തിരുവനന്തപുരം : തിരുവനന്തപുരം മാറനല്ലൂരിൽ സി.പി.എം - ബിജെപി സംഘർഷങ്ങൽ പതിവാണ്. ചെറിയ ചെറിയ തർക്കങ്ങളിൽ തുടങ്ങുന്ന പ്രശ്‌നങ്ങൾ പൊലീസ് ഇടപെട്ടു പരിഹരിക്കുന്നതാണ് ഇവിടുത്തെ പതിവു രീതി. മിക്ക സംഘർഷങ്ങളും കൊടിമരമോ ഫ്‌ളക്‌സോ ബോർഡുകളോ മറ്റോ തകർത്തതിനെ ചൊല്ലിയായിരിക്കും.

ബിജെപിയുടെ കൊടിമരം തകർത്ത സംഭവം ഉണ്ടായത് കഴിഞ്ഞ ദിവസമാണ്. ഇതിന്റെ പേരിലും ഇവിടെ തർക്കമുണ്ടായിരുന്നു. കൊടിമരം തകർത്തതാരെന്ന് അന്വേഷണം തുടർന്നപ്പോൾ വെളിപ്പെട്ടത് ഞെട്ടിക്കുന്നതായിരുന്നു.

പെട്രോളിംഗിനിറങ്ങിയ പൊലീസുകാർ രാത്രിയുടെ മറവിൽ ബിജെപിയുടെ കൊടിമരം നശിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസി ക്യാമറയിൽ പതിഞ്ഞത്. മാറനല്ലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രിയുടെ മറവിൽ ബിജെപിയുടെ കൊടിമരം തകർത്തത്.

സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിലാണ് പൊലീസിന്റെ അതിക്രമം കുടുങ്ങിയത്. പൊലീസ് ജീപ്പിൽ വന്നിറങ്ങിയ രണ്ടംഗ പൊലീസ് സംഘത്തിലെ ഒരാൾ കൊടിമരം വലിച്ചൊടിക്കുന്ന ദൃശ്യങ്ങളാണ് സിസി ക്യാമറയിൽ ഉള്ളത് .സി.പി.എം-ബിജെപി സംഘർഷം നിലനിൽക്കുന്ന മേഖലാണ് മാറനെല്ലൂർ. ഇതിനു മുമ്പ് കൊടിമരങ്ങൾ തകർത്തതിനെത്തുടർന്ന് ഇവിടെ രാഷ്ട്രീയ സംഘട്ടനങ്ങളും അരങ്ങേറിയിരുന്നു.

എന്നാൽ ഇത് സ്ഥിരം കൊടിമരം ആയിരുന്നില്ലെന്നും ജനരക്ഷയാത്രയ്ക്കു വേണ്ടി സ്ഥാപിച്ചതാണെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇതെടുത്തു മാറ്റാൻ ബിജെപിയോടു ആവശ്യപ്പെട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. കൊടിമരം ഒടിക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നതും അവസാനം അത് വളച്ചതിനു ശേഷം ഉപേക്ഷിച്ചു പോകുന്നതും കാണാം.

കൊടിമരങ്ങൾ പൊലീസ് നീക്കം ചെയ്യാറുണ്ടെങ്കിലും അതൊക്കെ ചെയ്യുന്നത് ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകളെ മുൻകൂറായി അറിയിച്ചിട്ടാണ്. പൂർണ്ണമായി അറുത്തു മാറ്റുകയും ചെയ്യും. ഇത്തരത്തിൽ പകുതി വലിച്ചൊടിച്ചു പ്രകോപനം സൃഷ്ടിക്കുന്ന വിധത്തിൽ ഉപേക്ഷിക്കേണ്ട ആവശ്യമേയില്ല. ഇത് മനപ്പൂർവ്വം പ്രകോപനം സൃഷ്ടിക്കാനാണെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷിച്ചു നടപടിയെടുക്കുമെന്ന് റൂറൽ എസ്‌പി പ്രതികരിച്ചു.