- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് രോഗികൾക്ക് ചിതയൊരുക്കാൻ മകളുടെ വിവാഹം മാറ്റിവച്ച് പൊലീസുകാരൻ; ആരുമില്ലാത്തവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകിയ മനസിന് സല്യൂട്ടുമായി പൊലീസ് വകുപ്പും; കോവിഡ് കാലത്ത് തലസ്ഥാനത്ത് നിന്നൊരു നന്മയുടെ കഥ
ന്യൂഡൽഹി: ഈ ലോക്ക്ഡൗൺ കാലത്ത് പൊലീസെന്ന് കേൾക്കുമ്പോൾ ഭയമാണ് ജനങ്ങൾക്ക്. അനാവശ്യമായും വേണ്ട രേഖകളില്ലാതെയുമൊക്കെ പുറത്തിറങ്ങുന്നവരൊക്കെ പൊലീസിനെ ശപിച്ചുകൊണ്ടാവും യാത്ര ചെയ്യുക. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഈ നിയന്ത്രണങ്ങളെങ്കിലും അവരെ പേടിസ്വപ്നമായി കാണുന്നവരാണ് അധികവും. എന്നാൽ അതെ പൊലീസുകാർക്കിടയിൽ നിന്നും ഈ കോവിഡ് കാലത്ത് മനസിന് കുളിർമയുണ്ടാക്കുന്ന കഥ കേൾക്കുകയാണ്. ഇവിടെയല്ല, അങ്ങ് രാജ്യതലസ്ഥാനത്ത്.
ഡൽഹി ഹസ്രത് നിസാമുദ്ദീൻ സ്റ്റേഷനിലെ എഎസ്ഐ രാകേഷ് കുമാറാണ് വറ്റാത്ത നന്മയാൽ രാജ്യത്താകമാനമുള്ള പൊലീസുകാർക്ക് തന്നെ അഭിമാനമായിതീർന്നിരിക്കുന്നത്. ഡൽഹി ലോധി റോഡ് ശ്മശാനത്തിൽ ഡ്യൂട്ടിയിലുള്ള രാകേഷ്, കഴിഞ്ഞ ഏപ്രിൽ 13 മുതൽ 1,100ൽ അധികം ആളുകളുടെ അന്തിമസംസ്കാര ചടങ്ങുകൾക്ക് ആവശ്യമായ സഹായം ചെയ്തുകൊടുത്തിട്ടുണ്ട്. ഇതിൽ പലരും കോവിഡ് ബാധിച്ച് മരിച്ചവരുമായിരുന്നു. അമ്പതിലധികം ചിതകൾക്ക് ഇദ്ദേഹം തന്നെയാണ് തീ കൊളുത്തിയതും. അന്തിമ സംസ്കാര ചടങ്ങുകൾ നിർവഹിക്കാൻ ആരുമില്ലാതെ പോയ നിരവധി ഭൗതികദേഹങ്ങൾക്കാണ് മാന്യമായ യാത്രാമൊഴി നൽകാൻ രാകേഷ് സഹായിച്ചത്.
ഡ്യൂട്ടിയിൽനിന്ന് മാറിനിൽക്കാനാവാത്തതിനാൽ മകളുടെ വിവാഹം പോലും മറ്റൊരു ദിവസത്തേക്ക് രാകേഷ് മാറ്റിവെച്ചു. മെയ് ഏഴിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. രാകേഷിന്റെ ഈ നിസ്വാർഥ സേവനത്തെ കുറിച്ച് ഡൽഹി പൊലീസാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തുടർന്ന് ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ. ശ്രീവാസ്തവയും രാകേഷിന് അഭിനന്ദനവുമായി എത്തി. കൂടാതെ നിരവധി സാമൂഹിക ഉപയോക്താക്കളും രാകേഷിന് അഭിനന്ദനം ചൊരിയുന്നുണ്ട്.
ശ്മശാനത്തിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനു പിന്നാലെ എല്ലാദിവസും രാവിലെ ഏഴുമണിയോടെ രാകേഷ് സ്ഥലത്തെത്തും. അന്തിമസംസ്കാര ചടങ്ങുകൾക്കും സ്ഥലം ഒരുക്കുന്നതിനും മറ്റും പുരോഹിതരെ സഹായിക്കും. ചിതയ്ക്ക് തീകൊളുത്തുക, മൃതദേഹങ്ങൾ എടുത്തുകൊണ്ടുവരിക, പൂജയ്ക്കു വേണ്ട സാമഗ്രികൾ വാങ്ങുക, ആംബുലൻസ് ഡ്രൈവർമാരുമായി കാര്യങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് രാകേഷ് ചെയ്യുക.
ഏപ്രിൽ 13 മുതൽ 1,100-ൽ അധികം മൃതദേഹങ്ങളുടെ സംസ്കാരചടങ്ങുകൾക്ക് സഹായിച്ചിട്ടുണ്ടെന്ന് രാകേഷിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. പലതും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളായിരുന്നു. അവരുടെ കുടുംബാംഗങ്ങൾക്ക് അവിടേക്ക് വരാനാകുമായിരുന്നില്ല. അവിടേക്ക് വരാൻ അനുമതി ലഭിച്ചിട്ടുള്ള ഒരാൾക്ക് ആവശ്യമായ സഹായം രാകേഷ് ചെയ്തുകൊടുക്കും. വൈകുന്നേരം 7-8 മണിയോടെയാണ് രാകേഷ് തന്റെ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്. അമ്പത്താറുകാരനായ രാകേഷ്, ഭാര്യക്കും മൂന്നുമക്കൾക്കുമൊപ്പം നിസാമുദീനിലെ ബാരക്കിലാണ് താമസം.
മറുനാടന് മലയാളി ബ്യൂറോ