ബെർലിൻ: ജർമനിയിലേക്കുള്ള അനധികൃത കുടിയേറ്റം 2014 വർഷത്തിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയതെന്ന് ഫെഡറൽ പൊലീസ്. മുൻ വർഷത്തെക്കാൾ 75 ശതമാനം വർധനയാണ് കഴിഞ്ഞ വർഷം അനധികൃത കുടിയേറ്റത്തിന്റെ കാര്യത്തിൽ ജർമനിയിൽ ഉണ്ടായിട്ടുള്ളത്.

അനധികൃതമായി ജർമനിയിലേക്ക് കുടിയേറിയ 57,000 പേരെ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്ന് ഫെഡറൽ പൊലീസ് ചീഫ് ഡീറ്റർ റോമാൻ വ്യക്തമാക്കി. ഇതിൽ 27,000 പേരെ ജർമനിയിൽ തന്നെ നിലനിർത്തി. 30,000 പേരെ രാജ്യത്ത് കടക്കുന്നതിനു മുമ്പു തന്നെ തടഞ്ഞുവെന്നാണ് ഡീറ്റർ റോമാൻ പറയുന്നത്. ജർമനിയുടെ അതിർത്തിരാജ്യങ്ങളായ ഫ്രാൻസ്, ഓസ്ട്രിയ എന്നിവിടങ്ങളിൽ നിന്നാണ് ഭൂരിപക്ഷം പേരും അനധികൃതമായി എത്തുന്നത്. ഇതിൽ തന്നെ തെക്കൻ അതിർത്തി കടന്ന് എത്തുന്ന നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം നാലിരട്ടിയായെന്നും പടിഞ്ഞാറൻ അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഇരട്ടിയായെന്നുമാണ് റോമാൻ വ്യക്തമാക്കുന്നത്.

കൂടാതെ 2014-ൽ തന്നെ 2100 കള്ളക്കടത്തുകാരേയും പൊലീസ് പിടികൂടിയതായി അറിയിച്ചിട്ടുണ്ട്. മുൻവർഷത്തെക്കാൾ 1535 എണ്ണം കൂടുതലാണിത്. ഇസ്ലാമിക് ഭീകരവാദം കഴിഞ്ഞാൽ അനധികൃത കുടിയേറ്റമാണ് ഫെഡറൽ സർക്കാർ അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്ന് എന്ന് റോമാൻ എടുത്തുപറഞ്ഞു. അനധികൃത കുടിയേറ്റത്തെ എന്തുവില കൊടുത്തും തടയുമെന്നും ഇതിനായി പൊലീസിന്റെ ഭാഗത്തു നിന്ന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും പൊലീസ് മേധാവി വ്യക്തമാക്കി.