- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വിദ്യാലയങ്ങളിലും അദ്ധ്യാപകൻ സേഫ്റ്റി ഓഫീസറാകും; മാനദണ്ഡം പാലിക്കൽ ഉറപ്പാക്കാൻ പൊലീസും; ക്ലാസ് തുടങ്ങുന്നത് 30 ദിവസത്തിനുള്ള വ്യാപനം കുറയുമെന്ന പ്രതീക്ഷയിൽ; സ്കൂളിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പിനൊപ്പം പൊലീസും കർമ്മനിരതമാകും
തിരുവനന്തപുരം: സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുഖ്യ ചുമതല പൊലീസിന്. ഇതിനായി പദ്ധതി തയാറാക്കും വിദ്യാഭ്യാസ-ആരോഗ്യ വകുപ്പുകൾക്കു പുറമേ പൊലീസ് മേധാവിയും സ്കൂൾ തുറക്കൽ ചർച്ചകളിൽ പങ്കാളികളാകും. നവംബറോടെ രോഗ വ്യാപനം കുറയുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ഇതാണ് സ്കൂൾ തുറക്കൽ തീരുമാനത്തിൽ ഉറച്ചു നിൽക്കാൻ കാരണം.
തൊട്ടു മുൻപുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡിനെ തുടർന്നു ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 8% കുറവുണ്ട്. രോഗം ഒരു തവണ വന്നവരിൽ രോഗബാധ വീണ്ടും ഉണ്ടാകുന്നതു കുറഞ്ഞു വരുന്നു. പത്തനംതിട്ട, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിലാണ് റീഇൻഫെക്ഷൻ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ചെറുപ്പക്കാർക്കിടയിലാണു രോഗബാധ കൂടുതൽ കാണുന്നത്. കുട്ടികളിൽ പ്രശ്നം കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് സ്കൂൾ തുറക്കൽ.
പൊലീസിനാകും കൂടുതൽ ഉത്തരവാദിത്തം. 'എല്ലാ സ്റ്റേഷൻ ഹൗസ് ഓഫിസർമാരും പ്രദേശത്തെ സ്കൂളുകളിലെ പ്രഥമ അദ്ധ്യാപകരുടെയും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെയും യോഗം വിളിച്ചു സുരക്ഷാ നടപടികൾ ചർച്ച ചെയ്യും. സ്കൂൾ വാഹനങ്ങളുടെ പ്രവർത്തന ക്ഷമത ഉറപ്പാക്കേണ്ട ഉത്തരവാദിത്തവും പൊലീസിനാണ്. ഇതിനു മോട്ടർ വാഹന വകുപ്പിന്റെ സഹായം തേടാം.
സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണി ഒക്ടോബർ 20 നു മുൻപു പൂർത്തിയാക്കണം. സ്വകാര്യ വാഹനങ്ങളുടെ അടക്കം ഡ്രൈവർമാർക്ക് 10 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അദ്ധ്യാപകനെ സ്കൂൾ സേഫ്റ്റി ഓഫിസറായി നിയോഗിക്കും. ഇക്കാര്യങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്നു ഹൗസ് ഓഫിസർമാർ സ്കൂളിലെത്തി പരിശോധിക്കണം.
അതിനിടെ കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്കു കേന്ദ്ര സർക്കാർ നിർദേശിച്ചതനുസരിച്ചുള്ള നഷ്ടപരിഹാരം ഉടൻ നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.കോവിഡ് മരണം സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ അഡിഷനൽ ജില്ലാ മജിസ്ട്രേട്ടിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ജില്ലാ തലത്തിൽ നിയോഗിക്കും. ഇതിനുള്ള മാർഗനിർദ്ദേശം ഒരാഴ്ചയ്ക്കകം രൂപീകരിക്കും. പരിശീലനം ഈയാഴ്ച തന്നെ തുടങ്ങും. ഒക്ടോബർ ആദ്യവാരം തന്നെ ഈ സംവിധാനം നടപ്പാക്കാനാണു ധാരണ. മരണ നിരക്ക് പുനപരിശോധിക്കുന്നത് കോവിഡ് മരണങ്ങൾക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള നിർദ്ദേശം വന്ന സാഹചര്യത്തിലാണ്.
മരണക്കണക്കിൽ പ്രതിപക്ഷം ആരോപിക്കും പോലുള്ള പിശക് സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. കോവിഡ് മരണത്തിന് നേരത്തെ നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളിൽ പിന്നീടു മാറ്റം വന്നിട്ടുണ്ട്. നെഗറ്റീവ് ആയ ശേഷമുള്ള മരണമടക്കം മറ്റു ചില മാനദണ്ഡങ്ങൾ കൂടി വന്നതോടെ മരണക്കണക്കിൽ വ്യത്യാസം വന്നിട്ടുണ്ട്. അങ്ങനെ പരിഷ്കരിച്ച പട്ടികയിൽ ഉള്ളവരുടെയെല്ലാം ആശ്രിതർക്കു സഹായം നൽകും. ഇതിനായുള്ള നടപടികളും ഓൺലൈനായി തന്നെ ചെയ്യും-മുഖ്യമന്ത്രി വിശദീകരിക്കുന്നു.
കോവിഡ് മരണങ്ങളിൽ 57.6 ശതമാനവും വാക്സീൻ എടുക്കാത്തവർക്കാണു സംഭവിച്ചത്. മരിച്ചവരിൽ 26.3% പേർ ആദ്യ ഡോസ് വാക്സീൻ എടുത്തവരും 7.9% പേർ 2 ഡോസും എടുത്തവരുമാണ്.
മറുനാടന് മലയാളി ബ്യൂറോ