കട ഉള്ളപ്പോൾ ഭാര്യാമാതാവിന്റെ കടയിൽ ദൃശ്യങ്ങൾ ഏൽപ്പിക്കാൻ ദിലീപ് ആവശ്യപ്പെടുമോയെന്നും അഭിഭാഷകൻ ചോദിച്ചു. സുനിയുടെ കുമ്പസാരമല്ലാതെ പൊലീസിന്റെ പക്കൽ മറ്റൊരു തെളിവുമില്ല. ജോയ് പാലസിന്റെ പാർക്കിങ് ഏരിയയിൽ വച്ച് സുനിക്ക് പതിനായിരം രൂപ അഡ്വാൻസ് നൽകിയെന്നതും വിശ്വസിക്കാനാകില്ല. ഒരു സിനിമ താരമായതിനാൽ പുറത്തിറങ്ങിയാൽ ജനംവളയും. അവിടെ വച്ച് ആരും കാണാതെ എങ്ങനെ പണം കൈമാറുമെന്നും ദിലീപിന്റെ അഭിഭാഷകൻ ചോദിച്ചു. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകളെ ഖണ്ഡിക്കാൻ 20 പോയിന്റുകളാണ് അഡ്വ. ബി രാമൻപിള്ള ഉന്നയിച്ചത്.

ദിലീപ് കിങ് ലയർ ആണ്, ഏറ്റവും മികച്ച ക്രിമിനലിനെ തന്നെ ലക്ഷ്യം നിറവേറ്റുന്നതിന് ഏൽപ്പിച്ചതായി പ്രോസിക്യൂഷനും കോടതിയിൽ വാദിച്ചു. എല്ലാ തെളിവുകളും പ്രോസിക്യൂഷൻ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. അതേസമയം ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ കോടതിയെ അറിയിച്ചു. തൃശൂരിലെ ടെന്നീസ് ക്ലബ്ബിലെ ജീവനക്കാർ സുനിയെയും ദിലീപിനെയും ഒന്നിച്ചു കണ്ടെന്നു മൊഴി നൽകിയിട്ടുണ്ട്. മൊബൈലും സിം കാർഡും നശിപ്പിച്ചെന്ന് പ്രതി പറഞ്ഞെങ്കിലും അക്കാര്യം അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതു കണ്ടെടുക്കേണ്ടതുണ്ട്. സിനിമാരംഗത്ത് വൻസ്വാധീനമുള്ള ആളാണ് ദിലീപെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ഇന്നലെ രാവിലെ ആരംഭിച്ച പ്രതിഭാഗത്തിന്റെ മാരത്തോൺ വാദം ഇന്ന് ഉച്ചയോടെയാണ് അവസാനിച്ചത്. കേസ് വിധി പറയാൻ കോടതി മാറ്റിവച്ചിരിക്കുകയാണ്.