നടിയെ ആക്രമിച്ച കേസിൽ പൊലീസ് കസ്റ്റഡിയിലായ നടൻ ദിലീപിനൊപ്പം പൊലീസുകാർ സെൽഫി എടുക്കുന്നതരത്തിലുള്ള ചിത്രം സോഷ്യൽ മീഡിയിയയിൽ വ്യാപകമാകുന്നു. സ്റ്റേഷനിൽ നടനൊപ്പം സെൽഫിയെടുക്കാൻ പൊലീസുകാർ മത്സരിക്കുകയാണെന്ന തരത്തിലാണ് ഈ ചിത്രം പ്രചരിക്കുന്നത്. എന്നാൽ ചിത്രത്തിന് പിന്നിലെ സത്യമെന്തെന്ന് സെൽഫി എടുത്തി പൊലീസുകാരൻ തന്നെ വിശദീകരിക്കുന്നു.

ഇരിങ്ങാലക്കുട സ്റ്റേഷനിലെ അരുൺ സൈമൺ എന്ന പൊലീസുകാരനാണ് താൻ ഉൾപ്പെട്ട ചിത്രം തെറ്റായി പ്രചരിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജോർജേട്ടൻസ് പൂരം എന്ന സിനിമയുടെ ഷൂട്ടിംഗിന് ദിലീപ് ഇരിങ്ങാലക്കുടയിൽ എത്തിയപ്പോഴാണ് അരുണും സുഹൃത്തും താരത്തിനൊപ്പം സംൽഫിയെടുത്തത്. അന്ന് ദിലീപ് നീല ഷർട്ടാണ് ധരിച്ചിരുന്നത്.

ഇതേ നീലഷർട്ട് ഇതേ നീല ഷർട്ട് ധരിച്ചാണ് ദിലീപിനെ പൊലീസ് ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്യാൻ കൊണ്ടുപോയത്. ഇതോടെയാണ് ഫോട്ടോ ഒരു പുലിവാലായത്. കസ്റ്റഡിലായ ദിലീപിനൊപ്പം പൊലീസുകാരെടുത്ത ഫോട്ടോ എന്നു പറഞ്ഞാണ് ഇത് വൻ തോതിൽ പ്രചരിപ്പിക്കപ്പെട്ടത്. ദിലീപിന് കസ്റ്റഡിയിൽ ലഭിക്കുന്ന വി.ഐ.പി. പരിഗണനയായും കേസിൽ നിന്ന് ദിലീപ് എളുപ്പത്തിൽ രക്ഷപ്പെടും എന്നതിന്റെ സൂചനയായും വ്യാഖ്യാനിച്ചാണ് ഈ ഫോട്ടോ പ്രചരിപ്പിക്കപ്പെട്ടത്.

'കൂട്ടുകാരെ, ഞാൻ അരുൺ സൈമൺ, ഇരിങ്ങാലക്കുട സ്റ്റേഷനിലെ സി.പി.ഒ ആണ്. 'കസ്റ്റഡിയിലെ സെൽഫി ' എന്നും പറഞ്ഞ് പ്രചരിക്കുന്ന എന്റെ ദിലീപുമൊത്തുള്ള ഫോട്ടോ വ്യാജമാണ്. അത് ജോർജേട്ടൻസ് പൂരം എന്ന സിനിമ ഷൂട്ടിങ്ങിനായി ദിലീപ് ഇരിങ്ങാലക്കുട വന്നപ്പോൾ എടുത്തതാണ്.'