തിരുവനന്തപുരം: ചന്ദ്രബോസ് കൊലക്കേസ് പ്രതിയായ മുഹമ്മദ് നിസാമിൽനിന്ന് വധഭീഷണിയുണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാതൃഭൂമി ലേഖകനു പൊലീസ് സംരക്ഷണം. മാതൃഭൂമി ന്യൂസ് സീനിയർ റിപ്പോർട്ടർ ജയ്‌സൺ ചാമവളപ്പിലിനാണ് പൊലീസ് സംരക്ഷണം നൽകാൻ ഡിജിപി ഉത്തരവിട്ടത്.

മുഹമ്മദ് നിസാമിൽ നിന്നും മുൻ സിറ്റി പൊലീസ് കമ്മീഷണർ ജേക്കബ്ബ് ജോബിൽ നിന്നും ജയ്‌സണു ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടു നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംരക്ഷണം നൽകാൻ ഡിജിപി ടി പി സെൻകുമാർ ഉത്തരവിട്ടത്.

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിസാമും അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ജേക്കബ്ബ് ജോബും രഹസ്യ ചർച്ച നടത്തിയെന്ന വാർത്ത മാതൃഭൂമി ന്യൂസാണ് പുറത്തു വിട്ടത്. ഇതേത്തുടർന്നാണ് ജയ്‌സണെതിരെ ഭീഷണി ഉണ്ടായത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി ജയ്‌സൺ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ഡിജിപിക്കും പരാതി നൽകിയിരുന്നു. ജയ്‌സണും കുടുംബത്തിനും സംരക്ഷണം നൽകാനാണ് ഡിജിപി ടി പി സെൻകുമാർ ഉത്തരവിട്ടത്.