മലപ്പുറം: തിരൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട മൂന്ന് വാഹനങ്ങൾ ഒരാഴ്ചക്കിടെ കത്തിനശിച്ചു. സ്പെഷൽബ്രാഞ്ച് എ എസ്ഐയുടെ ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളാണ് വിവിധ ദിവസങ്ങളിലായി കത്തി നശിച്ചത്. സംഭവത്തിനു പിന്നിൽ ആരാണെന്നോ എന്താണെന്നോ അറിയാതെ പൊലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. ഈയിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് സംഭവങ്ങൾക്ക് ബന്ധമുണ്ടെന്ന പ്രചാരണം ശക്തമാണെങ്കിലും പൊലീസീ സ്ഥിരീകരിച്ചിട്ടില്ല.

പറവണ്ണയിലും പരിസര പ്രദേശങ്ങളിലുമാണ് മൂന്ന് ദിവസങ്ങളിൽ ഓരോ വാഹനങ്ങൾ അഗ്‌നിക്കിരയായയത്. കിലോമീറ്റർ ചുറ്റളവിൽ വീട്ടുമുറ്റത്ത് നിർത്തിയിടുന്ന വാഹനങ്ങൾ ഓരോദിവസവും കത്തിനശിക്കുന്നത് ജനങ്ങളിലും ഭീതി പടർത്തിയിട്ടുണ്ട്. പച്ചാട്ടിരി കല്ലിങ്ങലത്ത് ഷാജി മോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട KL 55 4041 സ്വിഫ്റ്റ് കാർ ഇന്ന് പുലർച്ചെ കത്തി നശിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇന്ന് പുലർച്ചെ 2.30ന് തീ പടരുന്നത് കണ്ട വീട്ടുകാർ ഫയർഫോഴ്സ്, പൊലീസ് എന്നിവരെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥന്റെ നിർത്തിയിട്ട ബൈക്ക് കത്തിനശിച്ചതിനു പിന്നാലെ ഇന്നും വാഹനം കത്തിയത് പൊലീസിനെയും അങ്കലാപ്പിലാക്കിയിട്ടുണ്ട്.

പറവണ്ണ മുറിവഴിക്കലിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട തിരൂർ പൊലീസ്സ് സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് എ എസ് ഐ അബ്ദുൽ ഷുക്കൂറിന്റെ ബൈക്കാണ് ഇന്നലെ കത്തി നശിച്ചത്. ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു ഈ സംഭവം. സമീപത്ത് താമസിക്കുന്ന സഹോദരന്റെ വീട്ടുകാർ വെളിച്ചം കണ്ട് പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. തുടർന്ന് തീയണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ബൈക്ക് പൂർണ്ണമായും കത്തിയമരുകയായിരുന്നു. ഇരുമ്പ് ഭാഗങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വീട്ടിൽ ആരും ഇല്ലാത്ത സമയമായിരുന്നു സംഭവം.

നാല് ദിവസം മുമ്പ് പറവണ്ണയിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തി നശിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ സംഭവം നടന്നത്. ഒക്ടോബർ 16ന് കുത്തേറ്റ് കൊല്ലപ്പെട്ട പറവണ്ണ യാസീൻ വധകേസിലെ പ്രതിയായ പള്ളാത്ത് നൗഷാദിന്റേതെന്ന് പറയപ്പെടുന്ന ഓട്ടോറിക്ഷയാണ് തീയിട്ട് നശിപ്പിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ഈ സംഭവത്തോടെയാണ് വാഹനങ്ങൾ തുടർച്ചയായി കത്തിയമരാൻ തുടങ്ങിയത്. യാസീൻ വധക്കേസിലെ ഒളിവിൽ പോയ പ്രതിയെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് നടക്കാനിരിക്കുകയാണ്.

പൊലീസ് ഉദ്യോഗസ്ഥന്റെ ബൈക്ക് കത്തി നശിച്ച സംഭവം അടക്കം പൊലീസിനോടുള്ള ഈ പ്രതിഷേധമാകാമെന്നാണ് കണക്കാക്കുന്നത്. എന്നാൽ മൂന്ന് സംഭവത്തിലും പൊലീസിന് ഇതുവരെ യാതൊരു വിവരവും ലിച്ചിട്ടില്ല. തിരൂർ ഡിവൈഎസ്‌പി ബിജുഭാസ്‌കർ, തിരൂർ സിഐ പി അബ്ദുൽ ബഷീർ, എസ്‌ഐ സുമേഷ് സുധാകർ, താനൂർ സിഐ എം.ഐ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു.