- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറാവ് ഡ്യൂട്ടിയിലിരിക്കെ വയർലെസിൽ കയറി വന്നൊരു അവ്യക്ത സന്ദേശം: കൺട്രോൾ റൂമിലും മറ്റ് സ്റ്റേഷനുകളിലും അന്വേഷിച്ചപ്പോൾ ആർക്കും ഒരു അറിവുമില്ല; അവ്യക്ത സന്ദേശത്തിന് പിന്നാലെ പവിത്രന്റെ യാത്ര: മുങ്ങിക്കൊണ്ടിരുന്ന ബോട്ടിലെ ആറുപേരുടെ ജീവൻ രക്ഷിച്ച കസബ പൊലീസ് സ്റ്റേഷനിലെ പവിത്രൻ വിപിക്ക് അഭിനന്ദനപ്രവാഹം
കോഴിക്കോട്: കസബ പൊലീസ് സ്റ്റേഷനിൽ പാറാവ് ഡ്യൂട്ടി ചെയ്യുമ്പോഴാണ് ഉച്ചയ്ക്ക് വയർലെസിൽ അവ്യക്തമായൊരു സന്ദേശം വന്നത്. ഞങ്ങൾ അപകടത്തിലാണ്. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുന്നു. രക്ഷിക്കൂ എന്നായിരുന്നു പരിഭ്രാന്തി നിറഞ്ഞ ആ വാക്കുകൾ . പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റു കൂടിയായ പവിത്രൻ വി പി ഉടൻ തന്നെ കൺട്രോൾ റൂമിൽ വിളിച്ചു പറഞ്ഞു. എന്നാൽ അവിടെ അത്തരമൊരു സന്ദേശം എത്തിയിരുന്നില്ല.
തുടർന്ന് മറ്റു പൊലീസ് സ്റ്റേഷനുകളിൽ വിളിച്ചു ചോദിച്ചെങ്കിലും ആരും അത്തരമൊരു സഹായാഭ്യർത്ഥന കേട്ടിരുന്നില്ല. മറ്റു പല സ്ഥലങ്ങളിൽ നിന്നും ഫ്രീക്വൻസി മാറിയിട്ട് വയർലെസുകളിലേക്ക് ഇത്തരത്തിൽ മീൻപിടുത്തക്കാരുടെയൊക്കെ മെസേജ് വരാറുണ്ട്. അവ്യക്തമായ, മറ്റെവിടെ നിന്നോ ഉള്ള ഇത്തരം മെസേജുകൾ തേടിപ്പോയാൽ യാതൊരു വിവരവും ലഭിക്കുകയുമില്ല. എന്നാൽ രക്ഷിക്കൂ എന്നുള്ള ആ വിലാപത്തെ ഒഴിവാക്കി പ്പോകാൻ പവിത്രന് തോന്നിയില്ല. പക്ഷേ എവിടെ നിന്നാണ് ശബ്ദമെത്തിയത് എന്ന് അറിയുന്നില്ല.
പവിത്രൻ ആ ശബ്ദത്തിന് പിന്നാലെ പോവാൻ തന്നെ തീരുമാനിച്ചു. കൺട്രോൾ റൂമിലും സ്‌പെഷ്യൽ ബ്രാഞ്ചിലും വിളിച്ച് വിവരം പറഞ്ഞു. മറ്റ് പൊലീസ് സ്റ്റേഷനുകളിൽ കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. മറൈൻ എൻഫോഴ്‌സ്‌മെന്റിലും വിവരം ധരിപ്പിച്ചു. മറൈൻ എൻഫോഴ്‌സ്‌മെന്റ് ബോട്ട് കടലിൽ കൊയിലാണ്ടി ഭാഗത്ത് പട്രോളിങ് നടത്തുന്നുണ്ടായിരുന്നു. അവർ എല്ലാവർക്കും വിവരം കൈമാറി. അധികൃതരും മത്സ്യത്തൊഴിലാളികളുമെല്ലാം കടലിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി.
മറൈൻ എൻഫോഴ്‌സ്‌മെന്റ് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ബോട്ടുകളും വള്ളങ്ങളും പുറപ്പെട്ടു. ഒടുവിൽ കടലുണ്ടി ഭാഗത്ത് മുങ്ങിക്കൊണ്ടിരുന്ന ആ ബോട്ട് കണ്ടെത്തി. ബോട്ടിലുണ്ടായിരുന്ന ആറ് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി കരക്കെത്തിച്ചു. പലരും അവഗണിക്കുന്ന അവ്യക്തമായൊരു സന്ദേശത്തിന്റെ പിന്നാലെ പവിത്രൻ പോയപോൾ രക്ഷപ്പെട്ടത് ആറു മത്സ്യത്തൊഴിലാളികളുടെ ജീവനാണ്. പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റായ പവിത്രനെ തേടി അഭിനന്ദന പ്രവാഹമാണിപ്പോൾ
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.