തിരുവനന്തപുരം: അറുപത്തിനാലാമത് ആൾ ഇന്ത്യ പൊലീസ് അത്‌ലറ്റിക് മീറ്റ് നാളെ മുതൽ തിരുവനന്തപുരത്ത് നടക്കും. ഇത് നാലാം തവണയാണ് ആൾ ഇന്ത്യ പൊലീസ് മീറ്റിന് കേരള പൊലീസ് ആതിഥ്യം വഹിക്കുന്നത്. സെപ്റ്റംബർ പതിനൊന്ന് വരെ നടക്കുന്ന മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയമാണ് വേദി.

അരുണാചൽപ്രദേശ്, സിക്കിം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളും ആസാം റൈഫിൾസും ഒഴികെ ഇന്ത്യയിലുള്ള മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പൊലീസ് ടീമുകളും ബി.എസ്.എഫ്, സിആർപിഎഫ്, സിഐഎസ്.എഫ്, എസ്.എസ്.ബി, ഐ.ടി.ബി.പി തുടങ്ങിയ കേന്ദ്ര റിസർവ് സേനകളും മീറ്റിൽ പങ്കെടുക്കും. പഞ്ചാബ്, ഹരിയാന, കേരള പൊലീസ് തുടങ്ങിയ സ്റ്റേറ്റ് ടീമുകളും ടീം ഉദ്യോഗസ്ഥരും ഉൾപ്പെടെ ഏകദേശം ആയിരത്തി മൂന്നൂറ് കായികതാരങ്ങൾ പങ്കെടുക്കും. ഈ മത്സരങ്ങളിൽ നിന്നാണ് അഖിലേന്ത്യാ ഓപ്പൺ അത്‌ലറ്റിക് മീറ്റിലേക്കുള്ള ഇന്ത്യൻ പൊലീസ് ടീമിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വർഷം സിആർപിഎഫ് ആയിരുന്നു പുരുഷവനിതാ ചാമ്പ്യന്മാർ. വൈകിട്ട് അഞ്ചിന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മീറ്റ് ഉദ്ഘാടനം ചെയ്യും.

എൽ.എൻ.സി.പി.ഇലെ കായികതാരങ്ങളുടെ എയ്‌റോബിക് ഡിസ്‌പ്ലെ, സിആർപിഎഫ് അവതരിപ്പിക്കുന്ന കലാസാംസ്‌കാരികകായിക പ്രദർശനങ്ങൾ, മാർച്ച് പാസ്റ്റ്, ബാന്റ് മേളം എന്നിവയും കരിമരുന്നു പ്രയോഗവും ഉദ്ഘാടനത്തിന് മാറ്റുകൂട്ടും. സെപ്റ്റംബർ 11ലെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിശിഷ്ടാതിഥിയാവും. മീറ്റ് ജേതാക്കൾക്കുള്ള സമ്മാനദാനവും നടക്കും.