- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈറ്റില മേൽപ്പാലത്തിൽ വാഹനങ്ങൾ കയറിയതോടെ ഒന്നര ലക്ഷം രൂപയുടെ നഷ്ടമെന്ന് പൊലീസ്; വാഹനം കയറിയാൽ പണിതീർന്ന പാലത്തിന് എന്ത് കോടുപാടെന്ന് കോടതിയും; നാളെ മഹസർ റിപ്പോർട്ട് സഹിതം പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ട് കോടതി
കൊച്ചി: ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് വാഹനങ്ങൾ കടത്തി വിട്ടതിലൂടെ വൈറ്റില മേൽപ്പാലത്തിന് ഒന്നരലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് പൊലീസ്. വി4 കേരള പ്രവർത്തകരെ കോതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പൊലീസിന്റെ വെളിപ്പെടുത്തൽ. മരട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇവരെ ഓൺലൈനായി ഹാജരാക്കിയത്. അതേസമയം, എന്തു നഷ്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനു രേഖാമൂലമുള്ള മറുപടി നൽകാൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ, നാളെ മഹസർ റിപ്പോർട്ട് സഹിതം പ്രതികളെ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദ്ദേശം നൽകി.
പ്രതികൾ പാലത്തിലെ ലൈറ്റുകൾക്കും വയറിങ്ങിനും ടാറിങ്ങിനുമെല്ലാം വലിയ നാശനഷ്ടമുണ്ടാക്കി എന്നാണ് പൊലീസ് കോടതിയിൽ അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിൽനിന്ന് ഇതുകാണിച്ച് പൊലീസിനു പരാതി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. വാഹനം കടന്നു പോയാൽ നാശനഷ്ടമുണ്ടായത് എങ്ങനെയാണെന്നു ചോദിച്ചാണ് മഹസർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. പാലത്തിൽ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന പൊലീസ് വാദം വ്യാജമാണെന്ന നിലപാടാണ് വി4 കേരള പ്രവർത്തകരും സ്വീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രതികളെ റിമാൻഡ് ചെയ്തു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കോടതിയിൽനിന്നുള്ള രേഖകൾ ലഭിക്കുന്ന മുറയ്ക്ക് ഇവരെ ജയിലിൽ അയയ്ക്കുമെന്നും നാളെ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കി മഹസർ റിപ്പോർട്ടു നൽകുമെന്നും പൊലീസ് പറയുന്നു. പ്രതികൾ ഇപ്പോഴും മരട് പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്.
ഉദ്ഘാടനം കഴിയാത്ത വൈറ്റില മേൽപ്പാലം തുറന്ന് വാഹനങ്ങൾ കടത്തിവിട്ടത് സംഭവത്തിൽ വി ഫോർ കേരള പ്രവർത്തകരായ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വി4 കേരള കോർഡിനേറ്റർ നിപുൺ ചെറിയാൻ, ആഞ്ചലോസ്, റാഫേൽ, സൂരജ് എന്നിവരെയാണ് മരട് പൊലീസ് പിടികൂടിയത്. നാൽപതോളം പൊലീസുകാർ അർധരാത്രി കാക്കനാട്ടെ ഫ്ലാറ്റ് വളഞ്ഞാണ് നിപുണിനെ അറസ്റ്റ് ചെയ്തത്. ഒപ്പമുണ്ടായിരുന്നവർക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. പാലത്തിൽ അതിക്രമിച്ചു കയറിയതിന് 10 വാഹന ഉടമകൾക്കെതിരെയും കേസുണ്ട്. നിപുൺ ചെറിയാൻ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിനെതിരെ വി ഫോർ കേരള പ്രവർത്തകർ മരട് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.
അതേസമയം, പാലം തുറക്കുന്നതിനുവേണ്ടി സമരത്തിലായിരുന്നെങ്കിലും തുറന്നത് തങ്ങളല്ലെന്ന് വി ഫോർ കേരള ഭാരവാഹികൾ അറിയിച്ചു. പ്രവൃത്തി പൂർത്തിയായി ഭാരപരിശോധന കഴിഞ്ഞിട്ടും പാലം തുറക്കാത്തതിനെതിരെ വി ഫോർ കേരള രംഗത്തെത്തിയിരുന്നു. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്ന് സംഘടന പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് പാലം പരിസരത്ത് പൊലീസ് കാവലുണ്ടായിരുന്നു. ഇന്നലെ രാത്രി പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് ചിലർ പാലം തുറന്നത്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്ന് വന്ന വാഹനങ്ങളാണ് ആദ്യം പാലത്തിന്റെ തുടക്കത്തിലെ ബാരിക്കേഡ് മാറ്റി കടത്തിവിട്ടത്. പാലം ഗതാഗതത്തിന് തുറന്നുനൽകിയിട്ടില്ലെന്ന് ആലോചിക്കാതെ വിമാനത്താവളത്തിലേക്ക് പോകാനുള്ളവരടക്കം മേൽപ്പാലത്തിൽ കയറി. ഇവരെയെല്ലാം പൊലീസ് എത്തി ബലമായി തിരിച്ചിറക്കി. വാഹനങ്ങളെല്ലാം അരമണിക്കൂറിലധികം കുടുങ്ങിക്കിടന്ന ശേഷമാണ് പ്രശ്നത്തിനു പരിഹാരമായത്.
വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ഇന്നലത്തെ സംഭവമുണ്ടായത്. നിലവിലുള്ള ഗതാഗതക്കുരുക്കിന് വലിയൊരു പരിഹാരമേകാൻ ഈ മേൽപ്പാലങ്ങൾ തുറന്ന് കൊടുക്കുന്നതിലൂടെ സാധിക്കും. സംസ്ഥാന സർക്കാർ പൂർണ്ണമായും കിഫ്ബി ധനസഹായത്തോടെ ഏറ്റെടുത്ത് നിർമ്മിക്കുന്നതാണ് ഈ രണ്ട് മേൽപ്പാലങ്ങളും. 86.34 കോടി രൂപയുടേതാണ് വൈറ്റില മേൽപ്പാലം. 82.74 കോടി രൂപയ്ക്കാണ് കുണ്ടന്നൂർ മേൽപ്പാലം നിർമ്മാണം. പ്രവൃത്തികൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ദേശീയപാതയുടെ ഭാഗമായി വരുന്ന മേൽപ്പാലങ്ങൾക്ക് സംസ്ഥാന സർക്കാരാണ് പൂർണ്ണമായും പണം കണ്ടെത്തിയത്.
മറുനാടന് ഡെസ്ക്