- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഡലുകളുടെ ദുരൂഹ മരണത്തിലെ തെളിവുകൾ നശിപ്പിച്ചു; പിന്നാലെ പോക്സോ കേസിലും പ്രതിയായി; ഡിജെ പാർട്ടികളിൽ പങ്കെടുത്തവരിലേക്കും അന്വേഷണം മുറുകവേ നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കിയ നടപടി പിൻവലിച്ചു എക്സൈസ് വകുപ്പ്; പീഡന കേസിൽ സൈജുവിനെ ചോദ്യം ചെയ്തു
കൊച്ചി: കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ മരണത്തിൽ ഏറ്റവും സംശയത്തൽ നിന്നത് ഫോർട്ടു കൊച്ചിയിലെ നമ്പർ 18 ഹോട്ടലിന്റെ ഉടമ റോയി വയലാട്ട് ആയിരുന്നു. ഈ കേസിൽ തെളിവു നശിപ്പിച്ചതിൽ അടക്കം റോയിക്ക് പങ്കുണ്ടെന്ന ആക്ഷേപം വ്യക്തമായിരുന്നു. എന്നാൽ, പൊലീസ് അന്വേഷണം ഒരു പരിധി കഴിഞ്ഞ ശേഷം മുന്നോട്ടു പോയില്ല. പിന്നാലെ റോയി വയലാട്ട് പോക്സോ കേസിലും പ്രതിയായി. ഇങ്ങനെ വിവാദങ്ങളുടെ നടുവിൽ നിൽക്കവേ, ദുരൂഹതകളുടെ കേന്ദ്രമായ നമ്പർ 18 ഹോട്ടലിന് ബാർ ലൈസൻസ് വീണ്ടും ലഭിച്ചു. ഹോട്ടലിന്റെ ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയ നടപടി എക്സൈസ് വകുപ്പ് പിൻവലിച്ചു.
ഈ മാസം ഒന്നിനാണ് എക്സൈസ് കമീഷണറുടെ ഉത്തരവ് പ്രകാരം ലൈസൻസ് പുനഃസ്ഥാപിച്ചുനൽകിയത്. ഇതിനുപിന്നിൽ ഉന്നതരുടെ ഇടപെടലുണ്ടെന്നാണ് സൂചന. നമ്പർ18 ഹോട്ടലിൽ നിശപാർട്ടിയിൽ പങ്കെടുത്ത് മടങ്ങിയ മോഡലുകളാണ് ഒക്ടോബർ 31ന് അർധരാത്രി അപകടത്തിൽ മരണപ്പെട്ടത്. മോഡലുകൾ മരിച്ചതിനെത്തുടർന്നുണ്ടായ വിവാദം അവസാനിപ്പിക്കാൻ അധികാര സ്ഥാനങ്ങളിലുള്ളവർ വലിയ ഇടപെടലുകൾ നടത്തിയത് ഏറെ ചർച്ചയായിരുന്നു.
സമയപരിധി കഴിഞ്ഞ് മദ്യം വിളമ്പൽ, ഹോട്ടലിൽ മയക്കുമരുന്ന് ഉപയോഗം എന്നിവയുടെ അടിസ്ഥാനത്തിലാണ് കാരണംകാണിക്കൽ നോട്ടീസ് നൽകി എക്സൈസ് ബാർ ലൈസൻസ് താൽക്കാലികമായി റദ്ദാക്കിയത്. എന്നാൽ, ഇത് തെളിയിക്കാൻ പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്താൻ തയാറായില്ലെന്നതാണ് ഉയരുന്ന മറ്റൊരു ആരോപണം. തുടരന്വേഷണം നടത്താതെ കേസ് ദുർബലമാക്കുകയായിരുന്നുവെന്നും ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടാതെ ഒരാളുടെ പേരിലുള്ള ബാർ ലൈസൻസ് റദ്ദ് ചെയ്യാൻ നിയമം അനുവദിക്കുന്നില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പുതുതായി ബാർ ഉടമക്കെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കേണ്ടത് പൊലീസാണെന്നാണ് എക്സൈസ് വിശദീകരിക്കുന്നത്.
നിലവിൽ ബാർ ഉടമക്കെതിരെ സമയപരിധി കഴിഞ്ഞും മദ്യം വിളമ്പിയതിനും വാഹനാപകടം സംബന്ധിച്ചുള്ളതും പോക്സോ കേസുമാണ് നിലനിൽക്കുന്നത്. ഈ കേസുകളിൽ ഏതെങ്കിലുമൊന്നിൽ ശിക്ഷ വിധിച്ചാൽ മാത്രമേ ബാർ ഉടമയുടെ പേരിലുള്ള ലൈസൻസ് റദ്ദ് ചെയ്യാൻ കഴിയൂ. ഇക്കാര്യങ്ങൾകാട്ടി എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ് എക്സൈസ് കമീഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ ചോദ്യംചെയ്തു
വിവാദമായ ഫോർട്ട്കൊച്ചി നമ്പർ18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസിൽ കൂട്ടുപ്രതി സൈജു എം. തങ്കച്ചനെ പൊലീസ് ചോദ്യംചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ റോയി വയലാറ്റിന് സഹായംചെയ്തത് സൈജുവാണെന്നാണ് പരാതി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്നും കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി എന്ന യുവതിയുടെ ദൃശ്യങ്ങൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിൽ നമ്പർ18 ഹോട്ടലിൽ റോയി ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കോഴിക്കോട് സ്വദേശിയായ അമ്മയുടെയും മകളുടെയും പരാതി. ഇരയായ പലരെയും കൊച്ചിയിൽ എത്തിച്ചതെന്ന് പരാതിയിൽ പറയുന്ന കോഴിക്കോട് സ്വദേശിനി അഞ്ജലി റീമ ദേവ് സൈജുവിന്റെ അടുത്ത സുഹൃത്തുമാണ്.
സൈജുവിന്റെ ഫോണിൽനിന്ന് ചിത്രങ്ങളും ദൃശ്യങ്ങളുമുൾപ്പെടെ നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ദൃശ്യങ്ങൾ മറ്റു പ്രതികൾ ചേർന്ന് മൊബൈലിൽ പകർത്തിയെന്നും പൊലീസിൽ പരാതി നൽകിയാൽ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും പ്രതികൾ ഇരയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താനായിരുന്നു ചോദ്യംചെയ്യൽ. അഞ്ജലി നമ്പർ18 ഹോട്ടലിൽ എത്തിയിരുന്നതായി സൈജു മൊഴി നൽകി.
ആരോപണങ്ങൾ നിഷേധിച്ച് അഞ്ജലി
ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ ആരോപണങ്ങൾ നിഷേധിച്ച് അഞ്ജലി റീമ ദേവ്. നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് പ്രതിയായ പോക്സോ കേസിലെ കൂട്ടുപ്രതിയാണ് അഞ്ജലി റീമ ദേവ്. തനിക്കെതിരെ ചിലർ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് പോക്സോ കേസെന്ന് അവർ പറഞ്ഞു.
ബിസിനസ് വിപുലമാക്കാൻ പണം കടം വാങ്ങിയിട്ടുണ്ട്. അതിന്റെ കണക്കുണ്ട്. അതിനും അപ്പുറത്ത് മനസ്സിൽപോലും ചിന്തിക്കാത്ത കുറ്റങ്ങളാണ് ആരോപിക്കുന്നതെന്നും അവർ ഫേസ്ബുക്കിലൂടെ പറഞ്ഞു. തന്റെ ഓഫിസിൽ ജോലി ചെയ്ത ആരും ഇങ്ങനെ പറയില്ല. ഹണിട്രാപ്പും കള്ളപ്പണ ഇടപാടുമൊക്കെ ആരാണ് ചെയ്യുന്നതെന്ന് വ്യക്തമായ ധാരണയുണ്ട്. താനത് പുറത്തു പറയാതിരിക്കാൻ വേണ്ടിയാണ് ഇതൊക്കെ അവർ കാട്ടിക്കൂട്ടുന്നതെന്നും അഞ്ജലി പറഞ്ഞു.
അഞ്ജലിയുടെ വാക്കുകൾ: ''ഞാൻ തെറ്റ് ചെയ്തിട്ടില്ല. സത്യം തെളിയും. പരാതി നൽകിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാൻ എന്റെ ജീവിതം വച്ച് കളിക്കുകയാണ്. രാഷ്ട്രീയപ്രമുഖരടക്കം ഇവരുടെ വലയിൽ പെട്ടിട്ടുണ്ട്. ഇത് ഞാൻ തുറന്ന് പറയുമെന്ന പേടി കൊണ്ടാണ് എനിക്കെതിരെ ഇത്രയും ആരോപണങ്ങൾ അവർ ഉയർത്തിയത്.കാശ് കൊടുത്തിട്ട് അവർ എനിക്കെതിരെ കേസ് കൊടുക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് അറിഞ്ഞ് കൊണ്ടാണ് ഇത്രയും നാളും ഞാനും പിടിച്ച് നിന്നത്. ആത്മഹത്യ ചെയ്യാത്തത് നിരപരാധിത്വം തെളിയിക്കാനാണ്. ചെയ്യാത്ത കാര്യങ്ങളാണ് ഇവർ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സത്യം പുറത്തുവരും. ഒരു പെണ്ണിനും ഈ ഗതി വരാൻ പാടില്ല. നിരപരാധിത്വം തെളിയിക്കാൻ ഏത് അറ്റം വരെയും ഞാൻ പോകും.''
''18 വർഷം കൊണ്ട് നേടിയതെല്ലാം അവർ ഒറ്റ നിമിഷം കൊണ്ടാണ് തകർത്തത്.ബിസിനസ് നടത്തിപ്പിന് വേണ്ടിയാണ് ആ സ്ത്രീയുടെ കൈയിൽ നിന്ന് വട്ടി പലിശയ്ക്ക് ഞാൻ പണം വാങ്ങിയത്. എന്റെ ഓഫീസിലെ ഒരു പെൺകുട്ടിയെങ്കിലും പറയട്ടേ, അഞ്ജലി അങ്ങനെ എങ്ങോട്ടെങ്കിലും കൊണ്ട് പോയിട്ടുണ്ടെന്ന്. സ്വന്തം മകളെ വച്ച് ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ ജീവിതം നശിപ്പിച്ച എല്ലാവരുടെയും യഥാർത്ഥ മുഖം ഞാൻ പുറത്തുകൊണ്ടുവരും. ഇതുപോലെ ഒരാളുടെയും ജീവിതം നശിക്കാൻ പാടില്ല.''-അഞ്ജലി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ