- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര വകുപ്പിന്റെ മറ്റൊരു പരീക്ഷണവും വിജയം കാണാതെ പാളി; കൊട്ടിദ്ഘോഷിച്ചു നടപ്പിലാക്കിയ സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം അടിമുടി പാളി; സ്റ്റേഷൻ ഭരണം തിരികെ എസ്ഐമാരിലേക്ക് നൽകാൻ തീരുമാനം; 540 സ്റ്റേഷനുകളിൽ 104 എണ്ണത്തിന്റെ ചുമതല ഇൻസ്പെക്ടർമാരിൽ നിന്നും തിരിച്ചെടുത്ത് ഡയറക്ട് എസ്ഐമാർക്ക് നൽകും
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഇൻസ്പെക്ടർമാർക്കു നൽകുന്ന സ്റ്റേഷൻ ഹൗസ് ഓഫീസർ സംവിധാനം നടപ്പിലാക്കിയത്. ഏറെ കൊട്ടിദ്ഘോഷിച്ചു നടപ്പിലാക്കിയ ഈ മാറ്റം സംസ്ഥാനത്തെ നല്ലരീതിയിൽ പ്രവർത്തിച്ചിരുന്ന പൊലീസിങ് സംവിധാനത്തെ ബാധിച്ചു തുടങ്ങിയെന്ന് ആഭ്യന്തര വകുപ്പിന് ഇപ്പോൾ ബോധ്യമായി. ഇതോടെ എസ്എച്ച്ഒ സംവിധാനം ഭാഗികമായി പിൻവലിക്കാനാണ് ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വാർത്ത. മംഗളം ദിനപത്രത്തിൽ എസ് നാരായണനാണ് പൊലീസ് സംവിധാനം വീണ്ടും പൊളിച്ചെഴുതുന്നു എന്ന വാർത്ത റിപ്പോർട്ടു ചെയ്തത്.
നേരിട്ട് സബ് ഇൻസ്പെക്ടർ നിയമനം ലഭിച്ച ചെറുപ്പക്കാരെപ്പോലെ ഇൻസ്പെക്ടർ എസ്.എച്ച്.ഒമാർ ക്രമസമാധാന പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നില്ലെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നീക്കമെന്നാണ് മംഗളം റിപ്പോർട്ട്. കുറ്റകൃത്യങ്ങളുടെ എണ്ണം താരതമ്യേന കുറവുള്ള സ്റ്റേഷനുകൾ ഡയറക്ട് എസ്ഐമാരെ തിരിച്ചേൽപ്പിക്കണമെന്ന പൊലീസ് ഉന്നതതലത്തിലെ ശിപാർശ ഉടൻ സർക്കാരിനു കൈമാറും.
അതേസമയം എസ്എച്ച്ഒ സംവിധാനം പൂർണമായും ഒഴിവാക്കാൻ ആലോചനയില്ല. ആകെയുള്ള 540 സ്റ്റേഷനുകളിൽ 104 എണ്ണത്തിന്റെ ചുമതല ഇൻസ്പെക്ടർമാരിൽനിന്നു തിരിച്ചെടുത്ത് ഡയറക്ട് എസ്ഐമാർക്കു കൈമാറാനാണു നിർദ്ദേശം നൽകിയിരിക്കുന്നത്. ഇൻസ്പെക്ടർമാർക്കു ചുമതല നൽകിയ എസ്.എച്ച്.ഒ. സംവിധാനം ഫലപ്രദമല്ലെന്ന് ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ വർഷം ഡി.ജി.പിക്കു റിപ്പോർട്ട് നൽകിയിരുന്നു.
അന്നു പൊലീസ് ആസ്ഥാനത്തെ ഉന്നതർ അവഗണിച്ച റിപ്പോർട്ടാണു പൊലീസിന്റെ പ്രതിച്ഛായ ദിനംപ്രതി മങ്ങുന്ന സാഹചര്യത്തിൽ പൊടിതട്ടിയെടുത്തത്. പൊലീസിന്റെ വീഴ്ചകൾ അടുത്തിടെയായി ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങൾ ചില്ലറയല്ല. കഴിഞ്ഞ ഒരു വർഷത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി പൊലീസ് സ്റ്റേഷനുകളെ മൂന്നായി തിരിച്ചിരുന്നു. ആയിരത്തിൽത്താഴെ കുറ്റകൃത്യങ്ങളുമായി 'സി' ഗ്രേഡിൽ വന്ന സ്റ്റേഷനുകളുടെ ചുമതലയാണു ചെറുപ്പക്കാരായ എസ്ഐമാർക്കു നൽകാൻ ഉദ്ദേശിക്കുന്നത്.
ആയിരം മുതൽ രണ്ടായിരം വരെ കേസുകൾ രജിസ്റ്റർ ചെയ്യുന്ന സ്റ്റേഷനുകൾ 'ബി' ഗ്രേഡിലും അതിലധികമുള്ളവ 'എ' ഗ്രേഡിലുമാണ്. ഇവിടെ ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒമാരായി തുടരും. 'സി' ഗ്രേഡ് സ്റ്റേഷനുകളുടെ ചുമതലയിൽനിന്നു മാറ്റുന്ന ഇൻസ്പെക്ടർമാരെ സ്പെഷ്യൽ ബ്രാഞ്ചിലേക്കും തീരദേശ പൊലീസിലേക്കും നിയോഗിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിച്ച ചില ഇൻസ്പെക്ടർമാർ സ്റ്റേഷനുകളിൽ ഇരിക്കാറില്ലെന്നും നേരത്തേ ഇൻസ്പെക്ടർമാരായി ജോലി ചെയ്തിരുന്ന ഓഫീസിലാണു പ്രവർത്തിക്കുന്നതെന്നും ഇന്റലിജൻസ് കണ്ടെത്തിയിട്ടുണ്ട്.
അടുത്തകാലത്തായി പൊലീസ് വരുത്തിയ വീഴ്ച്ചകളുടെ പേരിൽ ആഭ്യന്തര വകുപ്പ് പല കാര്യങ്ങളിലും വിമർശനം കേൾക്കേണ്ടി വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടി പുതിയ നിർദ്ദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചേക്കാനാണ് സാധ്യതകൾ.
മറുനാടന് മലയാളി ബ്യൂറോ