തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും പഞ്ഞമില്ലാത്ത ദേശീയ ഗെയിംസിൽ, പട്ടിണി പരാതിയുമായി തലസ്ഥാനത്തെ പൊലീസുകാർ. ഗെയിംസ് വേദികളിൽ സ്‌പെഷ്യൽ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന സിവിൽ പൊലീസ് ഓഫീസർ മുതൽ എസ്.ഐ അടക്കമുള്ളവർക്കാണ് പണി കിട്ടിയത്. കഴുത്തിൽ ബാഡ്ജ് തൂക്കിയും അല്ലാതെയും വേദികളിലെത്തുന്ന എല്ലാവർക്കും ഭക്ഷണം നൽകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം കൊടുക്കാൻ വകുപ്പില്ലെന്നാണ് ഗെയിംസ് സംഘാടക സമിതി പറയുന്നത്. ഉദ്ഘാടനച്ചടങ്ങിനു ശേഷം എല്ലാവർക്കും സംഘാടകസമിതി വക ഭക്ഷണം നൽകിയപ്പോൾ, അതു കണ്ടുനിൽക്കാനായിരുന്നു പൊലീസുകാരുടെ യോഗം. പിന്നീട് വൈകി എ.ആർ. ക്യാമ്പിൽനിന്ന് ഭക്ഷണം എത്തിക്കുകയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും ഇതേ സ്ഥിതി തുടർന്നു. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഭക്ഷണം എത്തിക്കുന്ന ചുമതല സ്‌പെഷ്യൽ ആംഡ് പൊലീസിനെ ഏൽപിച്ചെങ്കിലും, സ്ഥിരം തലവേദനയാകുമെന്ന് മനസിലായതോടെ അവരും കൈയൊഴിഞ്ഞു.

ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ ഭക്ഷണം കഴിച്ച ബില്ല് നൽകിയാൽ പണം തിരിച്ചുനൽകുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിരുന്നെങ്കിലും ഇത് പ്രാവർത്തികമല്ലെന്നാണ് ഇവരുടെ പക്ഷം. ഡ്യൂട്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തുനിന്നും മാറിനിന്നാൽ അത് പിന്നീട് അച്ചടക്ക നടപടി ഉണ്ടാക്കുമെന്നുള്ള ഭയം മൂലമാണ് പലരും ഭക്ഷണം ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്.

'ഗെയിംസ് വില്ലേജിലും വേദികളിലുമായി അധികം വരുന്ന ആഹാരം മതി അവിടെ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകാൻ. പൊലീസ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകണ്ട എന്ന നിലപാടാണ് സംഘാടകരുടേതെന്നു ഗെയിംസ് വില്ലേജിൽ ഡ്യൂട്ടിയിലുള്ള സബ് ഇൻസ്‌പെക്ടർ പറയുന്നു. വേദികളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം തങ്ങളുടെ ചുമതലയല്ലെന്ന ഉറച്ച നിലപാടിലാണ് 'ഫുഡ് കമ്മിറ്റി' . തലസ്ഥാനത്ത് എത്തുന്ന താരങ്ങൾക്കും ഒഫിഷ്യലുകൾക്കും മാദ്ധ്യമപ്രവർത്തകർക്കും കൃത്യസമയത്ത് ഭക്ഷണം നൽകുന്നുണ്ട്. പക്ഷേ ഉദ്യോഗസ്ഥരുടെ ഭക്ഷണത്തിന്റെ കാര്യം അറിയില്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകർ വ്യക്തമാക്കി.

അതേസമയം ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഭക്ഷണം നൽകാതിരിക്കുന്നതിന്റെ പിന്നില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന. തിരുവനന്തപുരം ജില്ലയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഈ ദുർഗതിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. സംഘാടക സമിതിയിലെ ഉദ്യോഗസ്ഥരുടെ സ്വരച്ചേർച്ചയില്ലായ്മ പല വേദികളിലേയും മൽസരങ്ങളെ ബാധിക്കുന്നുണ്ട്. 'ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ദേശീയ ഗെയിംസിന്റെ വിജയത്തിനായി പരിശ്രമിക്കുന്നവരാണ്. അവരെ മാറ്റി നിർത്തുന്നത് ശരിയല്ല. ഇതിന് അടിയന്തിരമായി പരിഹാരം കാണണം. ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് ഗെയിംസ് അധികൃതർ ഭക്ഷണം നൽകുകയോ അല്ലെങ്കിൽ അതിനുള്ള പണം മുൻകൂർ ആയി അനുവദിക്കുകയോ വേണമെന്നും' സിറ്റി പൊലീസ് കമ്മീഷണർ എച്ച് വെങ്കിടേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് സിഇഒ ആയ ദേശീയ ഗെയിംസിലാണ് അനന്തപുരി പൊലീസിന് എട്ടിന്റെ പണി കിട്ടിയത്.