- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുവത്സരം കൊഴുപ്പിക്കാൻ സംസ്ഥാനങ്ങളിലേക്ക് ഒഴുകി എത്തിയത് കോടികളുടെ മയക്കു മരുന്നുകൾ; വ്യാപക ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് റിപ്പോർട്ടു പുറത്തുവന്നതോടെ ഡി ജെ പാർട്ടികൾക്ക് കൂച്ചുവിലങ്ങിട്ട് പൊലീസ്; രാത്രി പത്തുമണിക്ക് ശേഷം പാർട്ടി വേണ്ടെന്ന് നിർദ്ദേശം
തിരുവനന്തപുരം: പുതുവത്സരം കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലേക്ക് കോടികളുടെ മയക്കുമരുന്ന ഒഴുകിയിട്ടുണ്ട്. എൽഎസ്ഡി തുടങ്ങിയ അതിതീവ്ര മയക്കു മരുന്നുകളാണ് ഇപ്പോൾ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും അടക്കം ഒഴുകി എത്തുന്നത്. ഇത്തവണ ലഹരി മരുന്നു ഉപയോഗം വ്യാപകമാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേരളാ പൊലീസ്.
വൻതോതിലുള്ള ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി കർശന നിർദ്ദേശം നൽകി. രാത്രി പത്ത് മണിക്ക് ശേഷം ഡി.ജെ. പാർട്ടികൾ പാടില്ലെന്നാണ് പൊലീസിന്റെ നിർദ്ദേശം. പാർട്ടികൾ നടക്കുന്ന ഹോട്ടലുകൾ സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിക്കും.
ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകളിൽ സിസിടിവി ക്യാമറകൾ കൃത്യമായി പ്രവർത്തിപ്പിക്കണമെന്നും ഈ ക്യാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചുവെയ്ക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കുന്ന ഹോട്ടലുകാർക്ക് ഇതുസംബന്ധിച്ച നോട്ടീസും നൽകും. സംസ്ഥാനത്ത് കുറച്ചുകാലമായി വ്യാപകമായി ലഹരി മരുന്നുകളുടെ ഉപയോഗമുണ്ട്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജെ. പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പലയിടങ്ങളിലും ഡി.ജെ. പാർട്ടികൾ സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഈ പാർട്ടികളിലൊന്നും ലഹരിമരുന്ന് ഉപയോഗം ഉണ്ടാകാതിരിക്കാനാണ് പൊലീസിന്റെ ശ്രമം.
അടുത്തിടെ തിരുവനന്തപുരം പൂവാറിലെ റിസോർട്ടിൽ ഡി.ജെ. പാർട്ടിക്കിടെ വൻ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തിരുന്നു. കൊച്ചിയിൽ മോഡലുകളുടെ അപകടമരണത്തിന് പിന്നാലെ ഹോട്ടലിൽനടന്ന ഡി.ജെ. പാർട്ടിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ പാർട്ടികളിലെല്ലാം ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയിരുന്നത്. മാത്രമല്ല, ലഹരി ഉപയോഗിച്ച ശേഷം അക്രമം നടത്തുന്ന സംഭവങ്ങളും അടുത്തിടെയായി വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലഹരി ഒഴുകാൻ സാധ്യതയുള്ള ഡി.ജെ. പാർട്ടികൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ