തിരുവനന്തപുരം: ദേശീയ ഗെയിംസ് സംഘാടനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനെതിരേയും അന്വേഷണം അനിവാര്യമെന്ന് പൊലീസ്. ഇതിനുള്ള ശുപാർശ സംസ്ഥാന സർക്കാരിന് പൊലീസ് കൈമാറി.

ദേശീയ ഗെയിംസ് വേദികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ ടെക്‌നിക്കൽ കമ്മറ്റി വീഴ്ചകൾ വരുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിപിഐ(എം) എംഎൽഎ വി ശിവൻ കുട്ടിയാണ് ഇതു സംബന്ധിച്ച പരാതി ഡിജിപിക്ക് നൽകിയത്. ക്രൈംബ്രാഞ്ച് ഡിജിപി എം എൻ കൃഷ്ണമൂർത്തി പ്രഥാമിക അന്വേഷണം നടത്തി. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ നിയമനടപടികൾക്ക് സർക്കാരിന്റെ അംഗീകാരം തേടിയാണ് കത്തെഴുതിയത്. ഇക്കാര്യം ശിവൻകുട്ടിയെ പൊലീസ് രേഖാമൂലം അറിയിക്കുകയും ചെയ്തു.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഗെയിംസ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ കെ. മുരുകൻ, കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ എം. ബാലി, ഐ.ഒ.എ ജോയന്റ് സെക്രട്ടറി രാകേഷ് ഗുപ്ത എന്നിവർക്കൊപ്പം ടെക്‌നിക്കൽ കൺടക്ട് കമ്മറ്റി കൺവീനറു മലയാളിയുമായ എസ്.രാജീവിനും എതിരെയാണ് പരാതി.ഗെയിംസിനായി വാങ്ങുന്ന ഉപകരണങ്ങളുടെയും കളിസ്ഥലങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുകയും മത്സര ഇനങ്ങളുടെ നടത്തിപ്പിനു മേൽനോട്ടം വഹിക്കുകയുമാണ് ടെക്‌നിക്കൽ കൺടക്ട് കമ്മിറ്റിയുടെ ചുമതല. വിവിധ മത്സര ഇനങ്ങൾക്കുള്ള കായികതാരങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതും ടെക്‌നിക്കൽ കൺടക്ട് കമ്മിറ്റിയാണ്. ഈ ഉത്തരവാദിത്തമൊന്നും ടെക്‌നിക്കൽ കമ്മറ്റി പാലിച്ചില്ലെന്നാണ് പരാതി.

ഇതോടെ ദേശീയ ഗെയിംസ് നടത്തിപ്പിൽ അഴിമതി നടന്നതായി ഇതുവരെയും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ വാദമാണ് പൊളിയുന്നത്. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഒരു പരാതിയും കിട്ടിയിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് പറയുമ്പോൾ ശിവൻ കുട്ടി തന്നെ മൂന്നോ നാലോ പരാതി പൊലീസിന് നൽകിയിട്ടുണ്ടെന്നതാണ് യാഥാർത്ഥ്യം.

ഇതിൽ അവസാനം നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് ഡിജിപി കൃഷ്ണ മൂർത്തി സർക്കാരിന് നൽകിയത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നടത്തുന്നതിനാലാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം തുടർ നടപടികളെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് പൊലീസ് കത്ത് നൽകിയിരിക്കുന്നത്. വ്യഗ്യമായി കേന്ദ്ര ഫണ്ടുള്ളതിനാൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണമെന്ന പരോക്ഷ ആവശ്യമാണ് കത്തിലൂടെ പൊലീസ് മേധാവി സർക്കാരിന് മുന്നിൽ വയ്ക്കുന്നത്.

ദേശീയ ഗെയിംസിന്റെ വേദികളുടെ പരിശോധന നടത്തി മത്സര യോഗ്യമാണോ എന്ന് വ്യക്തമാക്കേണ്ടത് ഒളിമ്പിക്‌സ് അസോസിയേഷന്റെ ചുമതലയാണ്. ഇതിനായി ടെക്‌നിക്കൽ കണ്ടക്ട് കമ്മറ്റിയുമുണ്ടായിരുന്നു. മത്സരങ്ങൾക്ക് മുമ്പ് വേദികളിലെത്തി, ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടോ എന്നത് അടക്കമുള്ളവ പരിശോധിച്ച് നിലവാരം ഉറപ്പുവരുത്തിയ ശേഷം വേദികൾ പൂർണ്ണ സജ്ജമാണെന്ന റിപ്പോർട്ട് ടെക്‌നിക്കൽ കമ്മറ്റി നൽകണം. എന്നാൽ ഇത്തരമൊരു ഫിറ്റ്‌നസ് സര്ട്ടിഫിക്കറ്റ് കേരളത്തിലെ ഗെയിംസിനായി ടെക്‌നിക്കൽ കമ്മറ്റി നൽകിയില്ല.

പകരം മത്സരം നടത്താൻ അനുമതി നൽകുകയും ചെയ്തു. ഡിസംബർ 15ന് 7 ജില്ലകളിലേയും മുഴുവൻ വേദികളും ടെക്‌നിക്കൽ കമ്മറ്റി പരിശോധിച്ചിരുന്നു. അന്ന് ഒരിടത്തും ഉപകരണങ്ങൾ എത്തിയിരുന്നുമില്ല. എന്നിട്ടും ദേശീയ ഗെയിംസ് നടത്താൻ അനുമതി നൽകിയ ടെക്‌നിക്കൽ കമ്മറ്റിയുടെ തീരുമാനം ക്രിമിനൽ ഗൂഡാലോചനയാണെന്നാണ് പരാതി. അതുകൊണ്ട് അവർക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നാണ് ശിവൻകുട്ടി എംഎൽഎയുടെ ആവശ്യം.

വിശ്വാസ വഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചാർത്തി കേസ് എടുക്കണമെന്നാണ് ആവശ്യം. ഐപിസിയുടെ 403, 406, 420, 120(ബി) വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നായിരുന്നു ശിവൻ കുട്ടിയുടെ പരാതി. ഐഒസിയുടെ ടെക്‌നിക്കൽ കണ്ടക്ട് കമ്മറ്റി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയില്ലെന്ന് തെളിയിക്കുന്ന രേഖകളും ശിവൻ കുട്ടി പൊലീസിന് നൽകിയിട്ടുണ്ട്. ഇവയെല്ലാം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാരിന് പൊലീസ് ശുപാർശ നൽകിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ടെക്‌നിക്കൽ കമ്മറ്റിയുടെ നടപടികളിലെ നിയമവിരുദ്ധത പൊലീസിനും വ്യക്തമായിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദറിപ്പോർട്ടും ഡിജിപി സർക്കാരിന് നൽകി കഴിഞ്ഞു.

ദേശീയ ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്ര ഫണ്ടും വരുന്നുണ്ടെന്ന പരാമർശവും ഉണ്ട്. അതായത് കേന്ദ്ര ഏജൻസിയുടെ അന്വേഷണമാണ് നല്ലതെന്ന് കേരളാ പൊലീസ് പരോക്ഷമായി സർക്കാരിനോട് വ്യക്തമാക്കുകയാണ് ഇതിലൂടെ. എന്നാൽ അഴിമതി ആരോപങ്ങളിൽ സിബിഐ അന്വേഷണമെന്നതിനോട് സംസ്ഥാന സർക്കാരിന് താൽപ്പര്യവുമില്ല. ഇതു മനസ്സിലാക്കിയാണ് പരോക്ഷ സൂചനകളിലേക്ക് സിബിഐ അന്വേഷണമെന്ന ആവശ്യം സർക്കാർ ഒതുക്കുന്നത്.