- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്ഞാത ഫോൺ കോൾ വന്നതോടെ പൊലീസ് അലർട്ടായി; മൃതദേഹം സംസ്‌കാരത്തിനായി ചിതയിലേക്ക് എടുക്കും മുമ്പ് തടയൽ; എതിർപ്പുമായി ബന്ധുക്കൾ; മൂന്നാർ വട്ടവടയിൽ സുബ്രഹ്മണ്യത്തിന്റെ ദുരൂഹമരണം സൃഷ്ടിച്ചത് നാടകീയ രംഗങ്ങൾ
മൂന്നാർ: സംസ്‌കാരത്തിനായി ചിതയിലേക്കെടുത്ത മൃതദേഹം പൊലീസ് എത്തി ഏറ്റെടുത്ത് മോർച്ചറിയിലേയ്ക്ക് മാറ്റി. ദേവികുളം സ്റ്റേഷൻ പരിധിയിലെ ഇടനിട്ടുകരയിലാണ് സംഭവം. ഇവിടുത്തുകാരനായ സുബ്രഹ്മണ്യന്റെ ജഡമാണ് ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടുമുമ്പ് പൊലീസ് എത്തി, ഏറ്റെടുത്ത് അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയത്. വട്ടവട കുന്നുവൻ മന്നാടിയാൻ വിഭാഗത്തിലെ അംഗമാണ് സുബ്രഹ്മണ്യൻ.
നാളെ രാവിലെ മേൽ നടപടികൾ ആരംഭിക്കുമെന്നും തുടർന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നും ദേവികുളം പൊലീസ് അറിയിച്ചു. സഹോദരന്റെ കുടംബത്തോടൊപ്പമാണ് സുബ്രഹ്മണ്യൻ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ 10 വർഷം മുമ്പ് ക്യാൻസർ ബാധിച്ച് മരണമടഞ്ഞിരുന്നു. മക്കളോ മറ്റ് അടുത്ത ബന്ധുക്കളോ ഇല്ലായിരുന്നു.
ഇന്ന രാവിലെ കിടപ്പുമുറിയിൽ മരിച്ചകിടക്കുന്ന നിലയിലാണ് സുബ്രഹ്മണ്യന്റെ ജഡം വീട്ടുകാർ കാണുന്നത്. മദ്യത്തിനും കഞ്ചാവിനും അടിമയായ സുബ്രഹ്മണ്യൻ ശാരീരിക അസ്വസ്ഥതയെ തുടർന്ന് മരണപ്പെട്ടതാണെന്നാണ്് ബന്ധുക്കൾ പറയുന്നത്.അതുകൊണ്ട് ഇവർ വിവരം പൊലീസിന് കൈമാറിയിരുന്നില്ല. താമസിയാതെ സംസ്‌കാരചടങ്ങുകൾ വീട്ടിൽ നടത്തുകയും ജഡം സംസ്‌കാരത്തിനായി ശ്മശാനത്തിലേയ്ക്ക് കൊണ്ടുവരികയുമായിരുന്നു.
ഇതിനിടയിലാണ് പൊലീസ് ഏത്തി സംസ്‌കാരം നടത്തരുതെന്നും മരണം സംംബന്ധിച്ച് പരാതി ഉണ്ടായിട്ടുണ്ടെന്നും ജഡം പോസ്റ്റുമോർട്ടത്തിനായി വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടത്. ഇത് സംസ്‌കാരത്തിനെത്തിയ സുബ്രഹ്മണ്യന്റെ ബന്ധുക്കളും തമ്മിൽ വാദപ്രതിവാദത്തിന് കാരണമായി.
മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടിൽ ബന്ധുക്കൾ ഉറച്ചുനിന്നതോടെ മേഖലയിലെ ജനപ്രതിനിധികളും സമുദായനേതാക്കളും പ്രശ്നത്തിൽ ഇടപെട്ടു. ഇവർ ബന്ധുക്കളുമായി നടത്തിയ ചർച്ചയിലാണ് മൃതദേഹം പൊലീസിന് വീട്ടുനൽകാൻ ബന്ധുക്കൾ തയ്യാറായത്.
സുബ്രഹ്മണ്യന് രണ്ടേക്കറോളം കൃഷിഭൂമിയുണ്ടെന്നും ഇത് തട്ടിയെടുക്കുന്നതിനായി ആരെങ്കിലും ഇയാളെ അപായപ്പെടുത്തിയിരിക്കാൻ സാധ്യതയുണ്ടെന്നും വെളിപ്പെടുത്തി പൊലീസിൽ അജ്ഞാത ഫോൺസന്ദേശം എത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശപ്രകാരമാണ് പൊലീസ് സംഘം ശ്മശാനത്തിലെത്തി മൃതദേഹം കസ്റ്റഡിയിലെടുത്തത്.സാമുദായിക നേതാക്കളുടെയും പൊതുപ്രവർത്തകരുടെയും സന്ദർഭോചിതമായ ഇടപെടപെടൽ മൂലം വലിയൊരുസംഘർഷം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പൊലീസ്.
മറുനാടന് മലയാളി ലേഖകന്.