- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റനോട്ടത്തിൽ ഒറിജിനലിനെ വെല്ലും; ഓൺ ടെലികോം ഡ്യൂട്ടി സ്റ്റിക്കറുള്ള വണ്ടിയുമായി റിഫ്ളക്ടർ കോട്ടുമിട്ട് 'കഠിനാദ്ധ്വാനികൾ'; തലസ്ഥാനത്തെ കേബിൾ മോഷ്ടാക്കളെ തിരിച്ചറിഞ്ഞപ്പോൾ പൊലീസും ഞെട്ടി, ബിഎസ്എൻഎൽ കേബിൾ മുറിച്ചു കടത്തിയ അഞ്ച് വിരുതന്മാരുടെ കഥ
തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ പൊലീസിന്റെയും സിസിടിവി സംവിധാനങ്ങളെയും ഒരുപോലെ നോക്കുകുത്തിയാക്കി പത്തുലക്ഷം രൂപയിലധികം വിലവരുന്ന ബിഎസ്എൻഎൽ കേബിൾ മുറിച്ചു കടത്തിയ സംഘത്തെ പിടിച്ചപ്പോൾ പൊലീസ് പോലും ഞെട്ടി. ഇതിന് മുമ്പ് രാത്രികാല പെട്രോളിങ്ങിനിടെ പലവട്ടം ഇതേ സംഘത്തെ കണ്ടിട്ടുണ്ടെങ്കിലും ടെലികോം ജീവനക്കാരാണെന്ന് കരുതി മിണ്ടാതെ പോയതാണ് ഞെട്ടലിന് കാരണം. നഗരത്തിൽ പല സ്ഥലങ്ങളിൽ നിന്നായി ബിഎസ്എൻഎല്ലിന്റെ കേബിൾ മുറിച്ചു കടത്തിയ അഞ്ചംഗ സംഘത്തെ വെള്ളിയാഴ്ച രാത്രിയാണ് തമ്പാനൂർ പൊലീസ് പിടികൂടിയത്.
അതിയന്നൂർ കല്ലുംമൂട് ജയലക്ഷ്മി നിവാസിൽ നന്ദകുമാർ (24), സന്തോഷ് (42), തിരുമല മങ്കാട് ടിസി 8/491ചർച്ച് വ്യൂ ഹൗസിൽ വിഷ്ണുരാജ് (30), അതിയന്നൂർ നെല്ലിമൂട് തേരിവിള വീട്ടിൽ അനീഷ് (23), നെയ്യാറ്റിൻകര പാറോട്ടുകോണം മാമ്പള്ളി വീട്ടിൽ അലക്‌സ് (28) എന്നിവർ റിലയൻസിന്റെ കേബിളുകൾ മുറിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്.
കേബിൾ മോഷണം പതിവായതോടെ ബിഎസ്എൻഎൽ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് നടത്തിയ സിസിടിവികൾ പരിശോധിച്ചപ്പോൾ അഞ്ചംഗസംഘത്തിന്റെ ദൃശ്യം ലഭിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി പെട്രോളിങ്ങിനിടയിൽ സമാനമായ അഞ്ചു പേരെ കണ്ടതോടെ വണ്ടി ചവിട്ടി, നോക്കിയപ്പോൾ റിഫ്‌ളക്ടർകോട്ടിട്ട അഞ്ചു പേർ പവർഹൗസ് റോഡിന് സമീപത്തെ പോസ്റ്റിൽ ഏണി ചാരി കേബിൾ മുറിച്ച് വാഹനത്തിലേയ്ക്കു മാറ്റുന്ന തിരക്കിലായിരുന്നു.
പതിവ് പോലെ ഓൺ ടെലികോം ഡ്യൂട്ടി എന്ന സ്റ്റിക്കർ പതിപ്പിച്ച വാഹനവും കേബിൾ മുറിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും. ഇതോടെ ആ വീരന്മാരെന്ന് ഇതാണെന്ന് പൊലീസിന് മനസിലായി. കേബിൾ അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികൾ എന്ന വ്യാജേന റിഫ്ളെക്ടർ കോട്ട് ധരിച്ച് കട്ടിങ് ഉപകരണങ്ങളുമായി എത്തി മെയ് 24, 26, ഈ മാസം 7 എന്നീ തിയതികളിലാണ് സംഘം ബിഎസ്എൻഎല്ലിന്റെ കേബിളുകൾ മോഷ്ടിച്ചത്. ഇതോടെ ഈ പ്രദേശങ്ങളിലെ ടെലിഫോൺ,കേബിൾ കണക്ഷനുകൾ ഇല്ലാതായി ഉപഭോക്താക്കൾ കൂട്ടത്തോട ബിഎസ്എൻഎല്ലിൽ എത്തി. തുടർന്ന് ബിഎസ്എൻഎൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കേബിൾ ഇല്ലെന്ന് മനസിലായത്.
തുടർന്ന് അധികൃതർ തമ്പാനൂർ, ഫോർട്ട്, വഞ്ചിയൂർ സ്റ്റേഷനുകളിൽ പരാതി നൽകി. പവർഹൗസ് റോഡിലെ ലോറി ഗാരിജിനു സമീപത്തെ ബിഎസ്എൻഎൽ ടവറിനടുത്തു നിന്ന് ചാല മാർക്കറ്റിനുള്ളിലൂടെ കിഴക്കേകോട്ട ശ്രീപത്മനാഭ തിയറ്റർ വരെ രണ്ടര കിലോമീറ്റർ നീളമുള്ള കേബിൾ മെയ് 24ന് രാത്രിയാണു മുറിച്ചത്. മെയ് 26ന് രാത്രി പവർ ഹൗസ് റോഡിൽ നിന്ന് ചെന്തിട്ട അമ്മൻ കോവിൽ, ഗ്രാമം വഴി കിള്ളിപ്പാലം വരെയുള്ള 2 കേബിളുകൾ മുറിച്ചു കടത്തി. ആകെ 10 കിലോമീറ്റർ നീളമുള്ളതാണ് ഈ കേബിൾ. പിന്നാലെ ഈ മാസം 7ന് ശ്രീകണ്ഠേശ്വരത്തുനിന്ന് തകരപ്പറമ്പ് വരെയുള്ള ഒരു കിലോമീറ്റർ കേബിളും മുറിച്ചുമാറ്റി. ഒരു മേഖല കേന്ദ്രീകരിച്ച് 3 ദിവസം കൊണ്ട് കേബിൾ മോഷ്ടിച്ചു. രാത്രി 3 മണിക്കൂറോളം സമയമെടുത്ത് വാഹനങ്ങൾ തടഞ്ഞു നിർത്തിയായിരുന്നു കേബിൾ മുറിക്കൽ.
ഒരു വർഷം മുൻപ് റോഡ് പണിക്കിടെ ഭൂമിക്കടിയിലൂടെയുള്ള വലിയ കേബിൾ മുറിഞ്ഞതിനെത്തുടർന്ന് താൽക്കാലികമായി സ്വന്തം പോസ്റ്റുകളിലൂടെയും കെഎസ്ഇബിയുടെ പോസ്റ്റുകളിലൂടെയും വലിച്ചതായിരുന്നു ഇറക്കുമതി ചെയ്ത ചെമ്പു കേബിൾ.
ചാല കമ്പോളത്തിലെ ലാൻഡ് ഫോൺ, ബ്രോഡ്ബാൻഡ് കണക്ഷനുകളെല്ലാം ഈ കേബിൾ ശൃംഖലയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. ചില ബാങ്കുകളുടെ എടിഎമ്മുകളിലേക്കുള്ള കണക്ഷനും വിച്ഛേദിക്കപ്പെട്ട കൂട്ടത്തിലുണ്ട്.
പൂട്ടിപ്പോയ കമ്പനിയുടെ കേബിളുകൾ അനധികൃതമായി മുറിത്തെടുത്ത് തമിഴ്‌നാട്ടിലേയ്ക്കു കടത്തുന്നതാണ് സംഘത്തിന്റെ രീതി. അതിനാൽ ആരും പരാതിപ്പെട്ടില്ല. എന്നാൽ ബിഎസ്എൻഎല്ലിന്റെ കേബിളുകൾ കൂടി മുറിച്ചതോടെയാണ് പൊലീസിന് പരാതി ലഭിച്ചതും പവർ ഹൗസ് റോഡ് കേന്ദ്രീകരിച്ച് പട്രോളിങ്ങ് ശക്തമാക്കിയതും. പ്രതികളെ പൊക്കിയതും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്