- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിറ്റ് തുണിസഞ്ചി ക്രമക്കേട്: വഞ്ചനാ ശ്രമത്തിന് കേസെടുത്ത് പൊലീസ്; ഒന്നര ലക്ഷം തുണിസഞ്ചി വാങ്ങിയതിൽ ക്രമക്കേട് ഇ വേ ബില്ലും ഡെലിവറി നോട്ടുകളും വ്യാജമായി നിർമ്മിച്ച്; നടപടി, പൊലീസ് മേധാവിക്കു ലഭിച്ച പരാതിയിൽ
തിരുവനന്തപുരം: സിവിൽ സപ്ലൈസ് കോർപറേഷന്റെ സൗജന്യ ഭക്ഷ്യക്കിറ്റിനുള്ള ഒന്നര ലക്ഷം തുണിസഞ്ചി പർച്ചേസിങ് ഓർഡർ ഇല്ലാതെയും മറ്റൊരു സ്ഥാപനത്തിന്റെ രേഖകൾ ചമച്ചും മൂന്ന് ഡിപ്പോകളിൽ എത്തിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വഞ്ചന ശ്രമത്തിന് ആറ്റിങ്ങൽ പൊലീസാണു കേസെടുത്തത്.
പൊലീസ് മേധാവിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേരള എജ്യുക്കേഷനൽ ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് സൊസൈറ്റിയുടെ (കേഡസ്) ജിഎസ്ടി നമ്പർ ഉപയോഗിച്ച് ഇ വേ ബില്ലും ഡെലിവറി നോട്ടുകളും വ്യാജമായി നിർമ്മിച്ച് സപ്ലൈകോയുടെ ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കരുനാഗപ്പള്ളി ഡിപ്പോകളിൽ ഒന്നര ലക്ഷം തുണി സഞ്ചി എത്തിച്ച സംഭവത്തിലാണ് നടപടി.
കിറ്റ് വിതരണവുമായി ബന്ധപ്പെട്ടു തുണിസഞ്ചി വാങ്ങുന്നതിൽ സപ്ലൈകോയുടെ ടെൻഡർ പ്രഹസനമെന്ന് ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. ടെൻഡർ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയർന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പർച്ചേസ് ഓർഡർ കുടുംബശ്രീക്കു നൽകിയത് സംബന്ധിച്ചാണ് പരാതി ഉയർന്നത്.
ഒരു കോടി സഞ്ചികൾ നൽകാനുള്ള ഓർഡറിലാണ് പരാതി ഉയർന്നത്. മുൻപുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവിൽ തമിഴ്നാട്ടിൽ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തിയിട്ടും വീണ്ടും ഓർഡർ നൽകിയതിലാണ് ആക്ഷേപം ഉയർന്നത്.
സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ട ഈ അഴിമതി പുറത്തു വന്നിട്ടും കാര്യമായ നടപടി ഇല്ലെന്നായിരുന്നു ആക്ഷേപം.
കോട്ടൺ സഞ്ചിക്കായുള്ള ടെൻഡറിൽ ശുദ്ധമായ കോട്ടൺ എന്നു പ്രത്യേകം പറയുന്നില്ല. നിലവിൽ കിറ്റ് വിതരണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള തുണിസഞ്ചി 78 രൂപയ്ക്കു വിപണിയിൽ ലഭിക്കും. സപ്ലൈകോ വിളിച്ച ടെൻഡറിൽ 7.87 രൂപയ്ക്കു ക്വോട്ട് ചെയ്ത കമ്പനിയാണ് ഒന്നാമതെത്തിയത് (എൽ1). 8 രൂപയ്ക്കു താഴെയുള്ള വിലയിൽ ക്വോട്ട് ചെയ്ത മറ്റു കമ്പനികളുമുണ്ട്.
ഈ സാഹചര്യത്തിലാണ് 13 രൂപയും ജിഎസ്ടിയും ചേർന്ന വിലയിൽ കുടുംബശ്രീക്ക് ഒരു കോടി തുണിസഞ്ചികളുടെ ഓർഡർ നൽകിയിരുന്നത്. ഒരു കോടി സഞ്ചി വാങ്ങുമ്പോൾ ഖജനാവിന് കുറഞ്ഞത് 5 കോടി രൂപ നഷ്ടം വരും. അതേസമയം കുടുംബശ്രീ യൂണിറ്റുകൾക്ക് ടെൻഡറിൽ പങ്കെടുക്കാതെയും പർച്ചേസ് ഓർഡർ നൽകാൻ സപ്ലൈകോയ്ക്ക് ചട്ടപ്രകാരം കഴിയും.
കോയമ്പത്തൂരിലും മറ്റും 7 രൂപയ്ക്കു താഴെ ഇത്തരം തുണി സഞ്ചികൾ ലഭ്യമാണ്. ഇവിടെ നിന്നു വാങ്ങുന്ന സഞ്ചികൾ ഇരട്ടി വിലയ്ക്കാണ് ചില കമ്പനികൾ സപ്ലൈകോയ്ക്കു നൽകുന്നത്.
വാർത്തകളുടെ പശ്ചാത്തലത്തിൽ പാലക്കാട് കേന്ദ്രീകരിച്ചുള്ള ചില കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ സപ്ലൈകോ വിജിലൻസ് അന്വേഷണം നടത്തുകയും നടപടിയെടുക്കാൻ കുടുംബശ്രീയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വമ്പൻ കമ്പനികൾക്കെതിരെ ഇതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ല.
ഭക്ഷ്യ കിറ്റ് വിതരണത്തിനുള്ള തുണി സഞ്ചി വാങ്ങിയ ഇടപാടിൽ വ്യാപക ക്രമക്കേട് നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു. നിലവാരമില്ലാത്ത സഞ്ചി ഉയർന്ന വിലക്ക് വാങ്ങിയെന്നായിരുന്നു ആക്ഷേപം. കുടുംബശ്രീയുടെ പക്കൽ നിന്നും വാങ്ങിയ 84,90,066 സഞ്ചികൾക്ക് നൽകിയത് 19 രൂപ വീതമാണെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
സ്വകാര്യ സ്ഥാപനങ്ങൾ നിലവാരം കൂടിയ സഞ്ചികൾ 6 രൂപ 40 പൈസ തോതിലാണ് നൽകിയത്. ഒരു സഞ്ചിയിൽ 12 രൂപ 60 പൈസയുടെ വ്യത്യാസം. നഷ്ടം പത്ത് കോടി രൂപയ്ക്ക് മുകളിൽ (10,69,74,831 രൂപ).
തമിഴ്നാട്ടിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി നൽകി പണം തട്ടിയ കുടുംബശ്രീ യൂണിറ്റുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സപ്ലൈകോ എംഡി കുടുംബശ്രീ ഡയറക്ടർക്ക് നേരത്തേ തന്നെ കത്ത് നൽകിയിരുന്നു. പ്രാഥമിക പരിശോധനയിൽ പാലക്കാടെ ഒരു യൂണിറ്റ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയിരുന്നു. പാലക്കാട് കേന്ദ്രീകരിച്ചുള്ള ഒരു സംഘം മറ്റ് ജില്ലകളിലെ കുടുംബശ്രീക്കാർക്കും തമിഴ്നാട് സഞ്ചി എത്തിച്ച് നൽകിയതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു.
തമിഴ്നാട്ടിൽ നിന്ന് ആറു രൂപയ്ക്ക് ഗുണനിലവാരം കുറഞ്ഞ തുണിസഞ്ചി വാങ്ങി സപ്ലൈകോയ്ക്ക് പതിമൂന്നര രൂപയ്ക്ക് വിറ്റെന്നായിരുന്നു കുടുബശ്രീ യൂണിറ്റുകൾക്കെതിരെ കണ്ടെത്തിയ കുറ്റം. ആഭ്യന്തര വിജിലൻസിന്റ പ്രാഥമിക അന്വേഷണത്തിൽ പാലക്കാട് മങ്കരയിലെ യൂണിറ്റ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. ബാക്കിയുള്ളയിടത്തും പരിശോധന നടത്തി. മങ്കര യൂണിറ്റിനെതിരെ നടപടി ആവശ്യപ്പെട്ട് സപ്ലൈകോ എംഡി കുടുംബശീ മിഷൻ ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.
കോവിഡ് കാലത്ത് വരുമാനം കിട്ടട്ടെയെന്ന് കരുതിയാണ് ഭക്ഷ്യ കിറ്റിനുള്ള സഞ്ചികളിൽ നിശ്ചിത ശതമാനം കുടുംബശ്രീക്കാരിൽ നിന്ന് വാങ്ങാൻ സപ്ലൈകോ തീരുമാനിച്ചത്. തുണിയെടുത്ത് തയ്ച്ച് നൽകണമെന്നായിരുന്നു വ്യവസ്ഥയെങ്കിലും പലരും തട്ടിപ്പിന്റ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ