കണ്ണൂർ: ഒരു മാസത്തോളം കണ്ണൂരുകാരുടെ ഉറക്കം കെടുത്തിയ കള്ളൻ പൊലീസ് പിടിയിൽ. കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും നഗ്‌നായി മോഷണം നടത്തിയ ആളെ പിടികൂടാൻ ആവാതിരുന്നത് ഇത്രയും നാൾ പൊലീസിന് വലിയ തലവേദന ആയിരുന്നു. ഇപ്പോൾ കണ്ണൂർ ടൗൺ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വാട്ടർ മീറ്റർ കബീർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്ദുൽ കബീർ (56) ആണ് പൊലീസ് പിടിയിലായത്. മലപ്പുറം മഞ്ചേരി സ്വദേശിയായ ഇയാൾ ഗൂഡല്ലൂരിലാണ് താമസം. ഇയാൾക്കെതിരെ മലപ്പുറം, വയനാട് എന്നീ രണ്ട് ജില്ലകളിലായി 11 ഓളം കേസ് നിലവിലുണ്ട് എന്ന് പൊലീസ് പറഞ്ഞു.

നഗ്‌നായി രാത്രികാലങ്ങളിൽ വീടുകളിൽ മോഷണം നടത്തുന്ന ദൃശ്യം സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇയാളിൽ നിന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കണ്ണൂർ ടൗൺ പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രായമുള്ള ആളുകളും സ്ത്രീകളും താമസിക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മോഷണം. നഗ്‌നനായി കഴിഞ്ഞാൽ സ്ത്രീകൾ ഒന്നും അടുത്തു വരാൻ സാധ്യതയില്ല എന്നുള്ള ധാരണയിലാണ് ഇയാൾ വിവസ്ത്രനായി മോഷ്ടിക്കാൻ ഇറങ്ങുന്നത്.

കണ്ണൂർ ജില്ലയിലെ താഴെചൊവ്വ, മേലേ ചൊവ്വ പ്രദേശങ്ങളിൽ ആയിരുന്നു പ്രധാനമായും ഇയാൾ കവർച്ച നടത്തിയിരുന്നത്. വീടിന്റെ വാതിലിൽ മുട്ടിയശേഷം ആളുകൾ ഇല്ല എന്ന് ഉറപ്പുവരുത്തിയാണ് ഇയാൾ മോഷ്ടിച്ചിരുന്നത്. വാതിലിൽ മുട്ടിയശേഷം ആരെങ്കിലും വാതിൽ തുറന്നാൽ ഇയാൾ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. കഴിഞ്ഞദിവസം താഴെ ചൊവ്വയ്ക്കടുത്ത് ഇയാൾ മോഷണം നടത്താൻ എത്തിയ വീടിന്റെ മുന്നിലുള്ള പൈപ്പിലെ വെള്ളത്തിൽ കുളിക്കുകയും ചെയ്തിരുന്നു.

മോഷണത്തിൽ എത്തിക്കഴിഞ്ഞാൽ മോഷ്ടിക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെ തൊട്ടടുത്ത് വെച്ച് വിവസ്ത്രനാവും. ശേഷം മോഷണം തുടങ്ങും. ഇന്ന് ഉച്ചയോടെ കോഴിക്കോട് നിന്നും കെഎസ്ആർടിസി ബസിൽ കണ്ണൂരിലേക്ക് വന്ന ഇയാളെ കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്ത് വച്ചായിരുന്നു പൊലീസ് വലയിലാക്കിയത്. ഇയാളെ മോഷണം നടത്തിയ വീടുകളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.