മെൽബൺ: ഓസ്‌ട്രേലിയയിൽ അക്രമികളുടെ കുത്തേറ്റ് ഇന്ത്യക്കാരി ഐടി കൺസൽറ്റന്റ് പ്രഭ അരുൺകുമാർ മരിച്ച സംഭവത്തിൽ ദൂരൂഹത നീങ്ങുന്നില്ല. പ്രഭയുടെ മരണകാരണമെന്തെന്ന് സ്ഥിരീകരിക്കാൻ ഇനിയും ഓസ്‌ട്രേലിയൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

വംശീയ വിദ്വേഷമോ മോഷണമോ ആകാം മരണ കാരണമെന്നാണ് സംശയം. അതിനിടെ കൊലയാളിക്ക് വേണ്ടി അന്വേഷനം ഊർജ്ജിതമാക്കി. 'മിൻഡ് ട്രീ' എന്ന കന്പനിയുടെ ഐ.ടി. ഉപദേഷ്ടാവായിരുന്നു മുപ്പത്തിയാറുകാരിയായ പ്രഭ.

ശനിയാഴ്ച ജോലികഴിഞ്ഞു മടങ്ങുമ്പോൾ വീടിന് 300 മീറ്റർ അകലെവച്ചായിരുന്നു സംഭവം. ഭർത്താവുമായി ഫോണിൽ സംസാരിച്ചുവരുമ്പോഴാണ് ഇവർക്കുനേരെ ആക്രമണമുണ്ടായത്. തന്നെ ഉപദ്രവിക്കരുതെന്നും ആവശ്യമുള്ളതെല്ലാം എടുത്തോളൂവെന്നും പ്രഭ പറയുന്നത് ഇങ്ങേത്തലയ്ക്കൽ ഫോണിലൂടെ നിസ്സഹായനായി ഭർത്താവ് അരുൺകുമാർ കേട്ടിരുന്നു. ഇതുകൊണ്ട് മോഷണമാകാം കൊലയ്ക്ക് കാരണമെന്ന വിലയിരുത്തലാണുള്ളത്.

സിഡ്‌നി നഗരത്തിനു പുറത്തുള്ള വെസ്റ്റ്മീഡിലാണ് ആക്രമണം നടന്നത്. ഈവഴി പോകരുതെന്ന് പ്രഭയ്ക്ക് സുഹൃത്ത് നേരത്തേ മുന്നറിയിപ്പു നൽകിയിരുന്നു. പണം കൊള്ളയടിക്കുന്ന സംഘമുണ്ടെന്നും അക്രമത്തിനു സാധ്യതയുണ്ടെന്നുമായിരുന്നു മുന്നറിയിപ്പ്. പൊലീസ് ഊർജിതാന്വേഷണമാരംഭിച്ചിട്ടുണ്ട്. കുത്തേറ്റ പ്രഭയെ ഉടൻ സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വൻതോതിൽ രക്തം വാർന്നതിനെത്തുടർന്നാണ് മരണം സംഭവിച്ചത്. പിന്നീട് ഒരു ബന്ധുവിനെ വിളിച്ച് തനിക്കു കുത്തേറ്റുവെന്ന് കന്നഡയിൽ പ്രഭ പറഞ്ഞിരുന്നു.

ജോലി കഴിഞ്ഞു പറാമറ്റ പാർക്കിനു സമീപത്തെ വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രഭ ബെംഗളൂരുവിലുള്ള ഭർത്താവ് അരുൺകുമാറുമായി
ഫോണിൽ സംസാരിച്ചുകൊണ്ടാണു നടന്നത്. പാർക്കിനടുത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. 'എനിക്കു കുത്തേറ്റെന്നു തോന്നുന്നു എന്ന അവരുടെ വാക്കുകൾ ഭർത്താവ് ഫോണിലൂടെ കേട്ടു. യുവതി രക്തത്തിൽ കുളിച്ചുകിടക്കുന്നതു കണ്ടയാൾ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൈൻഡ്ട്രീ കമ്പനിയുടെ പ്രോജക്ടുമായി മൂന്നു വർഷമായി സിഡ്‌നിയിലുള്ള പ്രഭ അടുത്ത മാസം നാട്ടിലേക്കു മടങ്ങേണ്ടതായിരുന്നു. പറാമറ്റയിൽ മറ്റ് മൂന്ന് ഇന്ത്യൻ സുഹൃത്തുക്കൾക്കൊപ്പമായിരുന്നു താമസം. ഒൻപതു വയസ്സുള്ള മകൾ മേഘ്‌ന ബന്ധുക്കൾക്കൊപ്പം ബെംഗളൂരു ബസവേശ്വര നഗറിലെ പ്രശാന്ത് നഗറിലാണ്. ദുരന്ത വിവരം അറിഞ്ഞ് അരുൺകുമാർ ഒസ്‌ട്രേലിയയിലേക്കു പുറപ്പെട്ടു.